രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശിയെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മദന്‍ ലാല്‍. സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, അഭിഷേക് ശര്‍മ തുടങ്ങിയ താരങ്ങളെ പോലെ മികച്ച കഴിവുള്ളവനാണ് വൈഭവെന്നാണ് മദന്‍ ലാല്‍ പറയുന്നത്. വൈഭവിനെ പോലെ ബാറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കില്ലെന്നും ടീമില്‍ സ്ഥിരമായി താരത്തെ പുറത്തിരുത്തരുതെന്നും അദ്ദേഹം വ്യക്തമാക്കി. പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മദന്‍ ലാല്‍.
‘അഭിഷേക്, സഞ്ജു, ഇഷാന്‍ എന്നിവരെ പോലെ കഴിവുള്ള താരമാണ് സൂര്യവംശി. എന്നാല്‍ അവര്‍ ഇതിനകം തന്നെ കഴിവ് തെളിയിച്ചവരാണ്. സൂര്യവംശിയും ഈ നിലയിലെത്താന്‍ ഇനിയും സ്വയം തെളിയിക്കണം. അവനെ പോലെ ബാറ്റ് ചെയ്യാന്‍ എല്ലാവര്‍ക്കും സാധിക്കില്ല.
അവന്‍ ലോകത്തിന് മുന്നില്‍ കാഴ്ചവെച്ച പ്രകടനം അത്ഭുതകരമായിരുന്നു. എല്ലാ പരിശീലകരും വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ആഗ്രഹിക്കും. എന്നാല്‍ ടീമിന്റെ സന്തുലിതാവസ്ഥയും പരിഗണിക്കണം. അവനെ സ്ഥിരമായി പുറത്തിരുത്തരുത് അത് ആത്മവിശ്വാസത്തെ ബാധിക്കും. അവനെ അമിതമായി സംരക്ഷിക്കേണ്ട സാഹചര്യമില്ല,’ മദന്‍ ലാല്‍ പറഞ്ഞു.
2026 ഐ.പി.എല്ലില്‍ രാജസ്ഥാന് വേണ്ടി മിന്നും പ്രകടനമായിരുന്നു വൈഭവ് നടത്തിയത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്നും 776 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. നാല് അര്‍ധ സെഞ്ച്വറിയും ഒരു സെഞ്ച്വറിയുമാണ് വൈഭവ് നേടിയത്.
48.50 എന്ന മികച്ച ആവറേജിലും 237.3 എന്ന അവിശ്വസനീയ സ്ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 2025ല്‍ രാജസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 23 മത്സരത്തില്‍ നിന്ന് 1028 റണ്‍സാണ് സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളും താരത്തിനുണ്ട്.
ഈ സീസണില്‍ പല ചരിത്രങ്ങളും തിരുത്തിയെഴുതിയ വൈഭവ് തന്നെയാണ് ഓറഞ്ച് ക്യാപ്പും കൈപ്പിടിയിലാക്കിയത്. ഇതിന് പുറമെ മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍, സൂപ്പര്‍ സ്ട്രൈക്കര്‍ (237.3), മോസ്റ്റ് സിക്സ് (72), എമര്‍ജിങ് പ്ലെയര്‍ തുടങ്ങിയ അവാര്‍ഡുകളും താരം സ്വന്തം പേരിലാക്കിയിരുന്നു.