ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ജേതാവുമായ മദന്‍ ലാല്‍. അഭിഷേക് ശര്‍മയ്ക്കൊപ്പം ടീം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണര്‍മാരെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ജേതാവുമായ മദന്‍ ലാല്‍. അഭിഷേക് ശര്‍മയ്ക്കൊപ്പം ടീം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇന്ത്യയുടെ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
ഈ ഫോര്‍മാറ്റില്‍ ഇരുവരും മികച്ച പ്രകടനമാണ് നടത്തുന്നതെന്നും ഓപ്പണര്‍മാരാണ് കളിയുടെ ഗതി നിര്‍ണയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു മദന്‍ ലാല്‍.

‘അഭിഷേക് ശര്‍മയുടെ സ്‌ട്രൈക്ക് റേറ്റ് 225ന് മുകളിലാണ്. ശുഭ്മന്‍ ഗില്ലിന്റേത് 150ല്‍ കൂടുതലുമാണ്. ടി -20യില്‍ ഓപ്പണിങ് കൂട്ടുകെട്ട് വളരെ പ്രധാനമാണ്. ആദ്യ ആറ് ഓവറിലെ പ്രകടനം വെച്ച് ഇവരാണ് കളിയുടെ ഗതി നിര്‍ണയിക്കുന്നത്. അതിന് ശേഷം ശരാശരി ഏഴോ എട്ടോ ഒമ്പതോ ആക്കി നിലനിര്‍ത്തേണ്ടതുണ്ട്.
ഒരു 14 അല്ലെങ്കില്‍ 16 ഓവര്‍ വരെയെങ്കിലും പിടിച്ച് നില്‍ക്കണം. അവസാന നാല് ഓവറില്‍ ഇന്ത്യയ്ക്ക് ഹര്‍ദിക് പാണ്ഡ്യയെയും അക്സര്‍ പട്ടേലിനെയും പോലുള്ള ബിഗ് ഹിറ്റര്‍മാരുണ്ട്,’ മദന്‍ ലാല്‍ പറഞ്ഞു.
അഭിഷേക് ശര്‍മയ്ക്കൊപ്പം സഞ്ജു സാംസണായിരുന്നു ഇന്ത്യയുടെ അവസാന ടി – 20 മത്സരങ്ങളില്‍ ഓപ്പണ്‍ ചെയ്തിരുന്നത്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പില്‍ ഈ ജോഡി തന്നെ ഓപ്പണ്‍ ചെയ്യുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തിയതോടെ താരത്തിന്റെ ടീമിലെ സ്ഥാനം അനിശ്ചിതത്തിലാണ്.

സഞ്ജു ഓപ്പണറായത് ഗില്ലും യശസ്വി ജെയ്‌സ്വാളും ഇല്ലാത്തത്തത് കൊണ്ടാണെന്ന് സ്‌ക്വാഡിനെ പ്രഖ്യാപിക്കാന്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തില്‍ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പില്‍ താരം ടീമില്‍ എത്തുകയാണെങ്കില്‍ ഓപ്പണറുടെ റോളില്‍ ആവില്ല കളിക്കുക എന്നത് ഏറെ കുറെ ഉറപ്പാണ്.
അതേസമയം, ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പത് മുതലാണ് തുടക്കമാവുക. എട്ട് ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ ഗ്രൂപ്പ് എ-യിലാണ്. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. യു.എ.ഇയും ഒമാനുമാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകള്‍.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. ദുബൈയില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയുമാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങള്‍.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
Content Highlight: Madan Lal picks Abhishek Sharma and Shubhman Gill as openers of Indian Cricket Team in Asia Cup, not Sanju Samson