ടെലിവിഷന്‍ രംഗത്ത് നിന്ന് സിനിമയിലേക്ക് വന്ന താരമാണ് മാലാ പാര്‍വതി. ചാനല്‍ അവതാരകയായി കരിയര്‍ ആരംഭിച്ച മാലാ പാര്‍വതി ഏഷ്യാനെറ്റ്, കൈരളി, ദൂരദര്‍ശന്‍ തുടങ്ങിയ ചാനലുകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 1987ല്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ലാല്‍ ജോസ് സംവിധാനം ചെയ്ത നീലത്താമരയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് മാലാ പാര്‍വതി മോളിവുഡില്‍ തന്റേതായ സ്ഥാനം സ്വന്തമാക്കി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും താരം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ രംഗത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മാലാ പാര്‍വതി. മമ്മൂട്ടിയെയും മോഹന്‍ലാലിനെയും അഭിമുഖം ചെയ്യുന്നത് വ്യത്യസ്ത അനുഭവമാണെന്ന് താരം പറഞ്ഞു.
മാലാ പാര്‍വതി Photo: Screen grab/ Movie world Media
ദൂരദര്‍ശനില്‍ ജോലി ചെയ്തിരുന്ന സമയത്ത് ഒരു ഓണത്തിനായിരുന്നു മോഹന്‍ലാലിനെ അഭിമുഖം ചെയ്യാന്‍ അവസരം ലഭിച്ചതെന്ന് മാലാ പാര്‍വതി പറഞ്ഞു. ഷൂട്ടിനിടയില്‍ വെറും പത്ത് മിനിറ്റ് മാത്രമാണ് അഭിമുഖത്തിന് നല്‍കിയതെന്ന് താരം കൂട്ടിച്ചേര്‍ത്തു. നൂറോളം പേജുകള്‍ പഠിച്ചതിന് ശേഷമാണ് താന്‍ ആ അഭിമുഖത്തിന് പോയതെന്നും മാലാ പാര്‍വതി പറയുന്നു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു താരം.
‘രാവിലെ ആ സെറ്റിലെത്തിയപ്പോള്‍ ഷൂട്ടിന്റെ ബ്രേക്കിലാണ് ലാലേട്ടന്‍ ഇന്റര്‍വ്യൂ തന്നത്. അദ്ദേഹം ഒരുപാട് സംസാരിക്കുന്നയാളാണ്. പക്ഷേ, അതിനുള്ള വിഷയം നമ്മള്‍ ഇട്ടുകൊടുക്കണം. അങ്ങനെ ആ ഇന്റര്‍വ്യൂ തുടങ്ങി. ഒരുപാട് വായിക്കുന്നയാളാണല്ലേ എന്ന് ചോദിച്ചപ്പോള്‍ ‘അത് എങ്ങനെ അറിയാം’ എന്ന് തിരിച്ച് ചോദിച്ചു. പിന്നീട് അദ്ദേഹം ഇപ്പോള്‍ വായിച്ചുകൊണ്ടിരികുന്ന പുസ്തകത്തെപ്പറ്റി സംസാരിച്ചു.
പിന്നീട് ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുമായുള്ള ബന്ധത്തെപ്പറ്റിയും, ഇരുവര്‍ സിനിമയിലെ പ്രധാന ഷോട്ടുകളെക്കുറിച്ചുമെല്ലാം സംസാരിച്ച് ആ ഇന്റര്‍വ്യൂ രണ്ട് മണിക്കൂറായി. രണ്ട് ദിവസങ്ങളിലായാണ് അത് ടെലികാസ്റ്റ് ചെയ്തത്. സംസാരിക്കാനുള്ള വിഷയം ഇട്ടാല്‍ അദ്ദേഹം എത്രവേണമെങ്കിലും സംസാരിക്കും.
മമ്മൂക്ക കുറച്ച് വ്യത്യസ്തനാണ്. അദ്ദേഹം ഓരോ അഭിമുഖത്തിലും ഫണ്‍ ആകും. പിന്നെ കൈരളി ടി.വിയില്‍ വര്‍ക്ക് ചെയ്യുന്ന സമയം മുതല്‍ മമ്മൂക്കയെ അറിയാം. പരിപാടി നടക്കുമ്പോള്‍ ഫ്‌ളോറില്‍ ഞങ്ങളുടെ കൂടെ വന്ന് ഇരിക്കും,’ മാലാ പാര്‍വതി പറയുന്നു.
എല്ലാം കൃത്യമായി നിരീക്ഷിക്കുന്നയാളാണ് മമ്മൂട്ടിയെന്നും നീലത്താമര കണ്ടിട്ട് നന്നായിട്ടുണ്ട് എന്ന് പറഞ്ഞെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുമായും നല്ല ബന്ധമാണെന്നും അവരെ അഭിമുഖം ചെയ്തത് നല്ല ഓര്‍മകളാണെന്നും താരം പറഞ്ഞു.
Content Highlight: Maala Parvathy about interviewing Mammootty and Mohanlal