താലിബാനും ഐ.എസും അമേരിക്ക പണം മുടക്കിയുണ്ടാക്കിയത്, പി.എഫ്.ഐക്കാരുടെ ആക്രമണത്തിന്റെ ഏക ഗുണഭോക്താവ് ആര്‍.എസ്.എസ്: എം.എ. ബേബി
Kerala News
താലിബാനും ഐ.എസും അമേരിക്ക പണം മുടക്കിയുണ്ടാക്കിയത്, പി.എഫ്.ഐക്കാരുടെ ആക്രമണത്തിന്റെ ഏക ഗുണഭോക്താവ് ആര്‍.എസ്.എസ്: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th September 2022, 2:15 pm

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ടിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. പോപ്പുലര്‍ ഫ്രണ്ട് മുസ്‌ലിം താത്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐ.എസ് മുസ്‌ലിങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണെന്നും അദ്ദേഹം പറഞ്ഞു. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി പോപ്പുലര്‍ ഫ്രണ്ട് അവരുടെ തനിനിറം കാണിച്ചിരുന്നുവെന്നും സംഭവം ആസൂത്രിത തീവ്രവാദ പ്രവര്‍ത്തനം ആയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആര്‍.എസ്.എസ് എന്ന അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക്, അതേ രീതിയില്‍ ഒരു മുസ്‌ലിം അക്രമി സംഘം ഉണ്ടാക്കി മറുപടി കൊടുക്കാന്‍ കഴിയും എന്നു കരുതുന്ന മതതീവ്രവാദികളാണ് പി.എഫ്.ഐ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. 15 സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ നടത്തിയ പോപ്പുലര്‍ ഫ്രണ്ടിനെതിരായ റെയ്ഡില്‍ പി.എഫ്.ഐ നേതാക്കള്‍ അറസ്റ്റിലായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പി.എഫ്.ഐ പ്രവര്‍ത്തകര്‍ കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപകമായി പ്രതിഷേധക്കാര്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെയും സംഘം ആക്രമണം നടത്തിയിരുന്നു.

അതേസമയം ഹൈക്കോടതി സ്വമേധയാ ഹര്‍ത്താല്‍ നടത്തിയവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവര്‍ഗീയരാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന ഒരാളാണ് ഞാന്‍. ആര്‍.എസ്.എസ് എന്ന അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക്, അതേ രീതിയില്‍ ഒരു മുസ്‌ലിം അക്രമി സംഘം ഉണ്ടാക്കി മറുപടി കൊടുക്കാന്‍ കഴിയും എന്നു കരുതുന്ന മതതീവ്രവാദികള്‍. അവര്‍ക്ക് എന്നെയും രാഷ്ട്രീയമായും വ്യക്തിപരമായും ഇഷ്ടമല്ല. 2006 – 2011ലെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലഘട്ടത്തില്‍ ആണ് തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റി അവരുടെ തനിനിറം കാണിച്ചത്. കേരളത്തെ മരവിപ്പിച്ച ആസൂത്രിത തീവ്രവാദ പ്രവര്‍ത്തനം ആയിരുന്നു അത്. അദ്ദേഹത്തിന്റെ കൈ വെട്ടി മാറ്റി കേരളസമൂഹത്തെ പി.എഫ്.ഐ വെല്ലുവിളിച്ചു.

മതം മാറാന്‍ ആഗ്രഹിച്ച ഹാദിയ എന്ന പെണ്‍കുട്ടിയുടെ പ്രശ്‌നത്തെയും ഏറ്റെടുത്ത് രാഷ്ട്രീയവിവാദമാക്കി വളര്‍ത്തി വലുതാക്കി കേരളത്തില്‍ മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ച സംഘടനയാണിത്. രാഷ്ട്രീയ എതിരാളികളെ കൊന്നൊടുക്കണം എന്ന് വിശ്വസിക്കുന്ന ഈ സംഘടന ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സി.പി.ഐ.എം പ്രവര്‍ത്തകരെ ആണ്. പി.എഫ്.ഐയുടെ കൊലക്കത്തിക്ക് ഏറ്റവും ഇരയായിട്ടുള്ളതും സി.പി.ഐ.എം പ്രവര്‍ത്തകരാണ്.

കൗമാര സഖാവായ മഹാരാജാസിലെ അഭിമന്യു വരെ. ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ പൗരത്വാവകാശം പ്രശ്‌നത്തിലാക്കാന്‍ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിച്ചപ്പോള്‍ അതിനെതിരായ പ്രതിഷേധത്തില്‍ പി.എഫ്.ഐയെ പങ്കെടുപ്പിക്കരുത് എന്ന് നിര്‍ബന്ധിച്ചത് സി.പി.ഐ.എം ആണ്. മുസ്‌ലിം ലീഗ് അടക്കമുള്ള കേരളത്തിലെ മുസ്‌ലിം സംഘടനകള്‍ അവരോട് രഹസ്യമായും പരസ്യമായും ചങ്ങാത്തം കൂടി. ദല്‍ഹിയില്‍ സമാധാനപരമായി നടന്ന സി.എ.എ വിരുദ്ധ സമരത്തിന്റെ മറവില്‍ ആര്‍.എസ്.എസും പി.എഫ്.ഐയും ചേര്‍ന്നാണ് ഒളിഞ്ഞും തെളിഞ്ഞും ദല്‍ഹി കലാപം ഉണ്ടാക്കിയത്.

അവിടെയും മതന്യൂനപക്ഷങ്ങളുടെ ആശ്വാസത്തിന് എത്തിയത് സി.പി.ഐ.എം ആണ്.
പി.എഫ്.ഐ എന്ന ഈ അക്രമസംഘടന ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെയും ജനാധിപത്യവാദികളുടെയും താല്പര്യങ്ങള്‍ക്ക് പൂര്‍ണ്ണമായും എതിരാണ്. ഇവര്‍ മുസ്‌ലിം താത്പര്യം സംരക്ഷിക്കുന്നു എന്ന് പറയുന്നത് ഐ.എസ് മുസ്‌ലിങ്ങള്‍ക്കായി നിലകൊള്ളുന്നു എന്ന് പറയുന്ന പോലെയാണ്.

താലിബാനും ഐ.എസും ഒക്കെ ഓരോരോ ഘട്ടങ്ങളില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ അമേരിക്കന്‍ ഏജന്‍സികള്‍ തന്നെ പണം മുടക്കി കൗശലപൂര്‍വ്വം ഉണ്ടാക്കിയവയാണെന്നത് ഇന്ന് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതുപോലെ പി.എഫ്.ഐ സംഘടിപ്പിക്കുന്ന അക്രമങ്ങള്‍കൊണ്ട് ഇന്ത്യയില്‍ ആകെ ഉപയോഗമുള്ളത് ആര്‍.എസ്.എസിനാണ്.

പി.എഫ്.ഐ ഇന്ത്യയിലും കേരളത്തിലും നടത്തുന്ന അക്രമത്തെ എല്ലാ ജനാധിപത്യ വാദികളും അപലപിക്കണം, തള്ളിക്കളയണം. മതസൗഹാര്‍ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര്‍.എസ്.എസിനെപോലെ നാം വര്‍ജിക്കേണ്ടതാണ്
പി.എഫ്.ഐയും.

Content Highlight: MA Baby says popular front is same as IS