ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്: എം.എ. ബേബി
Kerala News
ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്: എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th October 2023, 6:52 pm

തിരുവനന്തപുരം: പാഠപുസ്തകത്തിൽ ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നാക്കാനുള്ള എൻ.സി.ഇ.ആർ.ടി ശുപാർശക്കെതിരെ സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗവും മുൻ വിദ്യാഭ്യാസമന്ത്രിയുമായ എം.എ. ബേബി.

ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്. ആധുനികരാഷ്ട്രത്തെ പൗരാണിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒന്നാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റമെന്ന് ഫേസ്ബുക്കിൽ പോസ്റ്റ്‌ ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു.

പുരാതന ചരിത്രത്തിലെ ജാതിവിവേചനം മറച്ചുവെച്ച് സുവർണകാലസ്തുതിഗീതം പാടുന്നത് രാജ്യതാല്പര്യത്തിന് ഉതകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.

മലബാർ കലാപത്തെ സ്വാതന്ത്ര്യസമരപാരമ്പര്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഐ.സി.എച്ച്.ആറിന് ഉപദേശം നല്കിയ ആളാണ് എൻ.സി.ഇ.ആർ.ടി സമിതി അധ്യക്ഷൻ സി.ഐ. ഐസക്കെന്നും ആർ.എസ്.എസിന് ഉപയോഗപ്പെടുന്ന ഉപദേശങ്ങൾ നല്കുകയാണ് കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ തൊഴിലെന്നും എം.എ. ബേബി കുറ്റപ്പെടുത്തി.

എം.എ. ബേബിയുടെ ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണ രൂപം:

പാഠപുസ്തകങ്ങളിൽ നമ്മുടെ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നത് മാറ്റി ഭാരതം എന്നു കൊടുക്കാൻ എൻ.സി.ഇ.ആർ.ടി നിയോഗിച്ച പാഠപുസ്തകപരിഷ്കരണസമിതി നിർദേശം വച്ചിരിക്കുന്നു.

ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള മോദി സർക്കാർ അധികാരത്തിൽ വന്നതുമുതൽ വിദ്യാഭ്യാസരംഗത്തെ അവരുടെ ആശയപ്രചരാണത്തിനുള്ള ഒരു ഉപകരണമാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

ആധുനികതയോടും ശാസ്ത്രബോധത്തോടും പുറം തിരിഞ്ഞു നില്ക്കുന്ന ആർ.എസ്.എസ് വീക്ഷണം, രാജ്യത്തെ യുവതലമുറയെ പിന്തിരിപ്പൻ ചിന്തയിലേക്ക് വലിച്ചുതാഴ്ത്തുന്നു, ആധുനികലോകത്തെ ജീവിതത്തിനു ശേഷി ഇല്ലാത്തവരാക്കുന്നു.

ഈ ശ്രമങ്ങളിലെ ഏറ്റവും പുതിയ കൃത്യമാണ് രാജ്യത്തിൻറെ പേര് ഭാരതം എന്നു മാറ്റാനും പുരാതനകാലചരിത്രത്തെ ക്ലാസിക്കൽ ചരിത്രം എന്നു വിളിക്കാനും ഒക്കെയുള്ള നിർദ്ദേശം.

ഇന്ത്യയുടെ ഭരണഘടനാ നിർമാണസഭ വിശദമായി ആലോചിച്ച് എടുത്ത തീരുമാനമാണ് “ഇന്ത്യ അതായത് ഭാരതം” എന്ന രാജ്യത്തിന്റെ പേര്. എന്തെങ്കിലും ചർച്ചയോ തീരുമാനമോ പോലുമില്ലാതെ അതിനെ ഭാരതം എന്നു മാത്രമാക്കി മാറ്റാനാണ് ആർ.എസ്.എസ് സർക്കാർ ശ്രമിക്കുന്നത്.

ഭാരതം എന്നത് ഒരു സങ്കല്പവും ഇന്ത്യ എന്നത് ഒരു ആധുനികരാഷ്ട്രനാമവുമാണ്. ഈ ആധുനികരാഷ്ട്രത്തെ പൗരാണിക സങ്കല്പങ്ങളുടെ അടിസ്ഥാനത്തിൽ ഉള്ള ഒന്നാക്കി മാറ്റാനുള്ള ഹിന്ദുത്വവാദികളുടെ ശ്രമത്തിന്റെ ഭാഗമായാണ് ഈ പേര് മാറ്റം.

നമ്മുടെ പുരാതനചരിത്രം നന്മതിന്മകൾ നിറഞ്ഞതാണ്, എല്ലാ രാജ്യങ്ങളുടെയും ചരിത്രം പോലെ. മഹത്തായ നേട്ടങ്ങളുണ്ട്, അതോടൊപ്പം ജാതിവിവേചനം എന്ന അതിനിഷ്ഠൂരമായ കുറ്റകൃത്യവും ഉണ്ട്. ഇതിനെ മറച്ചു വച്ച് ഒരു സുവർണകാലസ്തുതിഗീതം പാടുന്നത് രാജ്യതാല്പര്യത്തിന് ഉതകുന്നതല്ല.

മലയാളിയായ ഒരു പ്രൊഫ. സി.ഐ. ഐസക് ആണ് എൻ.സി.ഇ.ആർ.ടിക്ക് ഈ ദുരുപദേശം നല്കിയ സമിതിയുടെ അധ്യക്ഷൻ എന്നു കാണുന്നു. മലബാർ കലാപത്തെ സ്വാതന്ത്ര്യസമരപാരമ്പര്യത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഐ.സി.എച്ച്.ആറിന് ഉപദേശം നല്കിയതും ഇതേ മഹാപണ്ഡിതൻ ആണ്. ആർ.എസ്.എസിന് ഉപയോഗപ്പെടുന്ന ഉപദേശങ്ങൾ നല്കുകയാണ് കുറച്ചു കാലമായി ഇദ്ദേഹത്തിന്റെ തൊഴിൽ.Content Highlight: MA Baby says Bharat is a concept and India is a modern state