ഇത്തവണ നബിദിനവും അധ്യാപകദിനവും ഓണമെന്ന സമത്വകാലത്തിന്റെ ആഘോഷത്തിനൊപ്പം; ആശംസകള്‍ നേര്‍ന്ന് എം.എ. ബേബി
Kerala
ഇത്തവണ നബിദിനവും അധ്യാപകദിനവും ഓണമെന്ന സമത്വകാലത്തിന്റെ ആഘോഷത്തിനൊപ്പം; ആശംസകള്‍ നേര്‍ന്ന് എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 6:10 pm

തിരുവനന്തപുരം: ഓണവും നബിദിനവും അധ്യാപകദിനവും ഒരുമിച്ച് ഒത്തുകൂടിയ ഈ അത്യപൂര്‍വ ദിനത്തില്‍ ആശംസകളുമായി സി.പി.ഐ.എം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി.

ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മാത്രമല്ല, സര്‍വ മനുഷ്യര്‍ക്കും സ്ത്രീ-പുരുഷ, വര്‍ണ, വംശ, വര്‍ഗ വ്യത്യാസമില്ലാതെ സമത്വത്തിലും തുല്യതയിലും അധിഷ്ഠിതമായ ഒരു നവലോകത്ത് ജീവിക്കാനാവട്ടേയെന്ന് എം.എ. ബേബി ആശംസിച്ചു.

‘ഇത്തവണ നബിദിനവും അധ്യാപകദിനവും ഓണം എന്ന സമത്വകാലത്തിന്റെ ആഘോഷത്തിനൊപ്പമാണ്. മനോഹരവും അര്‍ത്ഥപൂര്‍ണവുമായ ഒരു ഒത്തൊരുമയാണ് ഇത്,’ എം.എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.

‘ജോലിവിയര്‍പ്പുകള്‍ വറ്റും മുമ്പേ കൂലി കൊടുക്കണമെന്ന് അരുള്‍ ചെയ്‌തോന്‍, കൊല്ലാക്കൊലയെ എതിര്‍ക്കുന്നോന്‍ നബി സല്ലല്ലാഹ് അലൈഹുവസല്ലം’ എന്ന വിശ്വാസം ഏറനാട് വള്ളുവനാട് ഉള്‍പ്പെടെ കേരളത്തിലാകെ പുരോഗമനവാദികളും കമ്മ്യൂണിസ്റ്റുകാരും മുദ്രാവാക്യമായി ഉയര്‍ത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്നും അത് നമ്മുടെ അടിയുറച്ച കാഴ്ചപ്പാടാണെന്നും കൂട്ടിച്ചേര്‍ത്തു.

ഒരുപാട് പഠിക്കേണ്ടതുണ്ടെന്നാണ് അധ്യാപകദിനം നമ്മെ ഓര്‍മിപ്പിക്കുന്നത്. ശരിയാംവണ്ണം പഠിച്ചാല്‍ മാത്രമേ ശരിയായി പ്രവര്‍ത്തിക്കാനും അനീതികള്‍ക്കെതിരെ പൊരുതാനും കഴിയുകയുള്ളൂ. അങ്ങനെ മാത്രമേ സമത്വവും നീതിയും സ്ഥാപിക്കാനാവുകയുള്ളൂ. ആ തിരിച്ചറിവ് നമ്മെ കര്‍മ്മോന്മുഖരാക്കുമെന്നും എം.എ. ബേബി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും ഓണം-അധ്യാപക-നബിദിനാശംസകൾ നേർന്നു. ഈ ലോകത്തെ കൂടുതല്‍ സുന്ദരമാക്കാനും ഏവര്‍ക്കും നിറവോടെ ഒത്തൊരുമിച്ച് ജീവിക്കാനുള്ള ഇടമാക്കി തീര്‍ക്കാനും നമുക്കൊരുമിച്ചു പ്രയത്‌നിക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

തങ്ങളില്‍ നിക്ഷിപ്തമായ സാമൂഹിക ഉത്തരവാദിത്തം മികവുറ്റ വിധത്തില്‍ നിറവേറ്റുന്ന അധ്യാപകരോട് കേരളം കടപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യബോധവും ശാസ്ത്രബോധവും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുന്നതിലും അധ്യാപകര്‍ക്കുള്ള പങ്ക് ചെറുതല്ല. ആധുനിക സമൂഹമെന്ന നിലയ്ക്ക് കേരളമാര്‍ജിച്ച മൂല്യങ്ങളുടേയും പുരോഗതിയുടേയും പിന്നില്‍ അധ്യാപകര്‍ക്ക് നിര്‍ണായകമായ പങ്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: This time, Nabidinam and Teachers’ Day are celebrated along with the onam; M.A. Baby extends his greetings