ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എം.വി. ഗോവിന്ദൻ
Kerala
ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എം.വി. ഗോവിന്ദൻ
മുഹമ്മദ് നബീല്‍
Saturday, 7th February 2026, 12:46 pm

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും മുന്നേ ഉണ്ടായിരുന്ന കോ.ലീ.ബി സഖ്യത്തിലേക്ക് ഇപ്പോൾ ജമാത്തും വന്നിരിക്കുന്നുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.

എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട് മാധ്യമങ്ങളെ കാണവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇസ്‌ലാമിക റിപ്പബ്ലിക്കിനെ തള്ളിപറയാനാകില്ലെന്ന് ജമാഅത്തെ ജനറൽ സെക്രട്ടറി ഷെയ്ഖ് മുഹമ്മദ് കാരകുന്ന് പറയുന്നു. അതേ ജമാഅത്തുമായി യു.ഡി.ഫ് സഖ്യം ചേരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നാലുവോട്ട് കൂടുതലായി കിട്ടുക, അതിന്റെ ഭാഗമായി കുറച്ചധികം സീറ്റ് കൂടുതലായി നേടുക എന്നതിനപ്പുറത്തേക്ക് വർഗീയതക്കെതിരെ യു.ഡി.എഫ് ഒരു ചെറുത്തുനിൽപ്പും നടത്തുന്നില്ല,’ ഗോവിന്ദൻ പറഞ്ഞു.

എൽ.ഡി.എഫ് മുന്നേ ജമാഅത്ത് വോട്ടുവാങ്ങിയതിനെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ എൽ.ഡി.എഫ് ജമാഅത്ത് പിന്തുണ തേടിയിട്ടില്ലെന്നും സ്ഥാനാർത്ഥികളെ നോക്കിയാണ് അന്നവർ വോട്ടുനൽകിയതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എൽ.ഡി.എഫിന്റെ വികസനങ്ങൾ എണ്ണിപ്പറയുക എന്നതാണ് വികസന മുന്നേറ്റ ജാഥയുടെ ലക്ഷ്യം. യു.ഡി.എഫ് ജാഥ മഞ്ചേശ്വരത്തുനിന്നും ദേശീയപാതയിലൂടെയാണ് വരുന്നത്, എന്നിട്ടും ജാഥയിൽ വികസനം ചർച്ചചെയ്യാൻ യു.ഡി.എഫ് തയ്യാറാകുന്നില്ലെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ പറഞ്ഞു.

വയനാട്ടിലെ ടൗൺഷിപ്പിൽ സർക്കാർ ഏഴുസെന്റ് ഭൂമിയും 1000 സ്കൊയർഫീറ്റ് വീടുമാണ് നൽകുന്നത്, ആദ്യഘട്ടത്തിലെ 170 വീടുകൾ കൈമാറാൻ ഒരുങ്ങുന്നു. എന്നാൽ യു.ഡി.എഫ് പ്രഖ്യാപിച്ച 230 വീടുകൾ എവിടെയെന്നും അദ്ദേഹം ചോദിച്ചു.

എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥ ബാലുശേരിയിൽ എത്തിയപ്പോൾ അതിഥി തൊഴിലാളികൾ അഭിവാദ്യം അർപ്പിച്ചു. എന്നാൽ ജാഥ വിജയിപ്പിക്കുന്നതിനുവേണ്ടി ബംഗാളിൽ നിന്നും പ്രവർത്തകരെ ഇറക്കുമതി ചെയ്തുവെന്നാണ് മാധ്യമങ്ങൾ വാർത്തകൊടുത്തതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: M.V. govindan against u.d.f and jamaath-e-islami

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം