യുദ്ധാസക്തി പൊതുബോധമാക്കിയവരില്‍ മുന്നില്‍ മാധ്യമങ്ങള്‍; തിരിച്ചടിയില്‍ നിന്ന് പാകിസ്ഥാന്‍ പാഠം പഠിക്കണം: എം. സ്വരാജ്
Kerala News
യുദ്ധാസക്തി പൊതുബോധമാക്കിയവരില്‍ മുന്നില്‍ മാധ്യമങ്ങള്‍; തിരിച്ചടിയില്‍ നിന്ന് പാകിസ്ഥാന്‍ പാഠം പഠിക്കണം: എം. സ്വരാജ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th May 2025, 9:31 pm

 

കോഴിക്കോട്: ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ എല്ലാ സമാധാനകാംക്ഷികള്‍ക്കും ആശ്വാസം പകരുന്നതാണെന്ന് എം. സ്വരാജ്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍നിന്നും പാഠമുള്‍ക്കൊള്ളാന്‍ പാകിസ്ഥാന്‍ തയ്യാറാവാതിരുന്നതാണ് രണ്ടുനാള്‍ യുദ്ധഭീതി പരത്തിയതെന്നും എം. സ്വരാജ് അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ സമാധാനത്തിന് വഴിയൊരുങ്ങിയെന്നും അത് ആശ്വാസം പകരുന്നതാണെന്നും ഭീകരതയ്‌ക്കെതിരായ സമരം തുടരണമെന്നും എം. സ്വരാജ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭിപ്രായപ്പെട്ടു. അതേസമയം യുദ്ധത്തിനെ വലിയ രീതിയില്‍ ആഘോഷമാക്കി തീര്‍ത്ത മാധ്യമങ്ങളേയും സ്വരാജ് പരിഹസിച്ചു.

‘ഇരു രാജ്യങ്ങളും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും സ്വന്തം നിലയില്‍ യുദ്ധം പ്രഖ്യാപിച്ച കുറച്ചേറെപ്പേരുണ്ടായിരുന്നു. യുദ്ധാസക്തി പൊതുബോധമാക്കിയവരില്‍ മുന്നില്‍ മാധ്യമങ്ങളായിരുന്നു. കറാച്ചിയും റാവല്‍പിണ്ടിയും ലാഹോറുമെല്ലാം ന്യൂസ് റൂമുകളിലിരുന്ന് അവര്‍ പിടിച്ചടക്കി. പകരമായി ജമ്മുവും കശ്മീരുമെല്ലാം പാകിസ്ഥാന്‍ ചാനലുകളും പിടിച്ചു. ഇതിനിടയില്‍ ഇന്ത്യയിലെ സകല വിമാനത്താവളങ്ങളും ഒരു ചാനല്‍ അടച്ചുപൂട്ടി, ‘ സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

യുദ്ധം പ്രഖ്യാപിക്കാതിരിക്കെ ‘വാര്‍ ബ്രേക്കിങ്ങ്’ എന്ന തലക്കെട്ട് നല്‍കി മാധ്യമങ്ങള്‍ ‘യുദ്ധം’ ആഘോഷിച്ചുവെന്നും എം. സ്വരാജ് കൂട്ടിച്ചേര്‍ത്തു. യുദ്ധം വേണ്ട എന്ന നിലപാട് എടുത്ത തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളേയും എം. സ്വരാജ് തന്റെ പോസ്റ്റിലൂടെ ചോദ്യം ചെയ്യുന്നുണ്ട്. യുദ്ധം സര്‍വനാശമാണെന്നു പറഞ്ഞു കൊണ്ട് ഒരു കുറിപ്പ് പോസ്റ്റ് ചെയ്തതിന് യുദ്ധാസക്തിയുടെ കൊടുമുടിയിലെ ഭജനസംഘം നിര്‍ത്താതെ തെറി വിളിച്ചു കൊണ്ടിരുന്നുവെന്നാണ് ഈ സംഭവത്തെക്കുറിച്ച് സ്വരാജ് പറഞ്ഞത്.

‘കൂട്ടരെ ഇപ്പോഴിതാ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നു. യുദ്ധം നടത്താത്തതിന് ഇനി നിങ്ങളാരെ തെറിവിളിക്കും? ഇക്കാര്യത്തില്‍ എനിക്കൊരു പങ്കുമില്ലെന്ന് നിങ്ങള്‍ ദയവായി മനസിലാക്കണം,’ സ്വരാജ് പറഞ്ഞു.

ഇനിയിക്കൂട്ടര്‍ നിരനിരയായി നിന്ന് പ്രധാനമന്ത്രിയെ തെറി വിളിക്കുമോ എന്ന് നോക്കാമെന്നും സ്വരാജ് അഭിപ്രായപ്പെട്ടു. യുദ്ധഭ്രാന്ത് പൊതുബോധമായി വളരുമ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ കൂട്ടപ്പാട്ടിന് താളം പിടിക്കാന്‍ സൗകര്യമില്ലെന്ന് എല്ലാവരെയും ഒരിക്കല്‍ക്കൂടി അറിയിക്കട്ടെയെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Content Highlight: M. Swaraj’s response on India-Pak cease fire and media reports