കാണുന്നവരെയെല്ലാം പിടിച്ച് ബി.ജെ.പിയില്‍ ചേര്‍ക്കുന്ന ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക; എം.സ്വരാജ്
D' Election 2019
കാണുന്നവരെയെല്ലാം പിടിച്ച് ബി.ജെ.പിയില്‍ ചേര്‍ക്കുന്ന ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കുക; എം.സ്വരാജ്
ന്യൂസ് ഡെസ്‌ക്
Monday, 25th March 2019, 6:09 pm

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണമെന്ന് എം.സ്വരാജ് എം.എല്‍.എ. കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേര്‍പ്പെട്ടിട്ടുള്ളതെന്നും സ്വരാജ് പറഞ്ഞു.

എല്‍.ഡി.എഫിനെതിരെ മത്സരിച്ചാലും ശ്രീ.രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാന്‍ പറയാത്തതില്‍ അദ്ദേഹത്തിന് വിഷമമെന്നും ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയില്‍ ചേര്‍ത്തു കളഞ്ഞെന്നും സ്വരാജ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറഞ്ഞു.

ബി.ജെ.പി പ്രസക്തമല്ലാത്ത കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കില്‍ തോല്‍പിക്കുമെന്നത് ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ അഭിപ്രായമാണ്. അതിന് നിങ്ങളെന്നെ ബി.ജെ.പി അല്ല അല്‍ – ഖ്വയ്ദ ആക്കിയാലും വിരോധമില്ലെന്നും സ്വരാജ് പറഞ്ഞു.

Read Also : തിരുവനന്തപുരത്തും പത്തനംതിട്ടയിലും എന്‍.എസ്.എസിന്റെ പിന്തുണ ബി.ജെ.പിക്ക്; വെളിപ്പെടുത്തലുമായി മുന്‍ പ്രസിഡന്റ്

സ്വന്തം സഹപ്രവര്‍ത്തകരില്‍ എത്ര പേര്‍ ബി ജെ പിയില്‍ ചേര്‍ന്നെന്ന് അറിയാന്‍ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കന്‍ . അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ മറുപടി പറയുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Read Also : ബെഗുസാരായില്‍ മത്സരിക്കാനില്ലെന്ന് ഗിരിരാജ് സിംഗ്; പിന്മാറ്റം കനയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ

“രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ അതെങ്ങനെയാണ് മഹാപാതകമാവുന്നത് ? പ്രിയ വാഴയ്ക്കന്‍, ജനാധിപത്യത്തില്‍ ജയം മാത്രമല്ലല്ലോ തോല്‍വിയുമില്ലേ? ജനാധിപത്യത്തില്‍ തോല്‍വിയെന്നത് അത്ര മോശം കാര്യമാണോ ?
താങ്കളെന്തിനാണ് കോപാകുലനാവുന്നത് ? ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പന്‍ നേതാവിനെയും തോല്‍പിക്കാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ്. തോല്‍വിയെന്ന് കേള്‍ക്കുമ്പോഴെ നില തെറ്റിപ്പോകരുത്” സ്വരാജ് വ്യക്തമാക്കി.

നേമത്ത് ബി.ജെ.പി യ്ക്ക് ഒരു എം.എല്‍.എ ഉണ്ടായത് കോണ്‍ഗ്രസിന്റെ സഹായത്താലാണെന്നും കേരളത്തില്‍ ബി.ജെ.പിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെയക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2006 മുതല്‍ 2016 വരെയുള്ള നേമത്തെ വോട്ട് വിഹിതം ചൂണ്ടിക്കാട്ടിയായിരുന്നു സ്വരാജിന്റെ വിമര്‍ശനം.

ബി.ജെ.പി ജയിക്കാത്ത കേരളത്തില്‍, നിലവില്‍ ബി.ജെ.പി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടില്‍ ശ്രീ.രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബി.ജെ.പി യെ തോല്‍പിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം, പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുതെന്നും സ്വരാജ് കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസ് നേതാവ് ശ്രീ.ജോസഫ് വാഴയ്ക്കനെ സൂക്ഷിക്കണം.
കോണ്‍ഗ്രസ് നേതാവാണെങ്കിലും കാണുന്നവരെയെല്ലാം പിടിച്ച് ബി ജെ പിയില്‍ ചേര്‍ക്കുന്ന ജോലിയിലാണ് അദ്ദേഹം ഇപ്പോഴേര്‍പ്പെട്ടിട്ടുള്ളത്.!

ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം എന്നെ ബി ജെ പിയില്‍ ചേര്‍ത്തു കളഞ്ഞു…!
രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചാല്‍ തോല്‍ക്കുമെന്ന് ഞാനൊരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞതാണ് ശ്രീ.ജോസഫ് വാഴയ്ക്കനെ ചൊടിപ്പിച്ചത്.

LDF നെതിരെ മത്സരിച്ചാലും ശ്രീ.രാഹുല്‍ ഗാന്ധിയെ വിജയിപ്പിച്ചോളാമെന്ന് ഞാന്‍ പറയാത്തതില്‍ അദ്ദേഹത്തിന് വിഷമം!

ഒരു കാര്യം തീര്‍ത്തു പറയട്ടെ ,
ബിജെപി പ്രസക്തമല്ലാത്ത കേരളത്തില്‍ എല്‍.ഡി.എഫിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് വരുന്നുണ്ടെങ്കില്‍ തോല്‍പിക്കുമെന്നത് ഒരു എല്‍.ഡി.എഫ് പ്രവര്‍ത്തകന്റെ അഭിപ്രായമാണ്.
അതിന് നിങ്ങളെന്നെ ബി.ജെ.പി അല്ല അല്‍ – ഖ്വയ്ദ ആക്കിയാലും വിരോധമില്ല .

സ്വന്തം സഹപ്രവര്‍ത്തകരില്‍ എത്ര പേര്‍ ബി ജെ പിയില്‍ ചേര്‍ന്നെന്ന് അറിയാന്‍ ഒരോ ദിവസവും രാവിലെ പത്രം നോക്കേണ്ടി വരുന്ന നേതാവാണ് ശ്രീ.ജോസഫ് വാഴയ്ക്കന്‍ . അദ്ദേഹത്തിന് ഇക്കാര്യത്തില്‍ കൂടുതല്‍ മറുപടി പറയുന്നില്ല .

പിന്നെ,
രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടാല്‍ അതെങ്ങനെയാണ് മഹാപാതകമാവുന്നത് ? പ്രിയ വാഴയ്ക്കന്‍, ജനാധിപത്യത്തില്‍ ജയം മാത്രമല്ലല്ലോ തോല്‍വിയുമില്ലേ? ജനാധിപത്യത്തില്‍ തോല്‍വിയെന്നത് അത്ര മോശം കാര്യമാണോ ?
താങ്കളെന്തിനാണ് കോപാകുലനാവുന്നത് ? ആര് ജയിക്കണമെന്ന് ജനങ്ങളല്ലേ തീരുമാനിക്കുന്നത്. ഏത് കൊലകൊമ്പന്‍ നേതാവിനെയും തോല്‍പിക്കാനുള്ള ശക്തി ജനങ്ങള്‍ക്കുണ്ടെന്ന് നമ്മളെല്ലാം മനസിലാക്കേണ്ടതാണ്. തോല്‍വിയെന്ന് കേള്‍ക്കുമ്പോഴെ നില തെറ്റിപ്പോകരുത് .

രാഹുല്‍ ഗാന്ധി തോല്‍ക്കില്ലെന്ന് അങ്ങ് വാശി പിടിക്കുമ്പോള്‍ സാക്ഷാല്‍ ഇന്ദിരാഗാന്ധിയെ വരെ തോല്‍പിച്ച ചരിത്രം ജനങ്ങള്‍ക്കുണ്ടെന്ന് മറക്കരുത്. ജനാധിപത്യത്തില്‍ ഏതെങ്കിലും വ്യക്തിയോ കുടുംബമോ അല്ല പരമാധികാരികളെന്ന് ജനങ്ങള്‍ പലവട്ടം തെളിയിച്ചിട്ടുള്ളതാണ് .

നേമത്ത് ബി ജെ പി യ്ക്ക് ഒരു എം എല്‍ എ ഉണ്ടെന്ന് ചുളുവില്‍ പറഞ്ഞു പോകുമ്പോള്‍ അവിടെ ബി ജെ പി ജയിച്ചതെങ്ങനെയെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന്‍ ദയവായി മറന്നു പോവരുത്.

മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ നേമത്തെ വോട്ടിന്റെ കണക്ക് താഴെ കൊടുക്കുന്നു. എങ്ങനെയാണ് കേരളത്തില്‍ ബിജെപി ജയിച്ചതെന്ന് കണക്കുകള്‍ സ്വയം വിശദീകരിച്ചു കൊള്ളും.
കേരളത്തില്‍ ബിജെപിയ്ക്ക് ഒരു പഞ്ചായത്ത് മെമ്പറെങ്കിലും ജയിക്കണമെങ്കില്‍ കോണ്‍ഗ്രസ് മനസുവെയക്കണം. കോണ്‍ഗ്രസിന്റെ കുളത്തിലേ ബി ജെ പിയുടെ താമരയിവിടെ വളരൂ.

ബി ജെ പി ജയിക്കാത്ത കേരളത്തില്‍ , നിലവില്‍ ബിജെപി നേരിട്ട് മത്സരിക്കുക പോലും ചെയ്യാത്ത വയനാട്ടില്‍ ശ്രീ.രാഹുല്‍ ഗാന്ധി മത്സരിക്കുന്നുണ്ടെങ്കില്‍ അത് ബി ജെ പി യെ തോല്‍പിക്കാനാണെന്ന് ശ്രീ.ജോസഫ് വാഴയ്ക്കന് വാദിക്കാം ,
പക്ഷേ കേരളമത് വിശ്വസിക്കണമെന്ന് വാശി പിടിക്കരുത്.