തിരുവനന്തപുരം: ഇറാനെതിരായ അമേരിക്കയുടെയും ഇസ്രഈലിന്റെയും സംയുക്ത ആക്രമണത്തിനെതിരെ സി.പി.ഐ.എം നേതാവ് എം.സ്വരാജ്. സാമൂഹിക മാധ്യമമായ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സാമ്രാജ്യത്വ ശക്തികളുടെ യുദ്ധവെറിക്കെതിരെ സ്വാരാജ് രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചത്.

ഇറാനിലുണ്ടായ അമേരിക്ക-ഇസ്രഈല്‍ സംയുക്ത വ്യോമാക്രമണത്തില്‍ നൂറിലധികം വിദ്യാര്‍ത്ഥിനികളും സാധാരണക്കാരും കൊല്ലപ്പെട്ട വാര്‍ത്തയെ ഉദ്ധരിച്ചുകൊണ്ടാണ് സ്വരാജിന്റെ പ്രതികരണം. ഇറാനിലെ മിനാബിലെ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് ഇന്നലെ (ശനി) ഉച്ചയോടെ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ നൂറിലധികം കുട്ടികള്‍ മരിച്ചതായാണ് പുറത്തുവരുന്ന വിവരം.

Photo: M. Swaraj/ Facebook.com

സാമ്രാജ്യത്വ യുദ്ധ വെറിക്കെതിരെ പൊരുതുക എന്ന തലക്കെട്ടോടെയാണ് സ്വരാജ് കുറിപ്പ് പങ്കുവെച്ചത്. ലോകത്തിലാദ്യമായി ആണാവായുധം പ്രയോഗിച്ചവരും ഇപ്പോഴും ആണാവായുധം കൈവശം വെക്കുകയും ചെയ്യുന്ന അമേരിക്ക, ഇറാന്‍ ആണവായുധം കൈവശം വെക്കുന്നുവെന്നതിന്റെ പേരില്‍ നടത്തുന്ന ആക്രമണം ക്രൂരമായ ഫലിതമാണെന്ന് സ്വരാജ് പറയുന്നു.

എല്ലാ യുദ്ധങ്ങളും ആദ്യം കുഞ്ഞുങ്ങളെയും സ്ത്രീകളെയും നിസഹായരായ മനുഷ്യരെയും കൊന്നൊടുക്കുന്നുവെന്നും പരാജയപ്പെടുന്നത് മനുഷ്യരും മനുഷ്യത്വവുമാണെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയും ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള കൂട്ടാളികളും ഇറാന്റെ മാത്രമല്ല ലോകത്തിന്റെയാകെ ശത്രുക്കളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

‘സാമ്രാജ്യത്വ യുദ്ധവെറിക്കെതിരെ അണിനിരക്കേണ്ടത് ലോകമെങ്ങുമുള്ള മനുഷ്യരുടെ കടമയാണ്. കൊല്ലപ്പെടുന്ന മനുഷ്യരൊക്കെയും നമ്മുടെ സഹോദരങ്ങളാണ്. യുദ്ധ ഭീകരതയ്‌ക്കെതിരെ ഓരോ തെരുവിലും സമാധാനത്തിന്റെ പതാകകള്‍ ഉയരണം. മാനവികതയുടെ മുദ്രാവാക്യങ്ങള്‍ ലോകത്തിനു വഴികാട്ടുമ്പോള്‍ കുഞ്ഞുങ്ങളുടെ ചോരപുരണ്ട സാമ്രാജ്യത്വം ലജ്ജിക്കട്ടെ, സാമ്രാജ്യത്വം തുലയട്ടെ, ‘ സ്വരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കൊല്ലപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. ഖാംനഈ കൊല്ലപ്പെട്ടെന്ന് ഇറാനിലെ ഔദ്യോഗിക വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Content Highlight: M. Swaraj Facebook post against attack on Iran