53ാമത്തെ വയസില്‍ പിറന്നുവീണയാളല്ല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍; ഇ.ഡി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഓടിരക്ഷപ്പെടേണ്ട പാരമ്പര്യവുമല്ല; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം. സ്വരാജ്
Kerala
53ാമത്തെ വയസില്‍ പിറന്നുവീണയാളല്ല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍; ഇ.ഡി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഓടിരക്ഷപ്പെടേണ്ട പാരമ്പര്യവുമല്ല; പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് എം. സ്വരാജ്
ന്യൂസ് ഡെസ്‌ക്
Thursday, 21st January 2021, 12:56 pm

തിരുവനന്തപുരം: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെതിരായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷത്തിനെതിരെ സഭയില്‍ രൂക്ഷവിമര്‍ശനവുമായി എം. സ്വരാജ് എം.എല്‍.എ. സഭയുടെ ചരിത്രത്തിലുടനീളം പ്രതിപക്ഷത്തുനിന്നും ഉണ്ടായിരുന്നത് അര്‍ത്ഥരഹിതമായ ശൂന്യതയില്‍ നിന്നുള്ള ബഹളമായിരുന്നെന്നും എന്തെങ്കിലും കഴമ്പുള്ള ഒരു വാക്ക്, ഗൗരവമായ ഒരു വിമര്‍ശനം, സൃഷ്ടിപരമായ ഒരു നിര്‍ദേശം നാളിതുവരെ ഉന്നയിക്കാന്‍ ഈപ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും സ്വരാജ് പറഞ്ഞു.

പ്രമേയ അവതാരകന്‍ ആര്‍ക്കോ വേണ്ടി യാന്ത്രികമായി ചില വാക്കുകള്‍ ആവര്‍ത്തിക്കുന്നത് കണ്ടു. എന്ത് ആരോപണമാണ് സ്പീക്കര്‍ക്ക് എതിരായിട്ട് ഉള്ളത്, എന്ത് കുറ്റമാണ് സ്പീക്കര്‍ക്കെതിരായിട്ട് ഉള്ളത്. പ്രമേയ അവതാരകന്‍ തന്നെ ഒരുവേള സ്പീക്കറെ അഭിനന്ദിക്കുകയുണ്ടായി. ഉപരാഷ്ട്രപതിയുടെ കയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങിയത് അദ്ദേഹം പരാമര്‍ശിച്ചു.

സ്പീക്കറെ നീക്കണമെന്ന പ്രമേയം അവതരിപ്പിക്കുന്നതിനിടയില്‍ സ്പീക്കറെ അഭിനന്ദിക്കേണ്ടി വന്ന അപൂര്‍വതയ്ക്ക് കൂടി ഈ പ്രമേയ അവതരണം സാക്ഷ്യം വഹിച്ചു. 1000 കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്ന് അനുശാസിക്കുന്ന അടിസ്ഥാനപ്രമേയമാണ് നമ്മുടേത്. എന്നാല്‍ ഇവിടെ ഒരു നിരപരാധിയെ ഒരു സംഘം കുറ്റവാളികള്‍ ചേര്‍ന്ന് കുരിശിലേറ്റാന്‍ വേണ്ടി വൃഥാ പണിപ്പെടുകയാണ്.

കേട്ടുകേള്‍വികളാണ് നിങ്ങള്‍ അടിസ്ഥാനമാക്കുന്നത്. സ്പീക്കര്‍ക്ക് അവാര്‍ഡൊക്കെ കിട്ടി. പക്ഷേ പത്രങ്ങളില്‍ ഇങ്ങനെയൊക്കെ കാണുന്നു എന്നാണ് പ്രമേയാവതാരകന്‍ പറയുന്നത്. എന്നാല്‍ പിന്നെ പത്രം എടുത്ത് മേശപ്പുറത്ത് വെച്ചാല്‍ പോരെ. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലല്ല വസ്തുതകളുടെ അടിസ്ഥാനത്തില്‍ വേണം ആരോപണങ്ങള്‍ ഉന്നയിക്കാന്‍. അല്ലാത്തപക്ഷം ജനങ്ങളുടെ മുന്‍പില്‍ നിങ്ങള്‍ പരിഹാസ്യരായി മാറും, എം സ്വരാജ് പറഞ്ഞു.

ഈ കഴിഞ്ഞ നിയസഭാ സമ്മേളത്തില്‍ ബഹുമാനപ്പെട്ട മന്ത്രി കെ.ടി ജലീലിനെതിരെ എന്തൊക്കെ ബഹളങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തി. എന്തൊക്കെ നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ജി.പി.എസ് ഓഫായിപ്പോയി. ലോറി ബാംഗ്ലൂരിലേക്ക് പോയി. ഖുറാന്‍ കള്ളക്കടത്ത് നടത്തി. സ്വര്‍ണക്കടത്തില്‍ ബന്ധം. ഒരു തരിപൊന്നുപോലുമില്ലാത്ത കുടുംബത്തിലെ അംഗമെന്ന നിലയില്‍ ഈ മന്ത്രിസഭയില്‍ സംശുദ്ധനായി നില്‍ക്കുന്ന ഒരാളെ നിങ്ങള്‍ എങ്ങനെയൊക്കെ ക്രൂശിച്ചു. അന്വേഷണ ഏജന്‍സികള്‍ കേറിയിറങ്ങി. എവിടെ ജി.പി.എസ്, എവിടെ ലോറി. ഒരക്ഷരം ഇപ്പോള്‍ മിണ്ടുന്നുണ്ടോ ആരെങ്കിലും ഈ സഭയില്‍ ?

20 കൊല്ലത്തെ അദ്ദേഹത്തിന്റെ അക്കൗണ്ട് പരിശോധിച്ചു. 10 പൈസയുടെ ക്രമവിരുദ്ധ ഇടപാട് കണ്ടെത്താന്‍ കഴിഞ്ഞോ, ജനാധിപത്യത്തിലെ കുറ്റകരമായ നടപടികളാണ് പ്രതിപക്ഷം അനുവര്‍ത്തിക്കുന്നത്. ഇതിന് ജനങ്ങളുടെ മുന്‍പില്‍ മറുപടി പറയേണ്ടി വരും.

കള്ളപ്പണ ഇടപാടില്‍ ഇടനില നിന്നിട്ട് ഇ.ഡി ഉദ്യോഗസ്ഥര്‍ വരുമ്പോള്‍ ഓടിരക്ഷപ്പെടേണ്ടി വന്ന പാരമ്പര്യമല്ല ഈ സഭയില്‍ ഭരണപക്ഷത്തിരിക്കുന്നവരും സ്പീക്കര്‍ കസേരയിലിരിക്കുന്നവര്‍ക്കുമുള്ളത്. എല്ലാം കഴിഞ്ഞ് സ്പീക്കര്‍ക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. ഒന്നോര്‍മ്മിപ്പിച്ചേക്കാം 53ാമത്തെ വയസില്‍ പിറന്നുവീണയാളല്ല സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍.

കേരളത്തിന്റെ ഭൂതകാലത്തിലേക്കൊന്ന് തിരിഞ്ഞു നോക്കിയാല്‍ ഇവിടുത്തെ വിദ്യാര്‍ത്ഥി യുവജനങ്ങളുടെ സമരമുന്നണികള്‍ക്ക് നേതൃത്വം കൊടുത്തതിന്റെ ഭാഗമായി നിങ്ങളുടെ മര്‍ദ്ദക സംവിധാനങ്ങള്‍ തല്ലിത്തലപൊട്ടിച്ചും എല്ലൊടിച്ചും, അതിന്റെ ഭാഗമായി ഏറ്റുവാങ്ങേണ്ടി വന്ന ശാരീരികാവശതകളുമായി കഴിഞ്ഞ നാല് പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കളങ്കത്തിന്റെ ചെറുപൊട്ടില്ലാതെ കേരളത്തിന്റെ സമൂഹത്തില്‍ ഏറ്റവും ധീരമായി അഭിമാനത്തോടെ നില്‍ക്കുന്ന ഒരാളാണ് അദ്ദേഹം.

ഇന്ത്യയിലെ ബെസ്റ്റ് ഐഡിയല്‍ സ്പീക്കര്‍ക്കുള്ള അവാര്‍ഡ് നല്‍കിക്കൊണ്ട് ഇന്ത്യയുടെ ഉപരാഷ്ട്രപതി ആ അവാര്‍ഡ് നല്‍കിയപ്പോള്‍ പ്രശംസാപത്രത്തില്‍ അദ്ദേഹം കൈക്കൊണ്ട സുതാര്യതെ കുറിച്ച് എടുത്ത് പറയുന്നുണ്ട്. ഞാനത് മുഴുവന്‍ വായിക്കുന്നില്ല, മുഴുവന്‍ വായിച്ചാല്‍ നിങ്ങള്‍ ബോധംകെട്ടുപോകും.

ഈ രാജ്യത്തെ ഐഡിയല്‍ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ, ഈ സഭയുടെ അഭിമാനത്തെ വാനോളം ഉയര്‍ത്തിയ, ഇന്ത്യയുടെ ആദരവ് പിടിച്ചുപറ്റുന്ന സ്ഥാനത്തേക്ക് കേരളത്തെ ഉയര്‍ത്തിയ സ്പീക്കറെ, കേട്ടുകള്‍വികളുടെ അടിസ്ഥാനത്തിലും വലതുപക്ഷ മാധ്യമങ്ങളിലെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലും കുറ്റവിചാരണ ചെയ്യാന്‍ വേണ്ടി പ്രമേയം അവതരിപ്പിച്ച ബഹുമാന്യനായ പ്രമേയ അവതാരകാ, അങ്ങ് നെഞ്ചില്‍ കൈവെച്ചൊന്ന് സ്വയം ചോദിച്ചുനോക്കൂ, വേണ്ടിയിരുന്നില്ല എന്ന ഉത്തരം അങ്ങയുടെ മനസിലുണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. താങ്കളുടെ മുഖത്ത് നിന്ന് ഞാന്‍ അത് വായിച്ചെടുക്കുന്നു, സ്വരാജ് പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M Swaraj Criticise Opposotion Leaders on Sree Ramakrishna Issue