ഗെയ്ക്വാദിനെ ഒഴിവാക്കിയത് ഏറെ ദുഃഖകരമായ കാര്യമാണ്; പിന്തുണയുമായി എം.എസ്. ധോണി
Sports News
ഗെയ്ക്വാദിനെ ഒഴിവാക്കിയത് ഏറെ ദുഃഖകരമായ കാര്യമാണ്; പിന്തുണയുമായി എം.എസ്. ധോണി
ശ്രീരാഗ് പാറക്കല്‍
Tuesday, 6th January 2026, 11:08 am

ഇന്ത്യന്‍ സൂപ്പര്‍ താരം ഋതുരാജ് ഗെയ്ക്വാദിന് പിന്തുണയുമായി ഇതിഹാസം എം.എസ്. ധോണി. ന്യൂസിലാന്‍ഡിനെതിരെ വരാനിരിക്കുന്ന ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഗെയ്ക്വാദിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ധോണിയുടെ പ്രതികരണം.

ടീമില്‍ നിന്ന് ഗെയ്ക്വാദിനെ ഒഴിവാക്കിയത് ദുഖകരമാണെന്നും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ ഏകദിനത്തില്‍ മികച്ച പ്രകടനമാണ് ഗെയ്ക്വാദ് കാഴ്ചവെച്ചതെന്നും ധോണി പറഞ്ഞു. വളരെ വേഗം ഗെയ്ക്വാദ് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്ന ഋതുരാജ് ഗെയ്ക്വാദ്. Photo: Xanthove/x.com

‘ഇന്ത്യന്‍ ടീമില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദിനെ ഒഴിവാക്കിയത് ഏറെ ദുഃഖകരമായ കാര്യമാണ്, സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ പരമ്പരയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. ടീം കോമ്പിനേഷന്‍ കണക്കിലെടുത്ത് ഗെയ്ക്വാദിന് ടീമില്‍ ഇടം ലഭിച്ചില്ല.

ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചു, ശക്തമായ പരിശ്രമങ്ങള്‍ തുടരാന്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. വളരെ വേഗം അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ധോണി ഒരു പരിപാടിയില്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ കഴിഞ്ഞ ഏകദിന മത്സരത്തില്‍ അവസരം ലഭിച്ച ഗെയ്ക്വാദ് സെഞ്ച്വറി നേടി മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നാലാമനായി ഇറങ്ങി 83 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 105 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്.ഋതുരാജ് ഗെയ്ക്വാദ്. Photo: Johns/x.com

ശേഷം വിജയ് ഹസാരെ ട്രോഫിയിലും സെഞ്ച്വറിയുള്‍പ്പെടെ ഗംഭീര പ്രകടനമാണ് താരം കാഴ്ചവെച്ചത്. മഹാരാഷ്ട്രയ്ക്ക് വേണ്ടി കഴിഞ്ഞ ആഭ്യന്തര മത്സരങ്ങളിലെല്ലാം മികവ് പുലര്‍ത്തിയിട്ടും ജനുവരി 11ന് ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ഋതുരാജിന് അവരം നല്‍കാത്തതില്‍ വലിയ വിമര്‍ശനങ്ങളാണ് നടക്കുന്നത്.

2022ല്‍ ഇന്ത്യയ്ക്ക് വേണ്ടി ഏകദിന അരങ്ങേറ്റം നടത്തിയ ഗെയ്ക്വാദ് നിലവില്‍ എട്ട് ഇന്നിങ്സില്‍ നിന്ന് 228 റണ്‍സാണ് നേടിയത്. 105 റണ്‍സിന്റ ഉയര്‍ന്ന സ്‌കോര്‍ ഉള്‍പ്പെടെ 28.5 എന്ന ആവറേജും താരത്തിനുണ്ട്. എന്നാല്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 73 ഇന്നിങ്സില്‍ നിന്ന് 3146 റണ്‍സും 195 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 45.59 എന്ന ആവറേജുമാണ് താരത്തിനുള്ളത്.

ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷാബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്സ്വാള്‍

*ഫിറ്റ്‌നസ് ക്ലിയറന്‍സിന് വിധേയം

Content Highlight: M.S Dhoni Supports Ruturaj Gaikwad

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ