അത് ഞാനെഴുതിയ ലേഖനമല്ല; ജന്മഭൂമിയില്‍ പ്രസിദ്ധീകരീച്ച ലേഖനം പേര് മാറി അച്ചടിച്ചതെന്ന് എം.എന്‍ കാരശ്ശേരി
Kerala
അത് ഞാനെഴുതിയ ലേഖനമല്ല; ജന്മഭൂമിയില്‍ പ്രസിദ്ധീകരീച്ച ലേഖനം പേര് മാറി അച്ചടിച്ചതെന്ന് എം.എന്‍ കാരശ്ശേരി
നിഷാന. വി.വി
Thursday, 4th June 2026, 10:57 am

തിരുവനന്തപുരം: ബി.ജെ.പി സഹയാത്രികന്‍ ടി.എന്‍ സതീശനെക്കുറിച്ച് ജന്മഭൂമി പത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം തന്റെതല്ലെന്ന് എം.എന്‍ കാരശ്ശേരി. ലേഖനത്തെ വിമര്‍ശിച്ചെകാണ്ട് മാധ്യമ പ്രവര്‍ത്തകനായ മെഹബൂബ് എസ്.വിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെയായിരുന്നു കാരശ്ശേരിയുടെ കമ്മന്റ്.

ബി.ജെ.പി അനുഭാവിയായ പ്രോഫസര്‍ ടി.എന്‍ സതീശന്റെ വിരമിക്കലുമായി ബന്ധപ്പെട്ട അനുസ്മരണമാണ് പത്രത്തിന്റെ മുഖപ്പേജില്‍ നല്‍കിയിരിക്കുന്നത്. മെയ് 31 ന് പ്രസിദ്ധീകരിച്ച പത്രത്തിലായിരുന്നു ലേഖനം വന്നത്. എന്നാല്‍ സംഭവം വിവാദമായതോടെ താന്‍ അറിഞ്ഞില്ലെന്നാണ് എം.എന്‍ കാരശ്ശേരിയുടെ പ്രതികരണം.

‘ഈ ലേഖനം ഞാന്‍ എഴുതിയതല്ല. ശ്രീ സതീശന്‍ അവനവനെപ്പറ്റി എഴുതിയ ലേഖനം എന്റെ പേര് വെച്ച് തെറ്റായി അച്ചടിച്ചു വന്നു എന്ന് സതീശന്‍ എന്നെ വിളിച്ചു പറഞ്ഞിരുന്നു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് വ്യക്തമല്ല. ഞാന്‍ ജന്മഭൂമി കാണാറില്ല. ഈ ലേഖനവും കണ്ടിട്ടില്ല. തിരുത്ത് കൊടുക്കാന്‍ ജന്മഭൂമിക്കാരോട് പറയണമെന്ന് ഞാന്‍ സതീശനെ ഏല്‍പിച്ചിരുന്നു. ആ പത്രത്തില്‍ നിന്ന് ആരും എന്നെ ബന്ധപ്പെട്ടിട്ടില്ല,’ എം.എന്‍ കാരശ്ശേരി പറഞ്ഞു.

ജനാധിപത്യം, മതേതരത്വം – ഇത് രണ്ടുമാണ് തന്റെ ജീവവായു എന്നാണ് കാരശ്ശേരി പറയാറുള്ളതെന്നും മാറി മാറി ഭരിക്കൂ മുന്നണികളെ… എന്നാലല്ലെ ജനാധിപത്യം വരു… എന്ന് സതീശന്റെ കൂടെ നിന്നയാളാണ് മാഷെന്നും മെഹബൂബ് എസ്. വിയുടെ പോസ്റ്റില്‍ പറയുന്നു.

‘തെറ്റുപറഞ്ഞുകൂടാ.. കൂടുതല്‍ കൂടുതല്‍ ജനാധിപത്യം ആരാണാഗ്രഹിയ്ക്കാത്തത്! അങ്ങനെ അതിയായി ആഗ്രഹിക്കുമ്പോള്‍, ഒടുവില്‍ ഗുജറാത്തിലും കാന്തമാലിലും ഒറീസയിലും മണിപ്പൂരിലും അയോധ്യയിലുമൊക്കെ ജനാധിപത്യത്തിന്റെ കൊടിക്കൂറ വാനിലുയര്‍ത്തി കെട്ടിയവരുടെ മുഖപത്രത്തില്‍ ചെന്നു വീഴാതിരിക്കുന്നതെങ്ങിനെ?,’ അദ്ദേഹം പറഞ്ഞു.

വന്ദേമാതരം മുഴുവന്‍ ചൊല്ലി മതേതര കേരളത്തെ അപമാനിച്ച സംഘി പ്രോപ്പഗണ്ട പോലും എം.എന്‍ കാരശ്ശേരിയെ സങ്കടപ്പെടുത്തിയിരുന്നില്ലെന്നും രണ്ടോ മൂന്നോ പേര്‍ മലയാളം അല്ലാതെ സത്യപ്രതിജ്ഞ ചെയ്തത് മാത്രമാണ് അദ്ദേഹത്തിന് പ്രശ്നമായി തോന്നിയതെന്നും പോസ്റ്റിന് താഴെ കമന്റുകളുണ്ട്. കാരശ്ശേരിയുടെ നിലപാടിനെതിരെ നിരവധി പരിഹാസ കമന്റുകളാണ് വന്നിരിക്കുന്നത്.

‘ഒരു കോണ്‍ഗ്രസ്‌കാരന് ആശയപരമായി സംഘി ആയിരിക്കാനുള്ള ‘ജനാധിപത്യം’ കോണ്‍ഗ്രസില്‍ ഉണ്ട്. അതേ ജനാധിപത്യത്തിന് ഒരു കള്ളനെയും കുലസ്ത്രീയെയും ഒറ്റബുദ്ധി യുക്തിവാദിയെയും ഒരു സ്വത്വവാദിയെയും ഒരുമിച്ചുള്‍ക്കൊള്ളാനുള്ള വിശാലത ഉണ്ട്. അതിനാല്‍ കാരശ്ശേരി മുതല്‍ തമ്മയ്യ വരെയും ബലരാമന്‍ മുതല്‍ ആബിദ് അടിവാരം വരെയുള്ളവര്‍ക്ക് വേറൊരു പ്രസ്ഥാനത്തിന്റെ ആവശ്യം വരുന്നില്ല,’ രജ്ഞിത്ത് രാമചന്ദ്രന്‍ എന്നയാള്‍ പറയുന്നു.

ജന്മഭൂമിയില്‍ സ്വന്തം പേരും ഫോട്ടോയും വെച്ച് ‘ താനറിയാത്ത ‘ ഒരു ലേഖനം വന്നിട്ടും അതിനെതിരായി ഒരു നിഷേധക്കുറിപ്പ് സ്വന്തം ഫെസ്ബുക്ക് പേജില്‍ പോലും ഇടാത്ത കാരശ്ശേരി എത്ര മഹാന്‍ ഇങ്ങനെ പോവുന്നു പരിഹാസ കമന്റുകള്‍.

Content Highlight: M.N. Karassery said that the article was not written by me; the article published in Janmabhoomi was printed under a different name

 

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.