മഹാബലിയെ ചവിട്ടിതാഴ്ത്തിയത് വാമനന്‍ തന്നെ, അത് പറയുമ്പോള്‍ സംഘപരിവാര്‍ മാപ്പ് പറയിപ്പിക്കുന്നതെന്തിന്: എം.എന്‍ കാരശ്ശേരി
DISCOURSE
മഹാബലിയെ ചവിട്ടിതാഴ്ത്തിയത് വാമനന്‍ തന്നെ, അത് പറയുമ്പോള്‍ സംഘപരിവാര്‍ മാപ്പ് പറയിപ്പിക്കുന്നതെന്തിന്: എം.എന്‍ കാരശ്ശേരി
എം.എന്‍ കാരശ്ശേരി
Tuesday, 8th September 2020, 3:13 pm

വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണസന്ദേശം ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് അധ്യാപികക്കെതിരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് അധ്യാപികയായ സി.റീത്താമയെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മാപ്പ് പറയിപ്പിച്ചിരുന്നു. കൂടാതെ ഇതിന്റെ വീഡിയോ പ്രവര്‍ത്തകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവം കേരളത്തിന് മുഴുവന്‍ അപമാനമാണെന്നും ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് മേലുള്ള ഹിന്ദുത്വസംഘടനകളുടെ കടന്നുകയറ്റമാണെന്നും സാമൂഹ്യനിരീക്ഷകനായ എം.എന്‍ കാരശ്ശേരി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് എം.എന്‍ കാരശ്ശേരി ഡൂള്‍ന്യൂസിനോട് സംസാരിച്ചതിന്റെ പൂര്‍ണ്ണരൂപം

എം.എന്‍ കാരശ്ശേരി

ചങ്ങനാശ്ശേരിയില്‍ നിന്ന് ഈയിടെ വന്ന ഒരു വാര്‍ത്ത എന്നെ വളരെ വേദനിപ്പിക്കുകയും നാണിപ്പിക്കുകയും ചെയ്തു. നെടുങ്കുന്നം സെന്റ്.തെരേസാസ് ഹൈസ്‌കൂളിലെ പ്രധാനധ്യാപിക സി.റീത്താമ തന്റെ വിദ്യാര്‍ത്ഥികള്‍ക്കയച്ച ഓണാശംസയില്‍ അവര്‍ ഓണത്തിന്റെ ഐതിഹ്യത്തിന് കൊടുത്ത വ്യാഖ്യാനം, ഹിന്ദുവിരുദ്ധമാണ് അത് ഹിന്ദുക്കളുടെ അപമാനിക്കുന്നു എന്നുപറഞ്ഞ് സംഘപരിവാര്‍ അവിടുത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഈ പ്രധാനാധ്യാപികയെ പൊലീസുകാര്‍ വിളിച്ചുവരുത്തി പരാതിക്കാരുമായി സംസാരിപ്പിച്ചു. പരാതിക്കാരുടെ ആവശ്യപ്രകാരം സിസ്റ്റര്‍ മാപ്പ് പറഞ്ഞു. അത് പോരാ എഴുതിക്കൊടുക്കണം എന്ന് പറഞ്ഞ് അവര്‍ എഴുതി നല്‍കി. എഴുതിയാല്‍ പോരാ അത് വായിച്ചുകേള്‍പ്പിക്കണം എന്ന് പറഞ്ഞു. ആ വായിക്കുന്നതിന്റെ വീഡിയോ എടുത്ത് സംഘപരിവാര്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നുമാണ് കേള്‍ക്കുന്നത്.

കേരളീയര്‍ക്ക് മൊത്തം അപമാനകരമായ സംഭവമാണിത്. ആര്‍ക്കെതിരെയാണ് പരാതി? ഒരു വിദ്യാലയത്തിലെ പ്രധാനാധ്യാപികക്കെതിരെ. അവരൊരു കന്യാസ്ത്രീയാണ്. അവര്‍ അവരുടെ കുട്ടികള്‍ക്ക് ഓണത്തിന്റെ ഒരു വ്യാഖ്യാനം കൊടുത്തു. എന്താണ് ആ വ്യാഖ്യാനം, അടിച്ചമര്‍ത്തപ്പെട്ടവന്റെ, കൊടുത്തപ്പോള്‍ ചതി പകരം കിട്ടിയവന്റെ കഥയാണ് ഓണം എന്ന്.

അത് ഒരു കാലത്തിന്റെ കഥയല്ല, എല്ലാ കാലത്തും അങ്ങനെയാണ് എന്ന് പറഞ്ഞുകൊണ്ട് അവര്‍ ക്രിസ്തു, ഗാന്ധി, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ തുടങ്ങിയ ചില ചരിത്രപുരുഷന്മാരുടെ പേരുകള്‍ പറഞ്ഞു. അവര്‍ ഒരു അധ്യാപികയാണ്, അവര്‍ക്ക് അവരുടെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പാകെ ഐതിഹ്യങ്ങളും കഥകളുമൊക്കെ വ്യാഖ്യാനിക്കേണ്ട ആവശ്യം വരും.

എന്നാല്‍ ഇതിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തി. ഓണത്തിന് ഇവിടുത്തെ ഹിന്ദുത്വക്കാര്‍ കൊടുക്കുന്ന വ്യാഖ്യാനങ്ങളേ പാടുള്ളു, പുതിയ വ്യാഖ്യാനങ്ങള്‍ പാടില്ല എന്നുപറയുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനെതിരായുള്ള കടന്നുകയറ്റമാണ്. സിസ്റ്റര്‍ക്കെതിരെ പരാതി നല്‍കുന്നു. പൊലീസ് ആ പരാതി സ്വീകരിക്കുന്നു. പൊലീസ് അവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തുന്നു എന്നുള്ളതെല്ലാം അഭിപ്രായസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്.

ആ പരാതിയും അന്യായമാണ്. പൊലീസ് വിളിച്ചുവരുത്തിയതും അന്യായമാണ്. എന്നിട്ട് അവിടെവെച്ച് സമ്മര്‍ദം ഉപയോഗിച്ച് മാപ്പെഴുതിക്കുക, ആ മാപ്പ് അവര്‍ വായിക്കുക. ഒരു സ്ത്രീയെ അപമാനിക്കുക, ഒരു അധ്യാപികയെ അപമാനിക്കുക, ഒരു കന്യാസ്ത്രീയെ അപമാനിക്കുക, ഇന്ത്യന്‍ പൗരയായ ഒരാളെ അപമാനിക്കുക. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇതൊക്കെ നടക്കുന്നതെന്ന് ശ്രദ്ധിക്കണം.

അവര്‍ അവരുടെ അഭിപ്രായം പറഞ്ഞു, അതിനെന്താണ്? മറ്റുള്ളവര്‍ക്ക് ആ അഭിപ്രായത്തെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എതിര്‍പ്പ് അവര്‍ക്ക് പറയാം. സി.റീത്താമയുടെ വ്യാഖ്യാനം ശരിയല്ല എന്നുപറയാം. അതിന് അവര്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. പൊലീസ് അതായിരുന്നു പറയേണ്ടിയിരുന്നത്. അല്ലാതെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ഇങ്ങനെ ചെയ്യുകയല്ല. സംഘപരിവാറിന്റെ ആളുകളും പൊലീസും ചെയ്തത് അന്യായമാണ്. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഇവിടുത്തെ മിത്തുകളെയും പുരാവൃത്തങ്ങളെയും കുറിച്ച് പാരമ്പര്യമായി പറഞ്ഞുവരുന്ന കാര്യങ്ങളേ പറയാന്‍ പാടുള്ളു എന്നാണ് സംഘപരിവാര്‍ പറയുന്നത്. ഒരു നിലയ്ക്ക് നോക്കുകയാണെങ്കില്‍ പാരമ്പര്യമായി പറഞ്ഞുവരുന്ന കാര്യങ്ങള്‍ തന്നെയാണ് സിസ്റ്റര്‍ ആ വീഡിയോയില്‍ പറഞ്ഞത്.

മഹാബലിയെ എതിരേല്‍ക്കാന്‍ തന്നെയാണല്ലോ ഓണാഘോഷം. മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയത് വാമനമൂര്‍ത്തിയാണ്. പാരമ്പര്യമായി പറയുന്ന കഥ തന്നെയാണ് അധ്യാപിക പറഞ്ഞത്. അതില്‍ എന്തിനാണ് സംഘപരിവാറിന് അസൗകര്യം തോന്നുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഇനി എതിര്‍പ്പുണ്ടെങ്കില്‍ തന്നെ അവര്‍ക്ക് അത് പ്രകടപ്പിക്കാം. അവരുടേതായ അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും അവതരിപ്പിക്കാം. അതല്ലാതെ കുറ്റവാളിയെപ്പോലെ അധ്യാപികയെ സ്റ്റേഷനില്‍ എത്തിക്കാനുള്ള സമ്മര്‍ദം ചെലുത്തുകയാണ് സംഘപരിവാര്‍ ചെയ്തത്. ആ സമ്മര്‍ദത്തിന് വഴങ്ങി പൊലീസ് അവരെ വിളിച്ചുവരുത്തി. അവര്‍ മാപ്പ് പറഞ്ഞു. മാപ്പ് പറയാനുള്ള എന്ത് കുറ്റമാണ് അവര്‍ ചെയ്തതെന്ന് എനിക്ക് മനസ്സിലായില്ല. യഥാര്‍ത്ഥത്തില്‍, ഒരു പൗരക്ക് അപമാനം വരുന്ന തരത്തില്‍ പെരുമാറാന്‍ പൊലീസ് മറ്റുള്ളവരെ മൗനം കൊണ്ട് അനുവദിക്കുകയായിരുന്നു.

അതുകൊണ്ട് പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. സംഘപരിവാറിന് പരാതി കൊടുക്കാനൊക്കെ തോന്നും. അപ്പോള്‍ ഇതില്‍ അങ്ങനെ പരാതിപ്പെടാനുള്ള വകുപ്പൊന്നുമില്ലെന്നും അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുള്ളതാണെന്നുമാണ് പൊലീസ് പറയേണ്ടത്. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ അപ്പുറത്തേക്കുള്ളതൊന്നും തന്നെ സി.റീത്താമ ചെയ്തിട്ടില്ല.

അധ്യാപകദിനം കൊണ്ടാടി അതിന്റെ ചൂട് തീരും മുന്‍പേയാണ് കേരളത്തിലെ ഒരു അധ്യാപികക്കെതിരെ ഇത് നടന്നത്. അഭിപ്രായസ്വാതന്ത്ര്യത്തെയും പൗരസ്വാതന്ത്ര്യത്തെയും സ്ത്രീത്വത്തെയും മാനിക്കുന്ന, അധ്യാപകരെ ബഹുമാനിക്കുന്ന ആളുകള്‍ സിസ്റ്ററുടെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കൂടെ നില്‍ക്കണം.

ഓണത്തെക്കുറിച്ച് ഓരോരുത്തരും ഓരോ അഭിപ്രായമാണ് പറയുന്നത്. അത് അവര്‍ പറയട്ടെ. വാമനമൂര്‍ത്തിയെ കൊണ്ടാടാനാണ് ഓണം ആഘോഷിക്കുന്നതെന്ന് പറയാന്‍ ഒരാള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതുപോലെ മഹാബലിയെ കൊണ്ടാടാനാണ് ഓണം ആഘോഷിച്ചക്കുന്നതെന്ന് പറയാന്‍ വേറെ ഒരാള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അതിനെയാണ് ജനാധിപത്യമെന്നും മതേതരത്വമെന്നും ദേശീയതയെന്നും പറയുന്നത്. അല്ലാതെ ഒരു കൂട്ടര്‍ക്ക് തോന്നിയത് പറയുക. അതിന് എതിരായോ വ്യത്യസ്തമായോ ആരും ഒന്നും പറയരുത് എന്ന നിലപാടല്ല വേണ്ടത്. തികച്ചും തെറ്റായ രീതിയാണത്. ഇത് നമ്മുടെ ജനാധിപത്യത്തെ ദുര്‍ബലമാക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: M N Karassery on forcing a school teacher from Kottayam to apologize for her Onam wishes that they claimed hurt Hindu feelings

എം.എന്‍ കാരശ്ശേരി
എഴുത്തുകാരന്‍, സാമൂഹ്യനിരീക്ഷകന്‍