കമ്മ്യൂണിസ്റ്റായ ഞാന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു; കെ.കെ. രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം. മണി
Kerala News
കമ്മ്യൂണിസ്റ്റായ ഞാന്‍ വിധി എന്ന് പറയാന്‍ പാടില്ലായിരുന്നു; കെ.കെ. രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം.എം. മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th July 2022, 12:31 pm


തിരുവന്തപുരം: വടകര എം.എല്‍.എ കെ.കെ. രമക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് ഉടുമ്പന്‍ചോല എം.എല്‍.എ എം.എം. മണി. വിവാദ പരാമര്‍ശത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് എം.എം. മണി പരാമര്‍ശം പിന്‍വലിച്ചത്.

വിധി എന്ന് കമ്മ്യൂണിസ്റ്റായ ഞാന്‍ പറയാന്‍ പാടില്ലായിരുന്നു. അങ്ങനെ ഉപയോഗിച്ചത് ആരേയും വേദനിപ്പിക്കാന്‍ വേണ്ടി പറഞ്ഞതല്ല. സ്പീക്കറുടെ ഉദ്ദേശം മാനിക്കുന്നുവെന്നും മണി പറഞ്ഞു.

‘താന്‍ മറ്റൊരു ഉദ്ദേശത്തോടെ നടത്തിയ പ്രസ്താവന ആയിരുന്നില്ല അത്. എന്നാല്‍ തന്റെ പരാമര്‍ശം മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടു. ഒരു കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നു’. അതുകൊണ്ട് വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് എം.എം. മണി സഭയില്‍ പറഞ്ഞു.

എം.എം. മണി നടത്തിയ പരാമര്‍ശം അനുചിതമായിരുന്നെന്നും അതില്‍ തെറ്റായ രാഷ്ട്രീയം ഉള്‍ചേര്‍ന്നിട്ടുണ്ടെന്നും സ്പീക്കര്‍ എം.ബി. രാജേഷും പറഞ്ഞു. പുതിയ കാലത്ത് വാക്കുകളുടെ അര്‍ത്ഥവും സമൂഹിക സാഹചര്യവുമൊക്കെ മാറിയിട്ടുണ്ട്. അത് അംഗങ്ങള്‍ മനസിലാക്കണമെന്നും രാജേഷ് പറഞ്ഞു.

പാര്‍ശവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് പരിഗണന നല്‍കണമെന്നും രാജേഷ് പറഞ്ഞു. പ്രത്യക്ഷത്തില്‍ അണ്‍പാല്‍ലമെന്ററി അല്ലെങ്കിലും അനുചിതമായ വാക്കുകള്‍ ഇടപെട്ട് രേഖയില്‍ നിന്ന് നീക്കം ചെയ്യുമെന്നും രാജേഷ് പറഞ്ഞു.