കടകംപള്ളി വിഡ്ഢിത്തം പറയുകയാണ്, അയാളെ ആരും ശബരിമലയില്‍ അഭിപ്രായം പറയാന്‍ ഏല്‍പ്പിച്ചിട്ടില്ല: എം.എം മണി
Kerala News
കടകംപള്ളി വിഡ്ഢിത്തം പറയുകയാണ്, അയാളെ ആരും ശബരിമലയില്‍ അഭിപ്രായം പറയാന്‍ ഏല്‍പ്പിച്ചിട്ടില്ല: എം.എം മണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 28th March 2021, 10:50 am

ഇടുക്കി: ശബരിമല യുവതീപ്രവേശനത്തില്‍ ഖേദം പ്രകടിപ്പിച്ച ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. കടകംപള്ളി വിഡ്ഢിത്തം പറയുകയാണെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും എം.എം മണി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അയാള്‍ ചുമ്മാ വിഡ്ഢിത്തം പറയുകയാണ്. ഒരു കാര്യവും ഇല്ലാത്തതാണ്. അയാള്‍ക്ക് ഇത് പറയേണ്ടതെന്താണ്. തനിക്ക് അതിനോടൊന്നും യോജിപ്പില്ലെന്ന് എം.എം മണി പറഞ്ഞു.

ശബരിമല വിഷയത്തില്‍ അഭിപ്രായം പറയാന്‍ കടകംപള്ളിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. അദ്ദേഹം തന്നെ ചുമ്മാ ഏറ്റെടുത്തിരിക്കുകയാണെന്നും എം.എം മണി കൂട്ടിച്ചേര്‍ത്തു.

‘ശബരിമല വിഷയത്തില്‍ യെച്ചൂരി പറഞ്ഞതാണ് പാര്‍ട്ടി നിലപാട്. വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന കാര്യമല്ലേ. കടകംപള്ളി ബുദ്ധിമോശം കൊണ്ട് പറയുന്നതാണ്. ആനി രാജ പറയുന്നതില്‍ ശരിയുണ്ട്. ഇടതുമുന്നണി അതില്‍ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്,’ മണി പറഞ്ഞു.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവ വികാസങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നാണ് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞത്. സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തു തന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്ത് മാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും കടകംപള്ളി പറഞ്ഞിരുന്നു.

‘2018ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീം കോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ അതൊന്നും ജനങ്ങളുടെ മനസിലില്ല,’ എന്നായിരുന്നു കടകംപള്ളി പറഞ്ഞത്.

കടകംപള്ളിയെ തള്ളി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തിയിരുന്നു. ‘കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്യതയാണ് പാര്‍ട്ടി നയം,’ യെച്ചൂരി പറഞ്ഞു.

ശബരിമലയില്‍ ഇടതുപക്ഷം നിലപാടില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ലെന്നാണ് സി.പി.ഐ നേതാവ് ആനി രാജ കഴിഞ്ഞ ദിവസം പറഞ്ഞത്. ഏതെങ്കിലും മന്ത്രി ഒരു അഭിപ്രായം പറഞ്ഞെന്ന് കരുതി ഇടതുപക്ഷ നിലപാട് മാറില്ലെന്നും ആനി രാജ പറഞ്ഞിരുന്നു. ലിംഗസമതമെന്നത് മതത്തിന്റെ കാര്യത്തിലും രാഷ്ട്രീയത്തിന്റെ കാര്യത്തിലും വേണമെന്ന് തന്നെയാണ് നിലപാടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കടകംപള്ളിയുടെ ഖേദപ്രകടനം എന്തിനായിരുന്നെന്ന് ഇതുവരെ മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്നായിരുന്നു വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ‘അതിന്റെ കാര്യം എന്താണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. അദ്ദേഹം പറഞ്ഞത് എന്തിനായിരുന്നു എന്ന് ഞാന്‍ ചോദിക്കാന്‍ പോയിട്ടുമില്ല. ശബരിമല വിഷയത്തില്‍ ഈ വിധി വരുമ്പോഴുള്ള നിലപാട് മാത്രമേ നമ്മള്‍ ഇനി ചര്‍ച്ച ചെയ്യേണ്ടതുള്ളു. കടകംപള്ളി സുരേന്ദ്രനെ അങ്ങനെയൊരു പ്രസ്താവന നടത്തുന്നതിലേക്ക് നയിച്ച കാര്യമെന്താണെന്ന് വ്യക്തമല്ല,’ പിണറായി വിജയന്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: M M Mani against Kadakampalli Surendran on Sabarimala women entry controversy