ഇടുക്കി: അഞ്ചേരി ബേബി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം. മണിയെ കേസിനാസ്പദമായ മണക്കാട്ടെ വിവാദ പ്രസംഗത്തിന്റെ പേരിലും അറസ്റ്റ് ചെയ്യാന്‍ തീരുമാനം.[]
കേസ് അന്വേഷിക്കുന്ന സംഘമാണ് മണിയെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. പ്രസംഗത്തിന്റെ പേരില്‍ തയാറാക്കിയ എഫ്.ഐ.ആറില്‍ കൊലപാതക ശ്രമം, കുറ്റം മറച്ചുവയ്ക്കല്‍ തുടങ്ങി ഏഴോളം വകുപ്പുകളാണ് മണിക്കെതിരെ ചുമത്തിയിരിക്കുന്നത്. മണി റിമാന്‍ഡില്‍ കഴിയുന്ന പീരുമേട് സബ് ജയിലില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
മേയ് 25 ന് തൊടുപുഴക്കടുത്ത് മണക്കാട് മണി നടത്തിയ പ്രസംഗം അഞ്ചേരി ബേബി വധക്കേസില്‍ മണിക്ക് പങ്കുണ്ടെന്ന് തെളിയിക്കുന്നതാണെന്ന് ആരോപിച്ചാണ് പൊലീസ് മണിയെ ഇന്നലെ അറസ്റ്റ് ചെയ്തത്.
നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കിയ മണിയെ അടുത്തമാസം നാല് വരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മണിയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് ഇടുക്കി ജില്ലയില്‍ സി.പി.ഐ.എം ഹര്‍ത്താല്‍ ആചരിക്കുകയാണ്.
1982 നവംബര്‍ 13നാണ് ഐ.എന്‍.ടി.യു.സി നേതാവായിരുന്ന അഞ്ചേരി ബേബി വധിക്കപ്പെടുന്നത്. സംഭവത്തിന് ദൃക്‌സാക്ഷികളുണ്ടായിരുന്നിട്ടും പ്രതികളെല്ലാം രക്ഷപ്പെടുകയായിരുന്നു. എന്നാല്‍, മുപ്പത് വര്‍ഷത്തിനുശേഷം മെയ് 25ന് മണി തൊടുപുഴ മണക്കാട്ട് നടത്തിയ പ്രസംഗത്തില്‍, കേസ് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുകള്‍ നടത്തി. രാഷ്ട്രീയ എതിരാളികളെ പട്ടിക തയ്യാറാക്കി കൊന്നിട്ടുണ്ടെന്നായിരുന്നു മണിയുടെ പ്രസംഗം.
മണിയുടെ വിവാദ പ്രസംഗം വാര്‍ത്തയായതോടെയാണ് ജില്ലയില്‍ മുപ്പത് വര്‍ഷം മുമ്പ് നടന്ന കൊലപാതക കേസുകള്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.
