ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മുഖമുദ്ര: എം.കെ. സ്റ്റാലിന്‍
national news
ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മുഖമുദ്ര: എം.കെ. സ്റ്റാലിന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th May 2023, 3:33 pm

ന്യൂദല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അനീതിയില്‍ ഞെട്ടലുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മുഖമുദ്രയായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സ്റ്റാലിന്റെ പ്രതികരണം.

‘നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യന്മാരോട് കാണിക്കുന്ന കടുത്ത അനീതിക്ക് സാക്ഷ്യം വഹിക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. ഈ സമയത്തും
നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി സ്ത്രീകളെ ശാക്തീകരിക്കുന്നതിനെക്കുറിച്ചുള്ള പ്രഭാഷണങ്ങള്‍ തുടരുകയാണ്. ഇതെല്ലാം കപട വാഗ്ദാനങ്ങളാണ്.

ഇരകളെ പീഡിപ്പിക്കുകയും പ്രതികളെ സംരക്ഷിക്കുകയും ചെയ്യുന്നത് ബി.ജെ.പിയുടെ മുഖമുദ്രയായി മാറി. കത്‌വ, ഉന്നാവോ, ഹത്രാസ്, ബില്‍ക്കിസ് ബാനു തുടങ്ങിയ കേസില്‍ നമ്മളിത് കണ്ടതാണ്,’ സ്റ്റാലിന്‍ പറഞ്ഞു.

ഗുസ്തി താരങ്ങള്‍ക്കെതിരെ കഴിഞ്ഞ ദിവസമുണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് സ്റ്റാലിന്റെ പ്രതികരണം. ഗുസ്തി താരങ്ങളോടുള്ള ദല്‍ഹി പൊലീസിന്റെ പെരുമാറ്റം ലജ്ജാകരമെന്നായിരുന്നു വിഷയത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞത്. ബി.ജെ.പിയുടെ ബേഠി ബച്ചാവോ മുദ്രാവാക്യം പ്രഹസനമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

അതേസമയം, ജന്തര്‍ മന്തറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് നേരെ ഇന്നലെ അര്‍ധരാത്രിയാണ് പൊലീസിന്റെ അക്രമം ഉണ്ടായത്. ഗുസ്തി താരങ്ങള്‍ക്ക് കിടക്കകളുമായി എത്തിയ ആം ആദ്മി പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞിരുന്നു. പൊലീസ് അക്രമത്തില്‍ പരിക്കേറ്റ രണ്ട് സമരക്കാര്‍ ആശുപത്രിയിലാണ്.

12ാമത്തെ ദിവസമാണ് ഗുസ്തി താരങ്ങള്‍ തങ്ങളുടെ സമരം തുടരുന്നത്. രാപ്പകല്‍ സമരം നടത്തുന്ന ഇവരുടെ കിടക്കകള്‍ മഴയത്ത് നനഞ്ഞിരുന്നു. ഇതോടെയായിരുന്നു കിടക്കകളുമായി ആം ആദ്മി പ്രവര്‍ത്തകര്‍ സമര വേദയിലെത്തിയിത്. ഇതാണ് അര്‍ധരാത്രി പൊലീസ് തടഞ്ഞത്.

Content Highlight: M.K. Stalin has expressed shock at the injustice shown by the central government to the wrestlers protesting at Jantar Mantar