ബല്‍റാമിനുള്ള മറുപടി ഉമ്മന്‍ ചാണ്ടി 2015ല്‍ കൊടുത്തിട്ടുണ്ട്: എം.ബി രാജേഷ് സംസാരിക്കുന്നു
Opinion
ബല്‍റാമിനുള്ള മറുപടി ഉമ്മന്‍ ചാണ്ടി 2015ല്‍ കൊടുത്തിട്ടുണ്ട്: എം.ബി രാജേഷ് സംസാരിക്കുന്നു
എം.ബി രാജേഷ്‌
Wednesday, 26th August 2020, 6:29 pm

കോണ്‍ഗ്രസ് എം.എല്‍.എമാരും പ്രതിപക്ഷനേതാക്കളുമെല്ലാം വസ്തുത പുറത്തുവന്നിട്ടും കള്ളം ആവര്‍ത്തിക്കുകയാണ്. അവര്‍ക്ക് കള്ളത്തിന്റെ മുകളിലേ പിടിച്ചുനില്‍ക്കാനാകൂ. ഒരു നുണ പൊളിഞ്ഞാല്‍ ഒരു ലജ്ജയുമില്ലാതെ അടുത്ത നുണയുമായി വരികയാണ്. പ്രധാനപ്പെട്ട എല്ലാ ഫയലുകളും സുരക്ഷിതമാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അതാണല്ലോ പ്രധാനപ്പെട്ട കാര്യം. ഫയലുകള്‍ നശിച്ചിട്ടില്ലെന്ന് ഇന്നലെ തന്നെ ചീഫ് സെക്രട്ടറി വ്യക്തമാക്കിയതാണ്. പിന്നെ എന്തിനാണ് ഇവര്‍ അക്രമം നടത്തിയത്.

സെക്രട്ടറിയേറ്റിലെ 99.9 ശതമാനം ഫയലുകളും ഇ-ഫയലുകളാണ്. ബാക്കി 0.1 ശതമാനം മാത്രമാണ് ഇ-ഫയലുകളല്ലാത്തത്. അത്തരം ഫയലുകള്‍ പോലും സ്‌കാന്‍ ചെയ്ത് സൂക്ഷിക്കാനുള്ള സംവിധാനമുണ്ട്. തീപിടിത്തമുണ്ടായിട്ട് കേടുപാട് സംഭവിച്ചിട്ടുള്ള ഫയലുകള്‍ ജി.എ.ഡി പ്രോട്ടോക്കള്‍ ഓഫീസിലെ പൊളിറ്റിക്കല്‍ 5ലെ ഫയലുകളാണ്.

ഗവര്‍ണര്‍, മന്ത്രിമാര്‍, ലോകായുക്ത തുടങ്ങിയവരുടെ സത്യപ്രതിജ്ഞ ചടങ്ങുമായി ബന്ധപ്പെട്ട ഫയലുകളാണ് ഇവ.  ഇവ ഇരിക്കുന്ന അലമാരയുടെ ഭാഗത്താണ് തീ പിടിച്ചിട്ടുള്ളത്. ദര്‍ബാര്‍ ഹാളിന്റെയും സൗത്ത് കോണ്‍ഫറന്‍സ് ഹാളിന്റെയും അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട ഫയലുകള്‍ ഇരിക്കുന്ന അലമാരയുടെ ഭാഗത്തും തീപിടിച്ചിട്ടുണ്ട്.

കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ലിസ്റ്റില്‍ ഉള്‍പ്പെടാതെ ആര്‍ക്കെങ്കിലും വി.ഐ.പി പരിഗണന കൊടുക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സൂക്ഷിച്ച ഫയലുകള്‍ക്കുമാണ് കേടുപാട് സംഭവിച്ചിട്ടുള്ളത്. സ്വര്‍ണക്കള്ളക്കടത്ത് കേസുമായി ഇതിനൊന്നും ഒരു ബന്ധവുമില്ല. കോണ്‍സുലേറ്റിലെ അറ്റാഷെയും കോണ്‍സുലേറ്റ് ജനറലുമൊക്കെ സ്റ്റാന്‍ഡേര്‍ഡ് ലിസ്റ്റില്‍ തന്നെ ഉള്‍പ്പെടുന്നതാണ്. അതുകൊണ്ടു തന്നെ കേടുപാട് സംഭവിച്ച ഫയലുകളൊന്നും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടവയേ അല്ല.

സെക്രട്ടറിയേറ്റിന്റെ അകത്ത് ഒരു ചെറിയ തീപിടിത്തം മാത്രമാണ് ഉണ്ടായത്. അതിനെ ഊതിപ്പെരുപ്പിക്കാനായിരുന്നു കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിച്ചു ശ്രമിച്ചത്. അവിടെ ഉണ്ടായ ഒരു തീപ്പൊരിയെ കേരളം മുഴുവന്‍ ആളിക്കത്തിക്കാനാണ് ഇവര്‍ ശ്രമിച്ചത്. ഇവര്‍ പറയുന്നത് പോലെ വലിയ തീപിടിത്തമേ ഉണ്ടായിട്ടില്ല. സെക്രട്ടറിയേറ്റ് കത്തിപ്പോയിട്ടൊന്നുമില്ല.

ഫയലുകള്‍ സുരക്ഷിതമാണെന്ന് വ്യക്തമായി കഴിഞ്ഞു. അതുമാത്രമല്ല, എന്‍.ഐ.എ ആവശ്യപ്പെട്ട ഫയലുകളെല്ലാം നേരത്തെ തന്നെ കൊടുത്തുക്കഴിഞ്ഞതാണ്. ഇതും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2019-2020ലെ ബാഗേജ് ക്ലിയറന്‍സുമായി ബന്ധപ്പെട്ട് നികുതി ഇളവ് കൊടുക്കുന്ന വിഷയത്തിലെ ഫയലുകളാണ് എന്‍.ഐ.എ ആദ്യം ആവശ്യപ്പെട്ടിരുന്നത്. നികുതി ഇളവ് കൊടുത്തിട്ടില്ലെന്നുള്ള വിവരം എന്‍.ഐ.എക്ക് കൈമാറി കഴിഞ്ഞതാണ്.

ഇതിനുഷേം 2016 മുതലുള്ള ഫയലുകളും എന്‍.ഐ.എ ആവശ്യപ്പെട്ടിരുന്നു. അത് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ നേരിട്ടുപോയി കൊടുത്തതാണ്. ഇതിനെല്ലാം ശേഷവും പ്രതിപക്ഷം ഈ കോലാഹലം നടത്തുന്നത് അവരുടെ പിരിമുറുക്കമാണ് കാണിക്കുന്നത്. നിയമസഭയില്‍ മുഖം നഷ്ടപ്പെട്ടതിനുള്ള പരിഹാരക്രിയയാണ് ഇവര്‍ ഈ ചെയ്യുന്നത്.

ബി.ജെ.പി ഉന്നയിക്കുന്ന അതേ ആരോപണങ്ങളാണ് കോണ്‍ഗ്രസും നടത്തുന്നത്. എല്ലാ ഫയലുകളും സുരക്ഷിതമാണെന്ന് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നതിന് ശേഷവും പ്രതിപക്ഷം ഈ ആരോപണങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തിനാണ്. ഫയല്‍ സുരക്ഷിതമാണെങ്കിലും ‘ഇല്ല എല്ലാ ഫയലും നശിച്ചുപോയി’ എന്ന് പറയണമെന്നാണോ ഇവര്‍ ആഗ്രഹിക്കുന്നത്. എന്‍.ഐ.എക്ക് കൈമാറേണ്ടത് നേരത്തെ കൈമാറി. ഇതുമായി ബന്ധപ്പെട്ട ഫയലുകളൊന്നും നഷ്ടപ്പെടുകയോ നശിക്കുകയോ ചെയ്തിട്ടില്ല. എന്‍.ഐ.എക്ക് ഒരു ആക്ഷേപവുമില്ലെങ്കില്‍ ഇവര്‍ക്കെന്താണ് പ്രശ്‌നം.

ഇ-ഫയലിംഗുമായി ബന്ധപ്പെട്ട് ബല്‍റാം നടത്തിയ വാദങ്ങള്‍ക്കുള്ള മറുപടി ഇതാണ്. ‘ ഇ-ഫയല്‍ സമ്പ്രദായം നിലവില്‍ വരാത്ത വകുപ്പുകളില്‍ നിന്നും നിലവില്‍ വന്ന വകുപ്പുകളിലേക്ക് ഫയല്‍ അയക്കുന്ന പ്രക്രിയ സുഗമമാക്കുന്നതിനായി, ഫിസിക്കല്‍ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് ഇലക്ട്രോണിക് ഫയലുകളായി അയക്കുന്നതിനുള്ള സി.ആര്‍.യു(സെന്‍ട്രല്‍ രജിസ്റ്റര്‍ യൂണിറ്റ്) എല്ലാ വകുപ്പുകളിലും രൂപീകരിച്ചിട്ടുണ്ട്. അതായത് എല്ലാ ഫയലും സ്‌കാന്‍ ചെയ്ത് ഇലക്ട്രോണിക് ഫയലായി സൂക്ഷിക്കുന്നു എന്നാണ് ഇതിന്റെ അര്‍ത്ഥം.’

ഇത് എന്റെ മറുപടിയല്ല ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ നല്‍കിയ മറുപടിയാണ്. 13/7/2015ന് ചോദ്യനമ്പര്‍ 2818 ന് നല്‍കിയ മറുപടി. 13ാം കേരളനിയമസഭയിലെ 14ാം സമ്മേളനത്തില്‍ ബല്‍റാമിന്റെ നേതാവായ ഉമ്മന്‍ ചാണ്ടി നല്‍കിയ മറുപടി.

എം.എല്‍.എ ആയിരുന്നാല്‍ പോര നിയമസഭാ നടപടികളൊക്കെ ശ്രദ്ധിക്കണം. നിയമസഭാ രേഖയാണ് ഞാനിവിടെ ഉദ്ധരിച്ചത്. ഇതിന് എന്തെങ്കിലും മറുപടിയുണ്ടെങ്കില്‍ ബല്‍റാം പറയട്ടെ. ഈ സര്‍ക്കാരിന്റെ സമയത്തും നിയമസഭയില്‍ ഇതുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കിയിട്ടുണ്ട്. അന്ന് ഇവരാരും തര്‍ക്കിച്ചിട്ടില്ല. അങ്ങനെയാണെങ്കില്‍ അന്നത്തെ ഉത്തരം തെറ്റാണെന്ന് പറഞ്ഞ് നിയമസഭയില്‍ അവകാശലംഘനത്തിന് നോട്ടീസ് കൊടുക്കണമല്ലോ. നിയമസഭയില്‍ തെറ്റായ ഉത്തരം നല്‍കരുതല്ലോ.

ബല്‍റാം ഇരിക്കുന്ന നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയുണ്ട്.കേരളം പേപ്പര്‍ലെസ്സ് സെക്രട്ടറിയേറ്റാക്കി മാറ്റുന്നതിന്റെ ഭാഗമായി 99 ശതമാനം ഫയലുകളും ഡിജിറ്റലൈസേഷന്‍ കഴിഞ്ഞു നിയമസഭയില്‍ പോയി അവിടെ വര്‍ത്തമാനം പറഞ്ഞിരുന്നാല്‍ പോര, ഇതൊക്കെ ശ്രദ്ധിക്കണമെന്നേ ബലറാമിനോട് പറയാനുള്ളു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

എം.ബി രാജേഷ്‌
മുന്‍ എം.പി, സി.പി.ഐ.എം നേതാവ്‌