തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതിയിൽ നിന്നും മഹാത്മാഗാന്ധിയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ടുള്ള മാതൃഭൂമിയുടെ മുഖപ്രസംഗത്തെ വിമർശിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്.
അങ്ങേയറ്റം കാപട്യവും ഭീകരവുമാണ് മാതൃഭൂമിയുടെ മുഖപ്രസംഗമെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ എം.ബി രാജേഷ് പറഞ്ഞു. ഇടതുപക്ഷത്തോടുള്ള അടങ്ങാത്ത പകയുടെ ലജ്ജയില്ലാത്ത പ്രദർശനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ദേശീയതലത്തിൽ ഹിന്ദുത്വ ശക്തികളും കേരളത്തിൽ സി.പി.ഐ.എം പ്രവർത്തകരുമാണ് ഗാന്ധിജിയോട് കലി കാട്ടുന്നത്’ എന്ന വാചകം ആ മുഖപ്രസംഗത്തെ വെറുമൊരു കൂലിയെഴുത്തിന്റെ തൊണ്ടിമുതലാക്കി മാറ്റുന്നുവെന്ന് എം.ബി രാജേഷ് പറഞ്ഞു.
ഇന്ത്യയിലെ 10-12 കോടിയോളവും കേരളത്തിലെ 20 ലക്ഷത്തോളവുമുള്ള മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നത്തെ കുറിച്ച് ഒരൊറ്റ വരി പോലും മാതൃഭൂമി മുഖപ്രസംഗത്തിൽ എഴുതിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അതിൽ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇനിമുതൽ പദ്ധതിയുടെ 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണം. കേരളത്തിന് 1600 കോടി രൂപയുടെ അധികബാധ്യതയാണ് ഒരു വർഷത്തേക്ക് വരുന്നത്. ചെലവ് പകുതിയോളം സംസ്ഥാന സർക്കാർ വഹിക്കണം. പക്ഷേ, വ്യവസ്ഥകൾ മുഴുവൻ കേന്ദ്ര സർക്കാർ നിശ്ചയിക്കും. കാർഷിക സീസണിൽ നിർത്തിവെക്കണം എന്ന വ്യവസ്ഥ കൂടിയാകുമ്പോൾ ഫലത്തിൽ തൊഴിലുറപ്പ് പദ്ധതി തന്നെ റദ്ദാക്കുകയാണ്,’ എം.ബി രാജേഷ് പറഞ്ഞു.
പേര് മാറുന്നത് മാത്രമല്ല ഉള്ളടക്കം തന്നെ തകർക്കുന്ന പദ്ധതിയാണ് കേന്ദ്രം മുന്നോട്ട് വെക്കുന്നതെന്നും അതൊന്നും മാതൃഭൂമി കാണാത്തതെന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു.
2019 ഒക്ടോബർ രണ്ടിന് ഗാന്ധിജിയുടെ 150-ാം ജന്മവാർഷിക ദിവസത്തിൽ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിനെക്കൊണ്ട് മാതൃഭൂമിയിൽ മുഖലേഖനമെഴുതിച്ച അശ്ലീലത്തോട് കിടപിടിക്കാവുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: M.B. Rajesh criticized Mathrubhumi’s editorial regarding the removal of Mahatma Gandhi’s name from the employment guarantee scheme