തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി വളരെ അടുത്ത ആത്മബന്ധവും സ്‌നേഹബന്ധവും പുലര്‍ത്തിപ്പോന്നിരുന്ന ആളായിരുന്നു താനെന്ന് എം.എ. യൂസഫലി.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനുമായി വളരെ അടുത്ത ആത്മബന്ധവും സ്‌നേഹബന്ധവും പുലര്‍ത്തിപ്പോന്നിരുന്ന ആളായിരുന്നു താനെന്ന് എം.എ. യൂസഫലി.
അസുഖത്തെ തുടര്‍ന്ന് സംസാരിക്കാന്‍ പറ്റാനാവാത്ത സ്ഥിതി എത്തുന്നത് വരെ അദ്ദേഹത്തെ വീട്ടില്‍ പോയി കണ്ടിരുന്നു. താനുമായി എപ്പോഴും സ്‌നേഹബന്ധം വെച്ച പുലര്‍ത്തിയിരുന്ന ആളായിരുന്നു വി.എസെന്നും യൂസഫലി പറഞ്ഞു. വി.എസിന്റെ പൊതുദര്‍ശനത്തില്‍ പങ്കെടുത്ത ശേഷം പുറത്ത് വരുമ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യൂസഫലി.
നിഷ്‌കളങ്കനായ ഒരു രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കര്‍ക്കശമായ കാര്യങ്ങള്‍ തീരുമാനിക്കാനുള്ള അദ്ദേഹത്തിന്റെ പാടവം ഞാന്‍ നേരത്തെ അറിഞ്ഞതാണ്. അദ്ദേഹം കൊച്ചിന്‍ എയര്‍പോര്‍ട്ടിന്റെ ചെയര്‍മാനായിരുന്ന സമയത്ത് ഞാന്‍ ബോര്‍ഡ് മെമ്പറായിരുന്നു. നോര്‍ക്ക ചെയര്‍മാനായിരുന്ന സമയത്ത് എന്നെ അദ്ദേഹം വൈസ് ചെയര്‍മാന്‍ ആക്കി.
സ്മാര്‍ട്ട് സിറ്റി വിഷയങ്ങളില്‍ അടക്കം അദ്ദേഹവുമായി അടുത്ത് ഇടപെഴകാനും അദ്ദേഹത്തിന്റെ ദീര്‍ഘദൃഷ്ടിയെക്കുറിച്ച് നേരിട്ട് മനസിലാക്കാനുള്ള സാഹചര്യവും എനിക്കുണ്ടായി. നഷ്ടപ്പെട്ടത് ഒരു രാഷ്ട്രീയനേതാവിനെക്കാള്‍ ഒരു ഭരണാധികാരിയെയാണ്.
നോര്‍ക്ക റൂട്ട്‌സ് ചെയര്‍മാനായിരിക്കുന്ന സമയത്ത് പ്രവാസികളുടെ ഏത് കാര്യത്തിലും അദ്ദേഹം ഉടനടി തീരുമാനമെടുക്കും. അദ്ദേഹം ഗള്‍ഫില്‍ എത്തിയാല്‍ ഞങ്ങള്‍ കൂടിക്കാഴ്ച്ച നടത്താറുണ്ടെന്നും യൂസഫലി കൂട്ടിച്ചേര്‍ത്തു.
അതേസമയം ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി വി.എസിന്റെ ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുകയാണ്. ആലപ്പുഴയിലേക്ക് രാത്രിയോട് എത്തിച്ചേര്‍ന്ന ശേഷംനാളെ രാവിലെ പാര്‍ട്ടി ജില്ല കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയി പൊതുദര്‍ശനത്തിന് വെക്കും.
ആയിരകണക്കിനാളുകളാണ് ഇന്നലെ രാത്രി വി.എസിനെ ഒരു നോക്കുകാണാനായി എ.കെ.ജി സെന്ററിലെത്തിയത്. നാളെ ഉച്ച കഴിഞ്ഞ് ആലപ്പുഴ വലിയചുടുകാട്ടിലാണ് സംസ്‌കാരം. വി.എസിനോടുള്ള ആദരസൂചകമായി നാളെ ആലപ്പുഴ ജില്ലക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlight: M. A. Yusuff Ali talks about V. S. Achuthanandan