പേരറിവാളന്‍ പുറത്തിറങ്ങുമ്പോള്‍ നൂറു കണക്കിന് ആളുകളെക്കൂടി നാം ഓര്‍ക്കേണ്ടത്; എം.എ. ബേബി
Kerala News
പേരറിവാളന്‍ പുറത്തിറങ്ങുമ്പോള്‍ നൂറു കണക്കിന് ആളുകളെക്കൂടി നാം ഓര്‍ക്കേണ്ടത്; എം.എ. ബേബി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 18th May 2022, 9:59 pm

കോഴിക്കോട്: രാജീവ് ഗാന്ധി വധക്കേസില്‍ പേരറിവാളന്‍ ജയില്‍മോചിതനാകുന്നത് മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവര്‍ക്കും ആശ്വാസമുള്ള കാര്യമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ഈ മോചനത്തിനായി ഇടവേളകളില്ലാതെ യത്‌നിച്ച പേരറിവാളന്റെ അമ്മ അര്‍പ്പുതം അമ്മാളാണ് ഈ മോചനത്തിന് പിന്നിലെ ശക്തിയെന്നു എം.എ. ബേബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.

രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബില്‍ ഉപയോഗിച്ച രണ്ടു ബാറ്ററി വാങ്ങി നല്‍കി എന്നായിരുന്നു പേരറിവാളനെതിരായ ആരോപണം. ഈ ബാറ്ററി എന്തെങ്കിലും അക്രമത്തിന് ഉപയോഗിക്കാനാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ തന്നെ പിന്നീട് മൊഴി നല്‍കി. എന്തായാലും മുപ്പത്തിയൊന്നു വര്‍ഷങ്ങളാണ് പേരറിവാളന്‍ ജയിലില്‍ കഴിഞ്ഞത്.

രാജീവ് ഗാന്ധി വധക്കേസില്‍ ജയിലില്‍ കഴിയുന്നവരോട് അദ്ദേഹത്തിന്റെ മകള്‍ പ്രിയങ്ക ഗാന്ധി പൊറുത്തിട്ടും നമ്മുടെ ഭരണകൂടം പൊറുത്തില്ല. ഒടുവില്‍ തമിഴ്‌നാട് സര്‍ക്കാര്‍ പേരറിവാളന് ജയില്‍മോചനം നല്‍കാന്‍ തീരുമാനിച്ചു. എന്നിട്ടും തമിഴ്‌നാട് ഗവര്‍ണറും നരേന്ദ്ര മോദി സര്‍ക്കാരും പേരറിവാളന്‍ന്റെ മോചനം തടയാന്‍ ആവുന്നത് ശ്രമിച്ചു. രാജീവ് ഗാന്ധിയോട് എന്തെങ്കിലും സ്‌നേഹമുള്ളതുകൊണ്ടല്ല, ആര്‍.എസ്.എസുകാരുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ പേരറിവാളന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയാന്‍ നോക്കിയത്. മനുഷ്യാവകാശങ്ങളില്‍ വിശ്വസിക്കാത്തവരായതിനാലാണ് ആര്‍.എസ്.എസുകാര്‍ പേരറിവാളന്‍ ജയിലില്‍ തന്നെ കിടക്കട്ടെ എന്നു ശഠിച്ചതെന്നും എം.എ. ബേബി പറഞ്ഞു.

‘ഒടുവില്‍ സുപ്രീം കോടതിയുടെ കര്‍ശനമായ ഇടപെടലോടെ പേരറിവാളന്‍ ഇന്ന് പുറത്തിറങ്ങി. പേരറിവാളന്റെ മോചനത്തില്‍ ദുഃഖവും നിരാശയും ഉണ്ടെന്നു പ്രതികരിച്ച കോണ്‍ഗ്രസ് മനുഷ്യാവകാശലംഘനങ്ങളുടെ അവരുടെ നീണ്ട ചരിത്രത്തെ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ് എന്നും കോണ്‍ഗ്രസ് തന്നെ!

പക്ഷേ, മോദി സര്‍ക്കാര്‍ തടവില്‍ വച്ചിരിക്കുന്ന നിരവധിപേര്‍ക്ക് ഇന്നും മോചനം അകലെയാണ്. ദല്‍ഹി സര്‍വകലാശാല അധ്യാപകനായ ജി.എന്‍. സായിബാബ, ജെ.എന്‍.യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ ഗൗതം നൗലാഖ, ആനന്ദ് തെല്‍തുംബ്‌ഡെ, റോണ വില്‍സണ്‍, കവി വരവര റാവു തുടങ്ങി നൂറു കണക്കിന് ആളുകളെയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ജയിലിലടച്ചിരിക്കുന്നത്,’ ബേബി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രവര്‍ത്തനത്തെ ഭയപ്പെടുത്തി അമര്‍ച്ച ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പേരറിവാളന്‍ പുറത്തിറങ്ങുമ്പോള്‍ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓര്‍ക്കേണ്ടത്. ഇന്ത്യയിലെ തടവറയില്‍ ഇത്തരത്തില്‍ ഇട്ടിരിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷ, ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് എന്നത് പറയാതിരിക്കാനുമാവില്ല. ഇവര്‍ തടവറയില്‍ കിടക്കുന്നത് എന്നുവേണമെങ്കിലും മറ്റു ജനാധിപത്യവാദികളുടെ നേരെയും ഈ ഭീഷണി ഉയരാം എന്നു കാണിക്കാനാണെന്നും എം.എ. ബേബി കൂട്ടിച്ചര്‍ത്തു.

Content Highlights:  M.A. Baby says  We need to remember hundreds more people when Perarivalan comes out