ഇന്ത്യയില്‍ വലിയ ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലുള്ളതിനാല്‍ സമാനമായ വലിയ ഇന്റേണല്‍ കംമ്പസ്റ്റ്യന്‍ എഞ്ചിന്‍ (ഐ.സി.ഇ) വാഹനങ്ങള്‍ പതിയെ നിരോധിക്കാമെന്ന് കോടതി നിര്‍ദേശത്തില്‍ പറഞ്ഞു.
തുടക്കത്തില്‍ വലിയ വിലയുള്ള വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്നും അത് രാജ്യത്തെ ചെറിയ ശതമാനം ജനസംഖ്യയെ മാത്രമെ ബാധിക്കുകയുള്ളൂവെന്ന് ജസ്റ്റിസ് കാന്ത് പറഞ്ഞു.
സാധാരണക്കാരെ അത് ബാധിക്കില്ലെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും പ്രോത്സാഹിപ്പിക്കുന്ന നയങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കുകയായിരുന്നു പരമോന്നത കോടതി.
സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷനാണ് ഹരജി സമര്‍പ്പിച്ചത്. ഹരജിക്കാര്‍ക്ക് വേണ്ടി അഡ്വ. പ്രശാന്ത് ഭൂഷണ്‍ ഹാജരായി.
അതേസമയം, കോടതിയുടെ നിര്‍ദേശത്തെ സര്‍ക്കാര്‍ പിന്തുണച്ചേക്കുമെന്ന് അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കിട്ടരമണി പ്രതികരിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ 13 മന്ത്രാലയങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില കൂടുതലായിരുന്നെന്നും എന്നാല്‍, ഇ.വി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്നാല്‍ ഇപ്പോഴുള്ള ചാര്‍ജിങ് പോയിന്റുകളുടെ അഭാവം ഇ.വി പ്രോത്സാഹിപ്പിക്കുന്നതിന് തടസമാണെന്നും അദ്ദേഹം കോടതിയെ ബോധിപ്പിച്ചു.
എന്നാല്‍, ആവശ്യത്തിന് ഇലക്ട്രിക് വാഹനങ്ങള്‍ നിരത്തിലിറങ്ങുമ്പോള്‍ ചാര്‍ജിങ് സ്‌റ്റേഷനുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടാകുമെന്ന് കോടതി പറഞ്ഞു.
ഇതുവരെ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളെ കുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് എ.ജി കോടതിയെ അറിയിച്ചിട്ടുണ്ട്. നാല് ആഴ്ചകള്‍ക്ക് ശേഷം കേസില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റിവെച്ചു.
Content Highlight: Luxurious Petrol and diesel vehicles should be banned in a phased manner; EVs should be given priority: Supreme Court