റീച്ച് കിട്ടിയത് തല്ലുമാലയിലെ ജംഷിക്ക്, എന്നാല്‍ എന്റെ ഇഷ്ട കഥാപാത്രം ആ മമ്മൂക്ക ചിത്രത്തിലേതാണ്: ലുക്മാന്‍ അവറാന്‍
Film News
റീച്ച് കിട്ടിയത് തല്ലുമാലയിലെ ജംഷിക്ക്, എന്നാല്‍ എന്റെ ഇഷ്ട കഥാപാത്രം ആ മമ്മൂക്ക ചിത്രത്തിലേതാണ്: ലുക്മാന്‍ അവറാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th May 2023, 8:15 am

ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തി പിന്നീട് ക്യാരക്ടര്‍ റോളുകളിലേക്ക് വന്ന് ഇപ്പോള്‍ മലയാള സിനിമയിലെ നായകനടന്മാരിലൊരാളായി മാറിയിരിക്കുകയാണ് ലുക്മാന്‍ അവറാന്‍. തന്റെ കഥാപാത്രങ്ങളിലൂടെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടാനും ലുക്മാനായി.

കരിയറില്‍ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേതാണെന്ന് പറയുകയാണ് ലുക്മാന്‍. തല്ലുമാലയിലെ ജംഷി ചെയ്തതിന് ശേഷമാണ് ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതെന്നും എന്നാല്‍ തനിക്ക് പ്രിയപ്പെട്ട കഥാപാത്രം ഉണ്ടയിലെ ബിജു കുമാറാണെന്നും ലുക്മാന്‍ പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ കഥാപാത്രങ്ങളെ പറ്റി പറഞ്ഞത്.

‘നല്ലൊരു നടനാവുക എന്നതാണ് എന്റെ ആഗ്രഹം. അതിലേക്കുള്ള യാത്രയാണ് ഞാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ സിനിമയില്‍ നിന്നും ഓരോന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ്. വ്യക്തിപരമായി ഏറ്റവും ഇഷ്ടം തോന്നിയതും ഇനിയും മുന്നോട്ട് പോകണമെന്ന് തോന്നിയതും ഉണ്ടയിലെ ബിജു കുമാര്‍ ചെയ്തപ്പോഴാണ്.

ഏറ്റവും കൂടുതല്‍ റീച്ച് കിട്ടിയതും ആളുകള്‍ എന്നെ തിരിച്ചറിയാന്‍ തുടങ്ങിയതും തല്ലുമാലയിലെ ജംഷി വന്നപ്പോഴാണ്. ആ കഥാപാത്രത്തോട് ആളുകള്‍ക്ക് ഒരു ഇഷ്ടമുണ്ട്.

ആരാധകരും അടുത്ത സുഹൃത്തുക്കളും ലുക്കു എന്ന് വിളിക്കുന്നതിനെ പറ്റിയും താരം സംസാരിച്ചു. ‘സിനിമയില്‍ വരുന്നതിന് മുമ്പ് തന്നെ ലുക്കു എന്ന പേരുണ്ട്. അറിയാവുന്ന സുഹൃത്തുക്കളൊക്കെ അങ്ങനെയാണ് വിളിക്കുന്നത്. അടുത്തറിയുമ്പോഴാണല്ലോ സുഹൃത്തുക്കള്‍ അങ്ങനെ വിളിക്കുന്നത്.

എന്നെ അറിയാത്തവര്‍ സിനിമയിലൂടെ ആണ് അറിഞ്ഞത്. ഓരോ സിനിമ കാണുമ്പോഴും അടുപ്പമുള്ള ഒരാളായി അവര്‍ക്ക് തോന്നുന്നുണ്ടാവാം. അങ്ങനെ സ്വഭാവികമായും ലുക്കു എന്ന് വിളിക്കുന്നതാവാം. അത് സന്തോഷമുള്ള കാര്യമാണ്,’ ലുക്മാന്‍ പറഞ്ഞു.

ജാക്‌സണ്‍ ബസാര്‍ യൂത്താണ് ഉടന്‍ റിലീസിനൊരുങ്ങുന്ന ലുക്മാന്റെ ചിത്രം. ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രം മെയ് 19നാണ് റിലീസ് ചെയ്യുന്നത്. ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, ഫാഹിം സഫര്‍, ചിന്നു ചാന്ദ്‌നി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight: lukman avaran talks about his favorite character