അദ്ദേഹം എപ്പോഴും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കും; സൂപ്പര്‍ താരത്തെക്കുറിച്ച് ലൂക്ക മോഡ്രിച്
Football
അദ്ദേഹം എപ്പോഴും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കും; സൂപ്പര്‍ താരത്തെക്കുറിച്ച് ലൂക്ക മോഡ്രിച്
ശ്രീരാഗ് പാറക്കല്‍
Thursday, 27th August 2026, 1:54 pm

ഫുട്‌ബോള്‍ കരിയറില്‍ താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച താരം ആരാണെന്ന് പറയുകയാണ് ക്രൊയേഷ്യന്‍ ഇതിഹാസം ലൂക്ക മോഡ്രിച്ച്. പോര്‍ച്ചുഗല്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ലോക ഫുട്‌ബോളില്‍ ഏറ്റവും മികച്ചതെന്നാണ് മോഡ്രിച്ച് പറഞ്ഞത്.

റൊണാള്‍ഡോയുടെ ഏറ്റവും വലിയ പ്രത്യേകത ജോലിയിലെ ആത്മാര്‍ത്ഥതയാണെന്നാണെന്നും റൊണാള്‍ഡോ കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ഇഷ്ടപ്പെടുന്നയാളാണെന്നും മോഡ്രിച് പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫേര്‍ഡിനന്റിനോയുമായുള്ള അഭിമുഖത്തില്‍ മോഡ്രിച്ച് പറഞ്ഞ വാക്കുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്.

‘ഞാന്‍ ഒരുമിച്ച് കളിച്ചിട്ടുള്ളവരില്‍ വെച്ച് ഏറ്റവും മികച്ചത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ജോലിയോടുള്ള ആത്മാര്‍ത്ഥതയാണ്. അദ്ദേഹം എപ്പോഴും കൂടുതല്‍ ഗോളുകള്‍ സ്‌കോര്‍ ചെയ്യാന്‍ ആഗ്രഹിക്കും. ചെയ്യുന്ന കാര്യത്തില്‍ ഒരിക്കലും സംതൃപ്തി ഉണ്ടായിരിക്കില്ല. അത് നല്ല രസമുള്ള കാര്യമാണ്,’ ലൂക്ക മോഡ്രിച്ച് പറഞ്ഞു.

റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡോയും മോഡ്രിച്ചും അവിസ്മരണീയമായ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. റൊണാള്‍ഡോയും മോഡ്രിച്ചും റയല്‍ മാഡ്രിഡിനായി 222 മത്സരങ്ങളിലാണ് ഒരുമിച്ച് ബൂട്ട് കെട്ടിയിട്ടുള്ളത്. ഇരുവരും ചേര്‍ന്ന് 16 സംയുക്ത ഗോളുകളും നേടിയിട്ടുണ്ട്. 2009ലാണ് റൊണാള്‍ഡോ റയലില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്നും സ്പാനിഷ് ടീമിലേക്ക് ചേക്കേറിയ റൊണാള്‍ഡോ ലോസ് ബ്ലാങ്കോസിനായി 438 മത്സരങ്ങളില്‍ നിന്ന് 450 ഗോളുകള്‍ സ്വന്തമാക്കി.

നീണ്ട ഒമ്പത് വര്‍ഷത്തെ റയല്‍ ജീവിതത്തിന് ശേഷം 2018ല്‍ താരം യുവന്റസിലേക്ക് ചേക്കേറുകയായിരുന്നു. യുവന്റസില്‍ നിന്നും തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യൂണൈറ്റഡിലേക്കും റൊണാള്‍ഡോ കൂടുമാറി. റെഡ് ഡെവിള്‍സില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ നസറിലേക്കാണ് റൊണാള്‍ഡോ ചേക്കേറിയത്.

Content Highlight: Luka Modric Praisess Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ