40ാം വയസില്‍ ചരിത്രനേട്ടം; ലോകത്തില്‍ ഒന്നാമനായി ലൂക്ക മോഡ്രിച്ച്
Football
40ാം വയസില്‍ ചരിത്രനേട്ടം; ലോകത്തില്‍ ഒന്നാമനായി ലൂക്ക മോഡ്രിച്ച്
സുദേവ് എ
Sunday, 28th June 2026, 8:51 am

2026 ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ക്രോയേഷ്യക്ക് ജയം. ഗ്രൂപ്പ് എല്ലില്‍ നടന്ന മത്സരത്തില്‍ ആഫ്രിക്കന്‍ കരുത്തരായ ഘാനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ക്രോയേഷ്യ കീഴടക്കിയത്. ജയത്തോടെ ഗ്രൂപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്നും രണ്ട് വിജയവുമായി ആറ് പോയിന്റോടെ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനും ക്രോട്ടുകള്‍ക്ക് സാധിച്ചു.

ഫിലാഡല്‍ഫിയയില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡ് നേടിയത് ക്രോയേഷ്യയാണ്. 31ാം മിനിട്ടില്‍ പീറ്റര്‍ സുസിക്കാണ് ക്രോയേഷ്യയുടെ ഗോള്‍ സ്‌കോറര്‍. ഒടുവില്‍ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ക്രോയേഷ്യ ഈ ഗോളിന്റെ പിന്‍ബലത്തില്‍ മുന്നിട്ട് നിന്നു.

എന്നാല്‍ രണ്ടാം പകുതിയില്‍ ഉണര്‍ന്നു കളിച്ച ഘാന 73ാം മിനിട്ടില്‍ ഡെറിക് ലക്കാസെനിലൂടെ സമനില ഗോള്‍ നേടി. എന്നാല്‍ നിക്കോള വ്‌ലാസിക്കിലൂടെ ക്രോയേഷ്യ വിജയ ഗോള്‍ നേടുകയായിരുന്നു.

83ാം മിനിറ്റില്‍ പിറന്ന ഈ ഗോളിന് വഴിയൊരുക്കിയത് നായകന്‍ ലൂക്ക മോഡ്രിച്ചായിരുന്നു. മത്സരത്തിലെ ഈ ഒരേയൊരു അസിസ്റ്റിന് പിന്നാലെ ഒരു ചരിത്രനേട്ടമാണ് ക്രോയേഷ്യന്‍ നായകന്‍ സ്വന്തമാക്കിയത്.

ലൂക്ക മോഡ്രിച്ച്

ലോകകപ്പ് അസിസ്റ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ താരമായാണ് മോഡ്രിച്ച് മാറിയത്. 40 വയസും 291 ദിവസവും പ്രായമുള്ളപ്പോഴാണ് ലൂക്കയുടെ ഈ നേട്ടം. ബോസ്‌നിയയുടെ എഡിന്‍ ഡിസെക്കോയുടെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്താണ് മോഡ്രിച്ചിന്റെ മുന്നേറ്റം. ഇതേ ലോകകപ്പില്‍ തന്നെയായിരുന്നു ഡിസെക്കോയുടെ നേട്ടം. 40 വയസും 109 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു താരത്തിന്റെ നേട്ടം.

റൗണ്ട് ഓഫ് 32ല്‍ പോര്‍ച്ചുഗലിനെയാണ് ക്രോയേഷ്യ നേരിടുക. ജൂലൈ മൂന്നിനാണ് പോരാട്ടം നടക്കുന്നത്. ഇതിന് മുമ്പ് നടന്ന ലോകകപ്പുകളിലെല്ലാം കിരീടത്തിനരികെയെത്തി വീണ് പോയ ക്രോയേഷ്യ ഇത്തവണ ചരിത്രം കുറിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

2018ലെ റഷ്യന്‍ ലോകകപ്പില്‍ ഫൈനല്‍ വരെ മുന്നേറാന്‍ ക്രോയേഷ്യ സാധിച്ചു. ഫൈനല്‍ വരെ കുതിപ്പ് തുടര്‍ന്ന ക്രോട്ടുകള്‍ ഫ്രാന്‍സിനോട് 4-2ന് പരാജയപ്പെടുകയായിരുന്നു. 2022 ലോകകപ്പില്‍ ക്രൊയേഷ്യ മൂന്നാം സ്ഥാനക്കാരായാണ് മടങ്ങിയത്. ലൂസേഴ്സ് ഫൈനലില്‍ മൊറോക്കൊയെ തോല്‍പ്പിച്ചായിരുന്നു ക്രോയേഷ്യ മൂന്നാം സ്ഥാനത്തെത്തിയത്.

 

Content Highlight: Luka Modric create a historical record in world cup

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.