മയാമിക്കൊപ്പം ചരിത്രമെഴുതി സുവാരസ്; മെസിയുള്ള ചരിത്രത്തിലേക്ക് ലേറ്റസ്റ്റ് എൻട്രി
Football
മയാമിക്കൊപ്പം ചരിത്രമെഴുതി സുവാരസ്; മെസിയുള്ള ചരിത്രത്തിലേക്ക് ലേറ്റസ്റ്റ് എൻട്രി
സുദേവ് എ
Thursday, 23rd July 2026, 3:47 pm

മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് ആവേശകരമായ വിജയം. ചിക്കാഗോ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മയാമി വീഴ്ത്തിയത്. ലോകകപ്പിന് ശേഷമുള്ള മത്സരമായതിനാല്‍ സൂപ്പര്‍താരം ലയണല്‍ മെസിയും റോഡ്രിഗോ ഡീ പോളുമില്ലാതെ കളത്തിലിറങ്ങിയ ഇന്റര്‍മയാമിക്കായി ലൂയി സുവാരസിന്റെ തകര്‍പ്പന്‍ പ്രകടനമാണ് കരുത്തായത്. മത്സരത്തില്‍ ഇരട്ട ഗോള്‍ നേടിയാണ് സുവാരസ് തിളങ്ങിയത്.

പോളിഷ് ഇതിഹാസം റോബര്‍ട്ട് ലെവന്‍ഡോസ്‌കി ബാഴ്‌സ വിട്ട് എം.എല്‍.എസിലേക്ക് കൂടുമാറിയ ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെടാനായിരുന്നു വിധി. ചിക്കാഗൊക്കൊപ്പമുള്ള അരങ്ങേറ്റ മത്സരത്തില്‍ തന്നെ ലെവന്‍ഡോസ്‌കി തോല്‍വി നേരിട്ടു.

മത്സരത്തില്‍ ഇരട്ട ഗോളുകള്‍ക്കൊപ്പം ഒരു വമ്പന്‍ നേട്ടമാണ് സുവാരസ് കൈപ്പിടിയിലാക്കിയത്. ഇന്റര്‍ മയാമിക്ക് വേണ്ടി 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് സുവാരസിന് സാധിച്ചത്.

2024 സീസണിന് മുന്നോടിയായാണ് സുവാരസ് മയാമിയിലെത്തിയത്. ക്ലബ്ബിന്റെ ചരിത്രത്തില്‍ 100 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന ഒമ്പതാമത്തെ താരമാണ് സുവാരസ്.

നോഹ അല്ലന്‍, ഡ്രാക്ക് കലണ്ടര്‍, സെര്‍ജിയോ ബസ്‌ക്വറ്റ്‌സ്, റോബര്‍ട്ട് ടെയ്ലര്‍, ബെഞ്ചമിന്‍ ക്രെമസിച്ചി, ലയണല്‍ മെസി, ജോഡി ആല്‍ബ, ലിയനാര്‍ഡോ കമ്പാന എന്നിവരാണ് ഇതിന് മുമ്പ് ഈ നാഴികക്കല്ല് പിന്നിട്ടത്.

ഇതിനോടകം തന്നെ സുവാരസ് ഇന്റര്‍ മയാമിക്കായി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 50 ഗോളുകളും 35 അസിസ്റ്റുകളുമാണ് താരം നേടിയിട്ടുള്ളത്. ടീമിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ സ്‌കോറര്‍ കൂടിയാണ് സുവാരസ്.

അതേസമയം മത്സരത്തില്‍ 18ാം മിനിട്ടില്‍ റോക്കോ റിയോസ് നോവോയുടെ ഓണ്‍ ഗോളിലൂടെ ചിക്കാഗോയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 27ാം മിനിട്ടില്‍ പെനാല്‍റ്റിയിലൂടെ സുവാരസ് ഗോള്‍ തിരിച്ചടിച്ചുകൊണ്ട് ആദ്യ പകുതി സമനിലയിലാക്കി.

പിന്നീട് രണ്ടാം പകുതിയില്‍ 51ാം മിനിട്ടില്‍ സുവാരസിന്റെ ഗോളിലൂടെ മയാമി മുന്നിലെത്തി. എന്നാല്‍ 67ാം മിനിട്ടില്‍ പുസോ ഡിതെജെയ്‌നിലൂടെ ചിക്കാഗോ തിരിച്ചടിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനിലയില്‍ പിരിയുമെന്ന് തോന്നിച്ച നിമിഷമാണ് പ്രെസ്റ്റണ്‍ പ്ലാംബെക്കിലൂടെ മയാമി വിജയഗോള്‍ നേടിയത്. 87ാം മിനിട്ടിലായിരുന്നു താരത്തിന്റെ വിജയ ഗോള്‍ പിറന്നത്.

നിലവില്‍ വിജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫററന്‍സില്‍ രണ്ടാം സ്ഥാനത്താണ് ഇന്റര്‍ മയാമി. 16 മത്സരങ്ങളില്‍ നിന്നും 10 വിജയവും നാല് സമനിലയും രണ്ട് തോല്‍വിയും അടക്കം 34 പോയിന്റാണ് മയാമിക്കുള്ളത്.

ജൂലൈ 26ന് മോണ്ട്രിയലിനെതിരെയാണ് മയാമിയുടെ അടുത്ത മത്സരം. എതിരാളികളുടെ തട്ടകമായ സപുട്ടോ സ്റ്റേഡിയമാണ് വേദി.

 

Content Highlight: Luis Suarez completed 100 matches for Inter Miami

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.