സ്വന്തം തട്ടകത്തില്‍ ഏറ്റുവാങ്ങിയ അസ്സല്‍ നാണക്കേടില്‍ പന്തിന്റെ ലഖ്‌നൗവും; ചീത്തപ്പേരില്‍ ഒന്നാമന്‍ ദല്‍ഹി!
Cricket
സ്വന്തം തട്ടകത്തില്‍ ഏറ്റുവാങ്ങിയ അസ്സല്‍ നാണക്കേടില്‍ പന്തിന്റെ ലഖ്‌നൗവും; ചീത്തപ്പേരില്‍ ഒന്നാമന്‍ ദല്‍ഹി!
ശ്രീരാഗ് പാറക്കല്‍
Thursday, 23rd April 2026, 3:01 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ മിന്നും വിജയമാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ലഖ്നൗവിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 40 റണ്‍സിനാണ് രാജസ്ഥാന്‍ വിജയിച്ചത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒമ്പത് വിക്കറ്റിന് 159 റണ്‍സെടുത്തിരുന്നു. കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയെങ്കിലും മറുപടി ബാറ്റിങ്ങില്‍ ലഖ്നൗവിനെ 18 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ട് ചെയ്യുകയായിരുന്നു പിങ്ക് ആര്‍മി.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ തോല്‍വി ഏറ്റുവാങ്ങിയതോടെ ഒരു നാണക്കേടിന്റെ റെക്കോഡും ലഖ്‌നൗവിന്റെ തലയില്‍ വീണിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായ തോല്‍വി ഏറ്റുവാങ്ങുന്ന മൂന്നാമത്തെ ടീമാകുകയാണ് ലഖ്‌നൗ. മുന്‍ ഐ.പി.എല്‍ ടീമുകളായ ഡക്കാന്‍ ചാര്‍ജേഴ്‌സും പൂനെ വാരിയേഴ്‌സും ലഖ്‌നൗവിനൊപ്പം ഈ ലിസ്റ്റിലുണ്ട്. മോശം ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാര്‍ ദല്‍ഹി ക്യാപ്പിറ്റല്‍സാണ്.

ഐ.പി.എല്ലില്‍ ഹോം ഗ്രൗണ്ടില്‍ ഏറ്റവും കൂടുതല്‍ തവണ തുടര്‍ച്ചയായ തോല്‍വി വഴങ്ങിയവര്‍

(ടീം, വേദി, എണ്ണം, വര്‍ഷം എന്ന ക്രമത്തില്‍)

ദല്‍ഹി ക്യാപിറ്റല്‍സ് – അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം – 9 – 2023-2015

ഡെക്കാന്‍ ചാര്‍ജേഴ്‌സ് – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം – 8 – 2008-2011

ഡെക്കാന്‍ ചാര്‍ജേഴ്‌സ് – രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയം – 7 – 2011-2012

പൂനെ വാരിയേഴ്‌സ് ഇന്ത്യ – എം.സി.എ സ്‌റ്റേഡിയം – 7 – 2012-2013

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് – എകാന സ്റ്റേഡിയം – 7 – 2025-2026

ലഖ്‌നൗവിന് വേണ്ടി 41 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 55 റണ്‍സ് നേടിയ ഓപ്പണര്‍ മിച്ചല്‍ മാര്‍ഷാണ് ടോപ് സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 25 പന്തില്‍ 22 റണ്‍സും നേടി. ഇംപാക്ട പ്ലെയര്‍ ഹിമ്മത് സിങ് 15 റണ്‍സും നേടി. ക്യാപ്റ്റന്‍ റിഷബ് പന്ത് ഉള്‍പ്പെടെ നാല് താരങ്ങള്‍ പൂജ്യം റണ്‍സിനാണ് മടങ്ങിയത്.

മത്സരത്തില്‍ രാജസ്ഥാന് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് ജോഫ്ര ആര്‍ച്ചറാണ്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 20 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. 5.00 എന്ന കിടിലന്‍ എക്കോണമിയും താരത്തിനുണ്ടായിരുന്നു.

ആര്‍ച്ചറിന് പുറമെ നാന്ദ്രേ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രവീന്ദ്ര ജഡേജ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മത്സരത്തില്‍ റോയല്‍സിനായി ആറാം സ്ഥാനത്ത് ഇറങ്ങിയ രവീന്ദ്ര ജഡേജയാണ് മികച്ച ബാറ്റിങ് പ്രകടനം നടത്തിയത്. 29 പന്തില്‍ ഒരു സിക്സും രണ്ട് ഫോറും ഉള്‍പ്പെടെ 43 റണ്‍സാണ് താരം നേടിയത്. യശസ്വി ജെയ്സ്വാള്‍ 12 പന്തില്‍ നാല് ഫോര്‍ ഉള്‍പ്പെടെ 22 റണ്‍സായിരുന്നു നേടിയത്. റിയാന്‍ പരാഗ് (20), ഷിംറോണ്‍ ഹെറ്റ്മെയര്‍ (22), ഡെണോവന്‍ ഫെരേരിയ (20) എന്നിവര്‍ ടീമിന്റെ സ്‌കോര്‍ ഉയര്‍ത്താന്‍ സഹായിച്ചു.

ലഖ്‌നൗവിനായി മുഹമ്മദ് ഷമി, പ്രിന്‍സ് യാദവ്, മൊഹസിന്‍ ഖാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി മികവ് പുലര്‍ത്തി.

 

Content Highlight: Lucknow Super Giants In Unwanted Record In IPL At Home Ground

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ