കൊച്ചി: ‘നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനിസ്’. ഇരുപതാം നൂറ്റാണ്ടിലും പിന്നീട് ലൂസിഫറിലും ഹിറ്റായ മോഹന്‍ലാലിന്റെ ഡയലോഗ് ആണിത്.
പൃഥ്വിരാജ് സംവിധായകനായ ലൂസിഫറില്‍ മോഹന്‍ലാലിന്റെ ഈ സംഭാഷണം ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ലൂസിഫറിലെ ആ മാസ് ഡയലോഗിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ലൂസിഫറിന്റെ അണിയറപ്രവര്‍ത്തകര്‍.
റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബിലെത്തി, ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി ലൂസിഫര്‍ മാറിയിരുന്നു.
മോഹന്‍ലാല്‍, വിവേക് ഒബ്റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.
ചിത്രത്തിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടില്‍വെച്ചായിരുന്നു രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം. സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പ്രഖ്യാപനത്തില്‍ പങ്കെടുത്തു.