'ഒരേ കണ്ണാല്‍' ടൊവിനോയും അഹാനയും; 'ലൂക്ക'യിലെ വീഡിയോ സോങ് പുറത്തിറങ്ങി- വീഡിയോ
Malayalam Cinema
'ഒരേ കണ്ണാല്‍' ടൊവിനോയും അഹാനയും; 'ലൂക്ക'യിലെ വീഡിയോ സോങ് പുറത്തിറങ്ങി- വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2019, 10:55 am

നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ‘ലൂക്ക’യിലെ വീഡിയോ സോങ് പുറത്തിറങ്ങി. ടൊവിനോ തോമസ് ടൈറ്റില്‍ റോളിലെത്തുന്ന സിനിമയിലെ ‘ഒരേ കണ്ണാല്‍’ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് ഇതോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണു ലഭിക്കുന്നത്.

മനു മഞ്ജിത്ത് ആണ് ഗാനരചന. സംഗീതം സൂരജ് എസ് കുറുപ്പ്. നന്ദഗോപന്‍, അഞ്ജു ജോസഫ്, നീതു നടുവത്തെട്ട്, സൂരജ് എസ് കുറുപ്പ് എന്നിവര്‍ ചേര്‍ന്നാണ് ഈ ഗാനം പാടിയിരിക്കുന്നത്.

കലാകാരനും സ്‌ക്രാപ്പ് ആര്‍ട്ടിസ്റ്റുമായി ടൊവിനോ അഭിനയിക്കുന്ന സിനിമയില്‍ അഹാന കൃഷ്ണയാണു നായിക. അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം നിമിഷ് രവിയാണ്

നിതിന്‍ ജോര്‍ജ്, വിനീത കോശി, അന്‍വര്‍ ഷെരീഫ്, ഷാലു റഹീം, പൗളി വല്‍സന്‍, തലൈവാസല്‍ വിജയ്, ജാഫര്‍ ഇടുക്കി, ചെമ്പില്‍ അശോകന്‍, ശ്രീകാന്ത് മുരളി, രാഘവന്‍, നീനാ കുറുപ്പ്, ദേവി അജിത് എന്നിവരും സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സ് ബാനറില്‍ ലിന്റോ തോമസ്, പ്രിന്‍സ് ഹുസൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ലൂക്ക നിര്‍മിച്ചിരിക്കുന്നത്.

ഒരു കുപ്രസിദ്ധ പയ്യനും എന്റെ ഉമ്മാന്റെ പേരിനും ശേഷം ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ കൂടിയാണിത്. ഇതിനിടെ അഭിനയിച്ച നാല് സിനിമകളില്‍ പ്രധാന കഥാപാത്രം ടൊവിനോയായിരുന്നില്ല. ധനുഷിന്റെ മാരി 2-ല്‍ വില്ലനായാണ് ടൊവിനോയെത്തിയത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫര്‍, പാര്‍വതി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഉയരെ, നിപ വൈറസ് ബാധയെ വിഷയമാക്കി ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്നിവയാണ് ഇതിനിടെ പുറത്തിറങ്ങിയ മറ്റ് സിനിമകള്‍.