തിയേറ്റര്‍ റിലീസിന് മുമ്പ് തന്നെ സെന്‍സര്‍ ബോര്‍ഡുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിറഞ്ഞു നിന്ന ചിത്രമാണ് ഷെയ്ന്‍ നിഗം നായകനായി റഫീഖ് വീര സംവിധാനം ചെയ്ത ഹാല്‍. ക്രിസ്മസ് റിലീസായെത്തിയ ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയ വിമര്‍ശനത്തിനും ഉള്ളടക്കത്തിനും മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
2023ല്‍ പുറത്തിറങ്ങിയ സുദിപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി‘ എന്ന വിവാദ ചിത്രം കൈകാര്യം ചെയ്ത ലവ് ജിഹാദിന്റെ യഥാര്‍ത്ഥ വശം ഹാലിലൂടെ സംവിധായകന്‍ പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിക്കാനാണ് സംവിധായകന്‍ ശ്രമിച്ചത്.
വലത് രാഷ്ട്രീയത്തിന്റെ അജണ്ടയായി രാജ്യത്തിനു മുമ്പില്‍ കേരളത്തെ തീവ്രവാദ സംഘടനകളുടെ റിക്രൂട്ടിങ്ങ് സെന്റര്‍ ആയി മുദ്രകുത്തിയ ദ കേരള സ്റ്റോറിക്കുള്ള മറുപടിയെന്നോണമാണ് ഹാലിലെ ഓരോ ഡയലോഗുകളും.
ഹാല്‍. Photo: screengrab/ Think music india/ youtube.com
കോഴിക്കോട് നഗരം പശ്ചാത്തലമാക്കി ഒരുക്കിയ ഹാല്‍ മുസ്‌ലിം മതവിഭാഗത്തില്‍പെട്ട ആസിഫ് കടലുണ്ടിയും ക്രിസ്റ്റ്യന്‍ പുരോഹിതന്റെ മകളായ മരിയ ഫെര്‍ണാണ്ടസും തമ്മിലുള്ള പ്രണയത്തെ ഇതിവൃത്തമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഇഷ്ടപ്പെട്ടയാളോടൊപ്പം ജീവിക്കാന്‍ വേണ്ടി കുടുംബത്തില്‍ നിന്നും മതസാമുദായികസംഘടനകളില്‍ നിന്നും നേരിടുന്ന വെല്ലുവിളികള്‍ സമകാലിക ഇന്ത്യ രാജ്യത്തെ സംഭവങ്ങളുമായി ബന്ധപ്പെടുത്തി വിമര്‍ശാനത്മകമായ രീതിയിലാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
റാപ്പറായ ആസിഫും മരിയയും തമ്മിലുള്ള പ്രണയത്തിലൂടെ കഥ പറഞ്ഞു തുടങ്ങുന്ന ചിത്രത്തിന്റെ രാഷ്ട്രീയം വ്യക്തമാകുന്നത് അടിപിടി കേസില്‍ പൊലീസ് സ്റ്റേഷനിലെത്തുന്ന നായകന്റെ പേര് കേള്‍ക്കുമ്പോള്‍ കോണ്‍സ്റ്റബിളായ പൊലീസുകാരനുണ്ടാകുന്ന പ്രതികരണത്തില്‍ നിന്നുമാണ്.
ആസിഫ് ബീരാനെന്ന് പേര് കേള്‍ക്കുമ്പോള്‍ പൊലീസുകാരന്‍ തിരിച്ചു ചോദിക്കുന്നത് ബോംബുണ്ടോടാ കൈയ്യില്‍ എന്നാണ്.
നായകന്റെ പേരും മതവും മറ്റു പലതും പ്രശ്‌നമാണെന്ന ഡയലോഗില്‍ നിന്നും സമീപകാല ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ തീവ്രത പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാം. രംഗത്തിന് പിന്നാലെ വരുന്ന റാപ്പ് ഗാനത്തിലും നിശിതമായി തന്നെ മതരാഷ്ട്രീയത്തെ അണിയറപ്രവര്‍ത്തകര്‍ വിമര്‍ശിക്കുന്നുണ്ട്.
ഹാല്‍. Photo: screengrab/ Think music india/ youtube.com
ഇഷ്ടമില്ലാത്ത വിവാഹത്തില്‍ നിന്നും പിന്മാറാന്‍ നായകനൊപ്പം വീടുവിട്ടിറങ്ങുന്ന മരിയയുടെ രംഗത്തോടെയാണ് ചിത്രത്തില്‍ ലവ് ജിഹാദെന്ന വിഷയം കടന്നുവരുന്നത്. വീട്ടുവിട്ടറങ്ങിയ ഇരുവര്‍ക്കും അഭയം വേണമെങ്കില്‍ മരിയയെ മുസ്‌ലിം മതക്കാരിയാക്കണമെന്ന് പറയുന്ന നായകന്റെ വീട്ടുകാരെ കാണാം. എന്നാല്‍ ഇതിനെ ഷെയ്‌നിന്റെ കഥാപാത്രം എതിര്‍ത്തിട്ടും മതം മാറാന്‍ താന്‍ തയ്യാറാണെന്ന് പറഞ്ഞ് നായികയും മുന്നോട്ട് വരുന്നു.
എന്നാല്‍ പൊന്നാനിയിലെ മതംമാറ്റ ചടങ്ങിനിടെ താന്‍ ചെറുപ്പം മുതല്‍ കണ്ട രീതികളില്‍ നിന്നും മാറാന്‍ എതിര്‍പ്പറിയിച്ച് മതപരിവര്‍ത്തനത്തില്‍ നിന്നും നായിക പിന്മാറുകയാണ്.
പിന്നീട് ലവ് ജിഹാദിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലാകുന്ന നായകനെ ഐ.എസ് അടക്കമുള്ള ചാരസംഘടനകള്‍ക്കായി റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റായി മുദ്രകുത്താന്‍ ശ്രമിക്കുന്ന അധികൃതരുടെ വെമ്പല്‍ സംഭാഷണത്തില്‍ വ്യക്തമാണ്.
എത്ര രൂപയാണെടാ ഒരാളെ കടത്തിയാല്‍ നിനക്ക് കിട്ടുന്നതെന്ന് ചോദിക്കുന്ന രംഗം സമകാലിക ഇന്ത്യയിലെ പല തീവ്ര വലതുപക്ഷ നേതാക്കളുടെയും വിവാദ പ്രസംഗങ്ങളെ ഓര്‍മപ്പെടുത്തുന്നതായിരുന്നു.
തന്റെ കാമുകനെ രാജ്യദ്രോഹകേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ സ്വന്തം വീട്ടുകാരോടൊപ്പം മടങ്ങണമെന്ന് ഭീഷണിപ്പെടുത്തുന്നതും കാണാം.
ഹാല്‍. Photo: screengrab/ Think music india/ youtube.com
അതേസമയം കേസില്‍ നായകന്റെ വക്കീലായി വേഷമണിഞ്ഞ ജോണി ആന്റണിയുടെ ഡയലോഗുകള്‍ ഒരാണും പെണ്ണും തമ്മിലുള്ള ബന്ധത്തെ ലവ് ജിഹാദും തീവ്രവാദവുമായി ചാപ്പകുത്തുന്നതിനെതിരെയുള്ള ശക്തമായ വിമര്‍ശനമായിരുന്നു.
ദ കേരള സ്റ്റോറി എന്ന ചിത്രത്തിനു ശേഷം നോര്‍ത്ത് ഇന്ത്യയില്‍ കേരളം എന്ന നാടിനെക്കുറിച്ചുണ്ടായ അപവാദ പ്രചരണങ്ങള്‍ക്കും തെറ്റിദ്ധാരണങ്ങള്‍ക്കും കുറിക്കുകൊള്ളുന്ന രീതിയില്‍ തന്നെയാണ് വക്കീല്‍ കഥാപാത്രത്തിന്റെ സംഭാഷണം സംവിധായകന്‍ അവതരിപ്പിച്ചിട്ടുള്ളത്.
ലവ് ജിഹാദും തീവ്രവാദവും അടക്കമുള്ള വിഷയങ്ങളില്‍ ആവേശം കണ്ടെത്തി സമൂഹത്തില്‍ വര്‍ഗീയതയുടെ വിത്ത് പാകുന്ന സംഘ രാഷ്ട്രീയത്തെയും തീവ്രമുസ്‌ലിം മതരാഷ്ട്രീയത്തെയും ആക്ഷേപഹാസ്യരൂപേണ റഫീഖ് വീര തന്റെ ചിത്രത്തിലൂടെ തുറന്നുകാണിക്കുന്നുണ്ട്.
നിഷാദ് കോയ തിരക്കഥ രചിച്ച ചിത്രത്തില്‍ സാക്ഷി വൈദ്യ, ജോയ് മാത്യൂ, മധുപാല്‍, നിശാന്ത് സാഗര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ഏഴോളം ഗാനങ്ങളുള്ള ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് നന്ദഗോപന്‍.വി ആണ്.
Content Highlight: Love Jihad issue mentioned in Haal movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.