Administrator
Administrator
ജിഹാദ് കാലത്തെ പ്രണയം അഥവാ ‘ലൗജിഹാദി’നെക്കുറിച്ച്
Administrator
Thursday 8th October 2009 4:33pm

love-jihad ‘കേരളത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആയിരത്തോളം അമുസ്ലിം പെണ്‍കുട്ടികളെ കാണാതായിട്ടുണ്ട്. ഇവരിലേറെയും കോളജ് വിദ്യാര്‍ഥികളാണ്. ഇവരിലേറെ പേരും ഇസ്ലാം മതത്തിലെ തീവ്രവാദ കേന്ദ്രങ്ങളിലെത്തിയിട്ടുണ്ടാവുമെന്നാണ് പോലീസിന്റെ അനുമാനം'(എം ബിനുകുമാര്‍ -കലാ കൗമുദി).

അമ്പലപ്പുഴയില്‍ പ്ലസ്ടു വിദ്യാര്‍ഥികളായിരുന്ന അനില, ജൂലി, വേണി എന്നിവരുടെ ദുരൂഹ ആത്മഹത്യക്ക് പിന്നില്‍ ലൗജിഹാദ് സംഘമാണോയെന്ന് സംസ്ഥാന സ്‌പെഷ്യല്‍ ബ്രാഞ്ച് രഹസ്യാന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ 20ന് പാലക്കാട് ചുള്ളിമട വി.വി കോളജ് വിദ്യാര്‍ഥിനിയായിരുന്ന 19കാരി അഞ്ജുഷ ബസ് ഇറങ്ങി വീട്ടിലേക്ക് പോകവെ കനകം പാറക്കടുത്തുവെച്ച് കുത്തേറ്റ് മരിച്ചു. കൊച്ചിയില്‍ ടിപ്പര്‍ ജോലി ഡ്രൈവറായിരുന്ന ഷാജഹാന്‍ എന്ന 24കാരന്റെതായിരുന്നു കൊലക്കത്തി. ഷാജഹാന്‍ ലൗജിഹാദ് സംഘത്തിലെ അംഗമായിരുന്നോ എന്നതിനെക്കുറിച്ച് സംസ്ഥാന പോലീസ് രഹസ്യാന്വേഷണം നടത്തിയിരുന്നു. അക്കാര്യങ്ങളൊന്നും ഇപ്പോഴും പുറത്ത് വന്നിട്ടില്ല.( വാടയാര്‍ സുനില്‍ – കലാകൗമുദി)

ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ പരസ്പരം ഇടപഴകി ജീവിക്കുന്ന സംസ്ഥാനമാണ് കേരളം. വത്യസ്ഥ മതങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്‍ പോലും ന്യൂനപക്ഷം സുരക്ഷിതത്വത്തോടെയാണ് ഇവിടെ കഴിയുന്നത്. കേരളത്തില്‍ ഇതിന് അപവാദമായി ഒറ്റപ്പെട്ട സംഭവങ്ങളുണ്ടായിട്ടുണ്ടെന്നത് സത്യമാണ്. മറ്റെല്ലായിടങ്ങളിലുമുള്ള പോലെ കേരളത്തിലെ പൊതു സമൂഹത്തിനിടയിലും സ്‌നേഹവും വിദ്വേഷവും പ്രണയവും അക്രമവും നടക്കുന്നുണ്ട്. ഇതിനെയൊന്നും മതം തിരിച്ചല്ല നാം കാണുന്നത്. ഹിന്ദുവും മുസ്ലിമും തമ്മിലുണ്ടാവുന്ന സംഘര്‍ഷത്തെ ഒരിക്കലും മത കോണിലൂടെ കാണാന്‍ ശ്രമിക്കുന്നവരല്ല കേരളീയ ജനത. എന്നാല്‍ കേരളീയ മത സമൂഹത്തില്‍ അനാവശ്യ ഭയവും സംശയവും സൃഷ്ടിച്ച് മതിലുകള്‍ സൃഷ്ടിക്കാന്‍ ശ്രമം നടന്നു വരുന്നുണ്ട്. ഇതുമായി ചേര്‍ത്ത് വെക്കപ്പടാവുന്നതാണ് ലൗജിഹാദുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന പ്രചരണം.

കേരളത്തിലെ പ്രണയങ്ങളെടുത്ത് പരിശോധിക്കുന്നത് നന്നായിരിക്കും. അന്യമതസ്ഥരുടെ പ്രണയങ്ങളെല്ലാം ഏതെങ്കിലുമൊരു മതത്തില്‍ ചെന്ന് അവസാനിക്കുകയാണ് ചെയ്യാറ്. പുരുഷ കേന്ദ്രീകൃതപ്രണയങ്ങളില്‍ പെണ്‍കുട്ടി അവന്റെ മതം സ്വീകരിക്കാന്‍ തയ്യാറാവുന്നു. മറിച്ചും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അന്യമതരെ പ്രണയിച്ച് കുരുക്കി മതപരിവര്‍ത്തനത്തിന് ആയുധമാക്കുന്നതിനെക്കുറിച്ചാണ് ലൗജിഹാദ് പറയുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ മുഴുവനായി അന്വേഷിക്കപ്പെടേണ്ടതുണ്ട്. അന്യമതങ്ങള്‍ തമ്മില്‍ സംശയത്തിന്റെ മതില്‍ നിര്‍മ്മിക്കുന്നതിന് പകരം തങ്ങളുടെ മതത്തിന്റെ പേരില്‍ നടക്കുന്ന ഈ മതവിരുദ്ധ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാന്‍ മത നേതൃത്വം തന്നെ രംഗത്ത്് വരികയാണ് ചെയ്യേണ്ടത്. കേരളത്തിലെ സാമൂഹിക ഘടനക്ക് ഗുരുതരമായ പ്രത്യാഘാതമേല്‍ക്കാവുന്ന തരത്തിലുള്ള കാര്യങ്ങള്‍ എന്ത് ലാഘവത്തോടെയും കൗശലത്തോടെയുമാണ് കൗമുദിയെന്ന ഉത്തരവാദിത്വപ്പെട്ട ഒരു മാധ്യമം കൈകാര്യം ചെയ്തതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. കേരളത്തിലെ പൊതു സമൂഹത്തിന്റെ വായനയെ വര്‍ഗീയവത്കരിക്കുന്നത് എങ്ങനെയെന്ന് കാണിച്ചു തരികയാണ് ചില സാങ്കല്‍പിക കഥകള്‍ പ്രസിദ്ധീകരിക്കുക വഴി ഈ മാധ്യമം ചെയ്തത്. കേരളത്തിലെ കാമ്പസുകളില്‍ ലൗ ജിഹാദ് നടക്കുന്നുണ്ടോ ഇല്ലയോ എന്നത് വസ്തുനിഷ്ഠമായി ഇനിയും തെളിയിക്കപ്പെടേണ്ടതുണ്ട്. മാധ്യമങ്ങള്‍ ഇപ്പോള്‍ പറയുന്ന തെളിവുകള്‍ അടിസ്ഥാനമാക്കി ലൗജിഹാദിനെക്കുറിച്ച് സംസാരിക്കാന്‍ കഴിയില്ല. അതിന് ഇനിയും വസ്തു നിഷ്ഠമായ പഠനങ്ങള്‍ വേണ്ടിയിരിക്കുന്നു. അല്ലാതെയുള്ള ഓരോ സംസാരവും കാലങ്ങളായി നാം കെട്ടിപ്പൊക്കിയ മത സൗഹൃങ്ങളുടെ മേല്‍ വീഴ്ത്തുന്ന വലിയൊരു വിള്ളലായിരിക്കും.

പൈങ്കിളി പ്രസിദ്ധീകരണങ്ങളെ വെല്ലുന്ന രീതിയില്‍ സെക്‌സും റൊമാന്‍സും ആവശ്യത്തിന് ഉപയോഗിച്ചാണ് കൗമുദി ലൗജിഹാദിനെ വിശദീകരിക്കുന്നത്. പത്തനം തിട്ടയിലെ സെന്റ് ജോണ്‍സ് കോളജിലെ ഷഹന്‍ഷായെ കേന്ദ്രീകരിച്ച് നടത്തുന്ന ആക്രമണം കേരളത്തെ മൊത്തം വര്‍ഗീയ ധ്രുവീകരണത്തിലേക്ക് നയിക്കുന്നതിന് ഇടവരുത്തുന്ന രീതിയിലാണ് വാരിക കൈകാര്യം ചെയ്തിരിക്കുന്നത്. മേല്‍ ഉദ്ധരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ കേരളത്തില്‍ എവിടെയെങ്കിലും ഒരു മുസ്ലിമല്ലാത്ത പെണ്‍കുട്ടിയെ കാണാതാവുകയോ അല്ലെങ്കില്‍ ഒരു അമുസ്ലിം പെണ്‍കുട്ടി മുസ്ലിമിന്റെ കൈകൊണ്ട് കൊല്ലപ്പെടുകയോ ചെയ്താല്‍ അതിലെല്ലാം വര്‍ഗീയത കണ്ടെത്തുന്നത് അറു പിന്തിരിപ്പന്‍ ചിന്തയാണ്. ഇതിന് തീപിടിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. മതവും പ്രണയവും ഒരുമിച്ചെത്തുമ്പോള്‍ വര്‍ഗീയ പ്രത്യയശാസ്ത്രങ്ങള്‍ക്ക് തങ്ങളുടെ അജണ്ട എളുപ്പം പൂര്‍ത്തിയാക്കാനകും.

കേരളത്തില്‍ മതം മാറ്റവും പ്രണയവും അടുത്ത കാലത്തൊന്നും പ്രത്യക്ഷപ്പെട്ട സംഭവമല്ല. മതം മാറ്റുന്നതിന് പ്രണയം ആയുധമാക്കുന്നെന്ന് ഹിന്ദു മുസ്ലിം തീവ്രവാദ സംഘടനകള്‍ പരസ്പരം ആരോപിച്ചുകൊണ്ടിരുന്നതുമാണ്. പ്രണയ ബന്ധങ്ങളില്‍ മതം പ്രശ്‌നമാവുമ്പോള്‍ അതില്‍ ഇടപെടാന്‍ ഹിന്ദു- മുസ്ലിം തീവ്രവാദ സംഘടനകള്‍ ശ്രദ്ധിച്ച് പോരുന്നുണ്ട്. കേരളത്തിലെ കാമ്പസുകളില്‍ സംശുദ്ധപ്രണയം 90കളില്‍ തന്നെ അപ്രത്യക്ഷമായിരുന്നു. പ്രണയത്തിന്റെ എല്ലാ പവിത്രതയെയും വഞ്ചിക്കുന്ന തരത്തില്‍ ശാരീരിക ബന്ധത്തിന്റെയും സാമ്പത്തിക ഇടപാടുകളുടെയും മുതലെടുപ്പിന്റെയും ബ്ലാക്ക്‌മെയിലിന്റെയും ലോകത്തേക്ക് കാമ്പസ് പ്രണയം വഴിമാറിപ്പോയിട്ടുണ്ട്. ഇതെക്കുറിച്ച് കേരളത്തിലെ ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങള്‍ പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇതൊന്നും കലാകൗമുദി അറിയാതെ പോയിട്ടുണ്ടാവില്ല. കേരളത്തിലെ കാമ്പസുകളില്‍ ഇപ്പോള്‍ നടക്കുന്ന പ്രണയ ബന്ധങ്ങളെടുത്ത പരിശോധിക്കപ്പെടേണ്ടതുണ്ട്. കാമ്പസുകളില്‍ ഗാഢമായ പ്രണയം ഏതെങ്കിലും നടക്കുന്നുണ്ടെങ്കില്‍ അത് മതവും ജാതിയും സമ്പത്തും സൗന്ദര്യവുമെല്ലാം കൂട്ടിക്കിഴിച്ച് ലാഭ നഷ്ടങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്തയ ശേഷമുള്ളതായിത്തീര്‍ന്നിട്ടുണ്ട്.

കേരളത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോലും പെണ്‍വാണിഭത്തിന് ഇരയാകുന്നത് നാം അറിഞ്ഞതാണ്. അടുത്തിടെ തിരുവനന്തപുരത്തെ ഒരു സ്‌കൂളില്‍ നിന്നും പെണ്‍കുട്ടികളെ പണവും മറ്റ് സൗകര്യങ്ങളും നല്‍കി പെണ്‍വാണിഭത്തിന് ഉപയോഗിച്ച സംഘത്തെ പിടികൂടുകയുണ്ടായി. മൊബൈല്‍ ഫോണുമായി കലാലയങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ അവരറിയാതെ പെട്ടു പോകുന്ന കുരുക്കുകള്‍ പിന്നീട് അഴിക്കാനാകാതെ മുറുകിപ്പോകുകയാണ്. കേരളത്തെ അടുത്ത കാലത്ത് ഞെട്ടിച്ച അമ്പലപ്പുഴ സംഭവവും ഇതിന്റെ മറ്റൊരു പതിപ്പായിരുന്നു. മൂന്ന് പെണ്‍കുട്ടികളുടെ ആത്മഹത്യയിലെത്തിച്ച സംഭവം കേരളത്തിലെ രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കുന്നതായിരുന്നു. എന്നാല്‍ ആ സംഭവത്തെയും നിരുത്തരവാദപരമായി ലൗജിഹാദുമായി ബന്ധപ്പെടുത്തിപ്പറയുന്നത് പ്രശ്‌നങ്ങളെ സങ്കീര്‍ണമാക്കുവാനേ ഉപകരിക്കുകയുള്ളൂ. അമ്പലപ്പുഴ സംഭവത്തിന് പിന്നില്‍ ലൗജിഹാദ് ആണോയെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തിയിരുന്നുവെന്നാണ് വാരികയില്‍ പറയുന്നത്. അന്വേഷണത്തിന്റെ ഫലം എന്തെന്ന് പറയാതിരിക്കുക വഴി വായനക്കാരനെ സംശയ രോഗിയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് എളുപ്പം പിടികിട്ടും. ഇതിനു പുറമെ ലൗജിഹാദുമായി ബന്ധപ്പെട്ട് പോലീസിനും ഐ.ബിക്കും നിരവധി തെളിവുകള്‍ കിട്ടിയിട്ടും അവര്‍ അത് മൂടിവെക്കുകയാണെന്നും പറയുന്നു.

ഇവിടെ ഷഹന്‍ഷായെന്ന എം.എസ്.എഫുകാരന്‍ രണ്ട് പെണ്‍കുട്ടികളെ പ്രണയത്തിലൂടെ മതം മാറ്റാന്‍ ശ്രമിച്ചുവെന്നാണ് കലാകൗമുദിക്ക് പറയേണ്ടിയരുന്നതെങ്കില്‍ അതിന് കാര്യങ്ങളെ ഇത്രത്തോലം സങ്കീര്‍ണമാക്കി മാറ്റേണ്ടിയിരുന്നില്ല. കേരളത്തിലെ കാമ്പസ് പ്രണയങ്ങളെയും സൗഹൃദങ്ങളെ പോലും സംശയത്തോടെ കാണണമെന്ന് പറയുന്നത് കാമ്പസുകളില്‍ അല്‍പമെങ്കിലും ബാക്കിയുള്ള വസന്തത്തെ തല്ലിക്കെടുത്താനേ ഉപകരിക്കൂ. ഗുസ്തി മത്സരത്തില്‍ യാദൃശ്ചികമായി ഒരു വശത്ത് മുസ്ലിമും മറ്റൊരു വശത്ത് ഹിന്ദുവും എത്തിപ്പെട്ടത് പിന്നീട് ആ നാട്ടില്‍ വര്‍ഗീയ കലാപം പൊട്ടിപ്പുറപ്പെടാന്‍ ഇടയാക്കിയതുമായി ബന്ധപ്പെട്ട് പഴയ യു പി സ്‌കൂള്‍ സിലബസില്‍ ഒരു പാഠമുണ്ട്. പലമതത്തിലും വിശ്വസിക്കുന്നവര്‍ ഒരുമിച്ച് കഴിയുന്ന നാട്ടില്‍ അവര്‍ തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളും തര്‍ക്കങ്ങളുമെല്ലാം വര്‍ഗീയവും മതാനുബന്ധവുമാണെന്ന് വിശ്വസിക്കുന്നത് അറു പിന്തരിപ്പനും തികഞ്ഞ മതഭ്രാന്തുമാണെന്ന് പറയേണ്ടിയിരിക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ മാധ്യമത്തിന്റെ ആഴ്ചപ്പതിപ്പ് ഇതിന് വേണ്ടി പേജുകള്‍ നീക്കിവെച്ചതാണ് ഏറെ ആശ്ചര്യകരം.

മാധ്യമങ്ങള്‍ക്ക് ലഭിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയരേണ്ട സമയമായിരിക്കുന്നു. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് അടുത്ത കാലത്തായി കൗമുദി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളെയ്യാം ശരിയായിരുന്നെങ്കില്‍ കേരളം ഇന്ന് ഈ നിലയില്‍ നില്‍ക്കുമായിരുന്നില്ല. അസത്യവും ഊതിപ്പെരിപ്പിച്ച വാര്‍ത്തകളും പരത്തി സമൂഹത്തില്‍ ഭീതിയും സംശയവുമുണ്ടാക്കുകയെന്ന ഫാഷിസ്റ്റ് തന്ത്രത്തെക്കുറിച്ച് ഓര്‍ത്തെടുക്കേണ്ട സമയമായിരിക്കുന്നു. മതം മാറാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന് അവകാശം നല്‍കുന്നുണ്ട്. അത് പ്രണയത്തിന്റെ പേരിലായാലും സ്ത്രീക്കും പുരുഷനും അവകാശമുണ്ട്. അപ്പോള്‍ പിന്നെ ഇപ്പോഴത്തെ ലൗജിഹാദ് പ്രചരണത്തിന് പിന്നില്‍ ഗൂഢമായ ചില ഉദ്ദേശങ്ങളുണ്ട്.

കാമ്പസുകളില്‍ പ്രചരിച്ച ഒരു എസ്.എം.എസിനെക്കുറിച്ച് വാരികയില്‍ പറയുന്നുണ്ട്. ‘ നമ്മുടെ പെണ്‍കുട്ടികളെ മുസ്ലിം യുവാക്കള്‍ പ്രണയിച്ച് വിവാഹം കഴിക്കുന്ന സംഭവങ്ങള്‍ ഏറി വരികയാണ്. കേരളത്തിലെ കാമ്പസുകളില്‍ ഇത്തരത്തിലുള്ള വിവാഹങ്ങള്‍ പെരുകുന്നു. രക്ഷിതാക്കള്‍ ജാഗ്ര പാലിക്കണം’. എന്നായിരുന്നു എസ്.എം.എസ്. ഹിന്ദു വര്‍ഗീയ സംഘടനകളുടെന്ന് തോന്നിപ്പിക്കുന്ന ഈ എസ്.എം.എസിന് പിന്നില്‍ മുസ്ലിം വര്‍ഗീയ സംഘടനകളായിരുന്നെന്ന് പോലീസ് വ്യക്തമായിരുന്നെന്നും രക്ഷാകര്‍ത്താക്കളില്‍ വര്‍ഗീയ വിഷം കുത്തിവെച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമമായിരുന്നു ഇതെന്നും വാരിക തന്നെ പറയുന്നുണ്ട്. എന്നാല്‍ വാരിക പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെയും ലക്ഷ്യം ഇത് തന്നെയല്ലേയെന്നാണ് സംശയമുയരുന്നത്.

ഒരു സമയം മതം മാറ്റത്തെ പുരോഗമനപരമായി കണ്ടിരുന്ന സമൂഹമായിരുന്നു കേരളത്തിലേത്. അന്യമതപ്രണയങ്ങള്‍ക്ക് കാംപസ് സാംസ്‌കാരിക ലോകത്തിന്റെ ശക്തമായ പിന്തുണയും ലഭിച്ചിരുന്നു. മതം മാറ്റമുണ്ടാവുമ്പോള്‍ മാധ്യമങ്ങള്‍ ഹാലിളകി കെട്ടുകഥകളുമായി വരുന്ന സാഹചര്യം അന്നുണ്ടായിരുന്നില്ല. കേരളത്തില്‍ എല്ലാ കാലത്തും ഹിന്ദു-മുസ്ലിം-കൃസ്ത്യന്‍ മതംമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാമ്പസുകളില്‍ എത്രയോ പേര്‍ ഒളിച്ചോടിയിട്ടുണ്ട്. എന്നാല്‍ അന്നൊന്നും ജിഹാദി പ്രണയത്തെക്കുറിച്ച് പറഞ്ഞ് കേട്ടിരുന്നില്ല. പ്രണയക്കുരുക്കെറിഞ്ഞ് ഷഹന്‍ഷാമാര്‍ പെണ്‍കുട്ടികളെ മതംമാറ്റുന്നതിന് ശ്രമിച്ചിട്ടുണ്ടെങ്കില്‍ അത് എതിര്‍ക്കപ്പെടേണ്ടതാണ്. മതം മാറുന്നതിന് മതത്തിനോടുള്ള പ്രണയം മാത്രമേ കാരണമാകാവൂവെന്ന് മതം തന്നെ നിശ്ചയിച്ചിട്ടണ്ട്.

കാമ്പസുകളില്‍ കുറച്ചു കാലമായി വര്‍ഗീയ സംഘടനകള്‍ തലപൊക്കിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ ചില കാമ്പസുകള്‍ ഭരിക്കുന്നത് ഇത്തരം വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിദ്യാര്‍ഥി സംഘടനകളാണ്. കാമ്പസുകളില്‍ ജനാധിപത്യ മതേതര സംഘടനകള്‍ക്ക് ശക്തി ക്ഷയിച്ചു വന്നപ്പോഴാണ് അവിടെ വര്‍ഗീയ സംഘടനകള്‍ വേരുറപ്പിക്കാന്‍ ശ്രമം തുടങ്ങിയത്. വിദ്യാര്‍ഥി രാഷ്ട്രീയ സ്വാതന്ത്ര്യം നിഷേധിക്കുന്ന സ്വാശ്രയ കോളജുകളിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൂടുതലും നടക്കുന്നത്. അവയെ കണ്ടെത്തി തിരുത്താനും കാമ്പസുകളെ മതേതരവത്കരിക്കുന്നതിനും ശ്രമം നടത്തുകയാണ് വേണ്ടത്. അതിനായിരിക്കണം മാധ്യമങ്ങളുടെയും ശ്രമം. അല്ലാതെ ഒറ്റപ്പെട്ടതും യാദൃശ്ചികവുമായ സംഭവങ്ങളെപ്പോലും സാങ്കല്‍പ്പിക പൈങ്കിളി ചേരുവകളും വ്യാജ പോലീസ് റിപ്പോര്‍ട്ടുകളും ചേര്‍ത്ത് വെച്ച് വായനക്കാര്‍ക്ക് വ്യാജ അന്വേഷണ റിപ്പോര്‍ട്ടുകള്‍ നല്‍കുകയല്ല വേണ്ടത്.

ലൗ ജിഹാദ്: വിഷം തുപ്പാന്‍ കേരളകൗമുദി; മുതലെടുക്കാന്‍ പോപ്പുലര്‍ ഫ്രണ്ട്‌


Advertisement