സനാതന ധര്‍മം തകര്‍ക്കാനുള്ള പുതിയ തീവ്രവാദമാണ് ലൗ ജിഹാദ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
national news
സനാതന ധര്‍മം തകര്‍ക്കാനുള്ള പുതിയ തീവ്രവാദമാണ് ലൗ ജിഹാദ്: കേന്ദ്രമന്ത്രി ഗിരിരാജ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th November 2022, 8:32 am

ലഖ്‌നൗ: സനാതന ധര്‍മം അവസാനിപ്പിക്കാനുള്ള ഗൂഢാലോചനയാണ് ലൗ ജിഹാദിന്റെ രൂപത്തിലുള്ള തീവ്രവാദമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. ഇത്തരം തീവ്രവാദങ്ങള്‍ക്കെതിരെ ഒന്നിക്കാനും അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.

ചൊവ്വാഴ്ച ഉത്തര്‍പ്രദേശിലെ മുഹമ്മദാബാദില്‍ നടന്ന പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലൗ ജിഹാദിന്റെ പേരില്‍ പുതിയ തീവ്രവാദം ഉടലെടുത്തിരിക്കുന്നു. അത് ഇന്ത്യയുടെ സനാതന ധര്‍മം തകര്‍ക്കാനുള്ള ഗൂഢാലോചനയായി വേണം കരുതാന്‍. ഇത്തരം ഗൂഢാലോചനകളെ തകര്‍ക്കാന്‍ എല്ലാ വിശ്വാസികളും ഒന്നിക്കണം,’ ഗിരിരാജ് സിങ് പറഞ്ഞു.

രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് ശക്തമായ നിയമം അനിവാര്യമാണെന്ന് ഗിരിരാജ് സിങ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനസംഖ്യാനിയന്ത്രണത്തിനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണനയിലിരിക്കെയാണ് ഗിരിരാജ് സിങ്ങിന്റെ പ്രതികരണം.

‘ജനസംഖ്യ ക്രമാതീതമായി വര്‍ധിക്കുന്നത് രാജ്യത്തിന്റെ പുരോഗതിയെ ബാധിക്കും.
ജനസംഖ്യ നിയന്ത്രണത്തിനായി ശക്തമായ നിയമം രാജ്യത്ത് നടപ്പിലാക്കണം. മതമോ ജാതിയോ മറ്റ് വിഭാഗമോ നോക്കാതെ മുഴുവന്‍ ജനങ്ങളും നിയമത്തിന് വിധേയരാകണം.

ജനസംഖ്യ നിയന്ത്രണത്തിനുള്ള നിയമം ലംഘിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കരുത്. അവരുടെ വോട്ടവകാശം തടയണം. രാജ്യത്ത് ലഭ്യമാകുന്ന വിഭവങ്ങള്‍ക്കനുസരിച്ച് ജനസംഖ്യ നിയന്ത്രിക്കാന്‍ മുഴുവന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തം ഉണ്ട്.

വിഭവങ്ങളുടെ ലഭ്യതയും ഭൂപ്രദേശത്തിന്റെ വിസ്തൃതിയും പല രാജ്യങ്ങള്‍ക്കും ജനസംഖ്യാ വര്‍ധനവ് പ്രശ്‌നമല്ല. എന്നാല്‍, ഇന്ത്യയുടെ സ്ഥിതി അതല്ല. ചൈനയേക്കാള്‍ വേഗത്തിലാണ് ഇന്ത്യയുടെ ജനസംഖ്യ വര്‍ധിക്കുന്നത്,’ ഗിരിരാജ് സിങ് പറഞ്ഞു.

സംസ്ഥാനത്ത് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ മികവിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗിരിരാജ് സിങ് അഭിനന്ദിക്കുകയും ചെയ്തു.

Content Highlight: ‘Love Jihad Is New Form Of Terrorism’ said Union Minister Giriraj Singh