ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ് നഗര്‍ ജില്ലയില്‍ ഡി.ജെ മ്യൂസിക്കിന്റെ ശബ്ദം കാരണം രണ്ട് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ബര്‍ഹാനി പട്ടണത്തില്‍ രാം ജാനകി ക്ഷേത്രത്തിന് സമീപമുള്ള ദുര്‍ഗാ നിമജ്ജന ഘോഷയാത്രക്കിടെയാണ് സംഭവം.

പ്രദേശത്തെ വിവിധ പന്തലുകളില്‍ നിന്നുള്ള വിഗ്രഹങ്ങള്‍ നിമജ്ജനത്തിനായി രാംലീല മൈതാനത്തേക്ക് കൊണ്ടുവന്നപ്പോഴായിരുന്നു ഇത്. ഈ മൈതാനത്തുനിന്നും കേവലം 30 മീറ്ററില്‍ താഴെ മാത്രം ദൂരത്തിലാണ് കുഞ്ഞിന്റെ കുടുംബം താമസിക്കുന്നത്.

കുഞ്ഞിന്റെ പിതാവായ ജാവേദ് മനിഹാര്‍ നല്‍കിയ പരാതി പ്രകാരം ഘോഷയാത്രയില്‍ പങ്കെടുത്ത ഡി.ജെകള്‍ പരസ്പരം മത്സരിച്ച് അമിത ശബ്ദത്തിലാണ് പാട്ടുകള്‍ വെച്ചിരുന്നത്. ശബ്ദം കാരണം വീടിന്റെ ജനലുകളും ചുവരുകളും ശക്തമായി വിറച്ചിരുന്നു. ശബ്ദത്തിന്റെ ആഘാതത്തില്‍ വീടിന് പുറത്തെ കോണ്‍ക്രീറ്റ് സണ്‍ഷെയ്ഡ് വരെ തകര്‍ന്നുവീണതായും അദ്ദേഹം പറഞ്ഞു.

ഉച്ചത്തിലുള്ള ശബ്ദം കാരണം കുഞ്ഞിന്റെ ആരോഗ്യം പെട്ടെന്ന് വഷളാവുകയും, ഒരു വലിയ ശബ്ദം ഉണ്ടായതിന് പിന്നാലെ കുഞ്ഞ് പൂര്‍ണമായും പ്രതികരണമില്ലാത്ത അവസ്ഥയിലാവുകയുമായിരുന്നുവെന്നും ഉടന്‍ തന്നെ മരണവും സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

അമിത ശബ്ദമലിനീകരണത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയതോടെ ധേബറുവ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂകയുള്ളു എന്നാണ് പൊലീസ് വാദം. ഉത്തര്‍പ്രദേശില്‍ ഉത്സവങ്ങളോടനുബന്ധിച്ച് അമിത ശബ്ദത്തിലുള്ള ഡി.ജെ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് കുട്ടികളുടെ ജീവന് ഭീഷണിയാകുന്ന രണ്ടാമത്തെ സംഭവമാണിത്. കഴിഞ്ഞ മാസം യു.പിയിലെ ബല്‍റാംപൂരില്‍ ഗണപതി വിഗ്രഹ നിമജ്ജനത്തിനിടയിലെ അമിത ഡി.ജെ ശബ്ദം കാരണം ക്ലാസ് മുറിയില്‍ ഇരിക്കുകയായിരുന്ന ഏഴ് വയസുകാരി കുഴഞ്ഞുവീണ് മരിച്ചിരുന്നു.

 

Content Highlight: Loud DJ music during Durga immersion procession; two-day-old infant dies in Uttar Pradesh