അഹങ്കാരം കാരണം അവസരം നഷ്ടപ്പെട്ടു, സ്വയം മനസിലാക്കി തിരുത്തി: വിൻസി അലോഷ്യസ്
Vincy Aloshious
അഹങ്കാരം കാരണം അവസരം നഷ്ടപ്പെട്ടു, സ്വയം മനസിലാക്കി തിരുത്തി: വിൻസി അലോഷ്യസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th July 2025, 2:32 pm

2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെ സിനിമ ലോകത്തേക്ക് അരങ്ങേറിയ നടിയാണ് വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന ടാലന്റ്റ്-ഹണ്ട് ടെലിവിഷൻ ഷോയുടെ ഫൈനലിസ്റ്റായിരുന്നു വിൻസി.

രേഖ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡും വിൻസിയെ തേടിയെത്തി. ഇപ്പോൾ അവാർഡ് കിട്ടിയ സമയത്തുള്ള അനുഭവം പറയുകയാണ് നടി.

തനിക്ക് നല്ല സിനിമകളില്‍ നിന്നും അവസരങ്ങള്‍ വന്നിരുന്നെന്നും തനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ അഹങ്കാരം വന്നിരുന്നെന്നും വിന്‍സി അലോഷ്യസ് പറയുന്നു.

കുറച്ചുകാലം കഴിഞ്ഞപ്പോഴാണ് തനിക്ക് അക്കാര്യം മനസിലായതെന്നും അതുകാരണം ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും നടി കൂട്ടിച്ചേര്‍ത്തു. നല്ല സിനിമകള്‍ ചെയ്യണമെന്നാണുള്ളതെന്നും തന്റെ തെറ്റ് മനസിലാക്കി താന്‍ സ്വയം തിരുത്തുകയായിരുന്നെന്നും വിന്‍സി കൂട്ടിച്ചേര്‍ത്തു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അവര്‍.

‘എനിക്ക് നല്ല സിനിമയില്‍ അവസരങ്ങള്‍ വന്നിരുന്നു. ഞാന്‍ അവാര്‍ഡിനെ തള്ളിപ്പറയുകയല്ല. പക്ഷെ, എനിക്ക് അവാര്‍ഡ് കിട്ടിയപ്പോള്‍ എനിക്ക് അഹങ്കാരം കൂടിയിട്ടുണ്ടായിരുന്നു ഒരു പോയിന്റില്‍. ഉള്ളിന്റെ ഉള്ളില്‍ ഒരു തലയെടുപ്പോ എന്തോ ഉണ്ടായിരുന്നു. അത് കുറേക്കാലം കഴിഞ്ഞപ്പോഴാണ് മനസിലായത്. നമ്മള്‍ നഷ്ടപ്പെടുത്തിയ ഒത്തിരി ഓഫേഴ്‌സ് ഉണ്ട്. അങ്ങനെ നഷ്ടപ്പെട്ട് പോയിട്ടുണ്ട്.

അവാര്‍ഡ് എന്നുപറഞ്ഞാല്‍ അത് നമുക്ക് കിട്ടുന്ന ഒരു അഭിനന്ദനം ആണ്. അതിന് ശേഷം മൂവീസ് സെലക്ട് ചെയ്യുമ്പോള്‍ വലിയ ഭാരമായിട്ട് തോന്നിയിട്ടില്ല. കുറച്ചുകൂടി ഉത്തരവാദിത്തമുള്ള സിനിമകള്‍ ചെയ്യണമെന്നുണ്ട്. എന്റെ ഉള്ളിലെന്തോ തെറ്റ് ഉണ്ട് എന്ന് മനസിലാക്കിയിട്ട് പിന്നെ സ്വയം തിരുത്തുകയായിരുന്നു. ഇപ്പോള്‍ എല്ലാവരെയും ഒരുപോലെ കാണാനുള്ള മെന്റാലിറ്റി ഉണ്ട്,’ വിന്‍സി അലോഷ്യസ് പറയുന്നു.

Content Highlight: Lost opportunity due to pride, realized and corrected byself: Vincy Aloysius