കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ പോയ റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്. അറസ്റ്റ് ഒഴിവാക്കുന്നതിനായി വേടൻ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തിലാണ് പൊലീസ് നടപടി. ഇതോടെ വിമാനത്താവളം അടക്കം വേടൻ യാത്ര ചെയ്യാൻ ശ്രമിച്ചാൽ ലുക്കൗട്ട് നോട്ടീസ് പ്രകാരം കസ്റ്റഡിയിലെടുക്കാനാകും.
ബലാത്സംഗ പരാതിയുമായി യുവതി രംഗത്തെത്തിയതിന് പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് വേടൻ ഒളിവിൽ പോയത്. ഇതിനെതുടർന്ന് വേടന്റെ ബോൾഗാട്ടി പാലസിൽ സംഘടിപ്പിച്ച സംഗീത പരിപാടി റദ്ദാക്കിയിരുന്നു.
കേസിൽ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച വേടന്റെ ജാമ്യാപേക്ഷ 18ാം തീയതി പരിഗണിക്കും. തൃക്കാക്കര എ.സി.പിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇൻഫോപാർക്ക് എസ്.എച്ച്.ഒയ്ക്കാണ് നിലവിലെ ചുമതല. വേടനുമായുള്ള യുവതിയുടെ സാമ്പത്തിക ഇടപാടുകൾ പൊലീസ് സ്ഥിരീകരിച്ചു.
അഞ്ച് തവണ പീഡനം നടന്നെന്നും കോഴിക്കോടും കൊച്ചിയിലും ഏലൂരിലും വെച്ച് പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്. ലഹരിമരുന്ന് ഉപയോഗിച്ച ശേഷം പീഡിപ്പിച്ചെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ കാര്യങ്ങളൊക്കെ സുഹൃത്തുക്കൾക്ക് അറിയാമെന്നും യുവതി മൊഴി നൽകി. ഇവരുടെ വിവരങ്ങളും യുവതി നൽകിയിട്ടുണ്ട്.
2023 ജൂലൈ മുതൽ തന്നെ ഒഴിവാക്കിയെന്നും വിളിച്ചാൽ ഫോൺ എടുക്കാതെയായി എന്നും യുവതി പറഞ്ഞു. പലപ്പോഴായി 31000 രൂപ വേടന് കൈമാറിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി. ഇവയുടെ അക്കൗണ്ട് വിവരങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് വേടനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
Content Highlight: Lookout notice issued against Rapper Vedan