ലണ്ടന്‍: അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ ബി.ബി.സിയുടെ ആസ്ഥാനത്ത് നിന്ന് ആരംഭിക്കാനിരുന്ന ഫലസ്തീന്‍ അനുകൂല മാര്‍ച്ച് തടഞ്ഞ് ലണ്ടന്‍ പൊലീസ്. ബി.ബി.സി കെട്ടിടത്തിന്റെ സമീപത്തുള്ള സിനഗോഗിന് ഫലസ്തീന്‍ അനുകൂല മാര്‍ച്ച് ഭീഷണിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സംഭവത്തില്‍ ലണ്ടന്‍ മെട്രോപൊളിറ്റന്‍ പൊലീസിനെതിരെ ഫലസ്തീന്‍ അനുകൂല ബ്രിട്ടീഷ് എം.പിമാര്‍ രംഗത്തെത്തി. ബ്രിട്ടനിലെ പ്രമുഖരായ സാംസ്‌കാരിക പ്രവര്‍ത്തകരും ഫലസ്തീന്‍ മാര്‍ച്ച് തടഞ്ഞ നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ത്തി.
നടപടിക്ക് പിന്നാലെ, മാര്‍ച്ച് സംബന്ധിച്ച് മാസങ്ങള്‍ക്ക് മുമ്പ് തങ്ങള്‍ പൊലീസുമായി ധാരണയിലെത്തിയിരുന്നുവെന്ന് സംഘാടകര്‍ വ്യക്തമാക്കി. എന്നാല്‍ ഇസ്രഈല്‍ വിരുദ്ധ മാര്‍ച്ച് സമീപത്തെ സിനഗോഗിന് ഭീഷണിയെന്ന് ബ്രിട്ടനിലെ ഇസ്രഈലി അനുകൂലികളും എം.പിമാരും അവകാശപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പൊലീസ് മാര്‍ച്ച് വിലക്കിയത്.
അതേസമയം ഇസ്രഈല്‍ അനുകൂലികളുടെ വാദം പ്രതിഷേധക്കാര്‍ നിഷേധിച്ചു. സിനഗോഗിന് മുമ്പിലൂടെ മാര്‍ച്ച് സംഘടിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധം ആര്‍ക്കും ഒന്നിനും ഭീഷണിയാകില്ലെന്നും സംഘാടകര്‍ പറഞ്ഞു. പൊലീസ് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാര്‍ ബ്രിട്ടന്‍ പൊലീസിനെയും ബി.ബി.സിയെയും വിമര്‍ശിച്ച് തുറന്ന കത്തെഴുതുകയും ചെയ്തിരുന്നു. കത്തിലൂടെ പൊലീസിന്റെ അടിച്ചമര്‍ത്തല്‍ നടപടിയെ ഫലസ്തീന്‍ അനുകൂലികള്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
‘ബി.ബി.സി ഒരു ‘പബ്ലിക് ഫണ്ടഡ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍’ ആണ്. നെതന്യാഹുവിന്റെ ക്രൂരതകള്‍ക്കെതിരെ എതിര്‍പ്പ് ഉയര്‍ത്തുന്നവരെ തടയുന്ന ബി.ബി.സിയുടെ നിലപാട് ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ജൂതന്മാര്‍ ഉള്‍പ്പെടെ ഫലസ്തീന്‍ അനുകൂല പ്രക്ഷോഭങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഓര്‍ക്കണം,’ ഫലസ്തീന്‍ അനുകൂലികള്‍
നേരത്തെ ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ നെതന്യാഹു ഭരണകൂടത്തോട് സ്ഥാപനം പക്ഷപാതം കാണിക്കുന്നുവെന്ന് ബി.ബി.സി ജീവനക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവുകള്‍ കൂടാതെ സത്യസന്ധമല്ലാത്ത വാര്‍ത്തകളാണ് ബി.ബി.സി നല്‍കുന്നതെന്നാണ് ജീവനക്കാര്‍ പറഞ്ഞത്.
നൂറിലധികം ജീവനക്കാര്‍ ഇതുസംബന്ധിച്ച് ബി.ബി.സിയുടെ ഡയറക്ടര്‍ ജനറല്‍ ടിം ഡേവിക്കും സി.ഇ.ഒ ഡെബോറ ടര്‍ണസിനും കത്തയക്കുകയും ചെയ്തിരുന്നു. സ്ഥാപനത്തിന്റെ എഡിറ്റോറിയല്‍ മാനദണ്ഡങ്ങളെ ബി.ബി.സിയുടെ നിലപാട് അപകടത്തിലാക്കിയെന്ന് ജീവനക്കാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
Content Highlight: London Police stop Palestinian march from BBC headquarters; Criticized by British MPs