ലണ്ടൻ: ഗസ വംശഹത്യക്കെതിരായ റാലിയിൽ പങ്കെടുത്ത 83കാരിയായ ക്രിസ്ത്യൻ പുരോഹിതയുടെ അറസ്റ്റ് ന്യായീകരിച്ച ലണ്ടൻ പൊലീസ് മേധാവിക്ക് വിമർശനം. ഗസ വംശഹത്യക്കെതിരെ പ്രതിഷേധിക്കുന്ന സംഘടനയായ ഫലസ്തീൻ ആക്ഷനെ പിന്തുണക്കുകയും ഇസ്രഈലി വംശഹത്യയെ എതിർക്കുകയും ചെയ്ത 83 വയസുള്ള വിരമിച്ച പുരോഹിതയായ സൂ പാർഫെറ്റിന്റെ അറസ്റ്റിനെയായിരുന്നു ലണ്ടനിലെ മെട്രോപൊളിറ്റൻ പൊലീസ് സേനയുടെ തലവൻ ന്യായീകരിച്ചത്. തീവ്രവാദ നിയമപ്രകാരമായിരുന്നു പുരോഹിതയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആഴ്ചയായിരുന്നു അറസ്റ്റിനിടയാക്കിയ പ്രതിഷേധം നടന്നത്. ഗസയിൽ നടക്കുന്ന വംശഹത്യക്കെതിരെ ലണ്ടനിലെ പാർലമെന്റ് സ്ക്വയറിൽ ഫലസ്തീൻ ആക്ഷന്റെ കീഴിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിൽ പങ്കെടുത്തതിന് ലണ്ടൻ പൊലീസ് അറസ്റ്റ് ചെയ്ത 29 ഫലസ്തീൻ ആക്ഷൻ പ്രവർത്തകരിൽ ഒരാളാണ് സൂ പാർഫെറ്റ്.
വംശഹത്യയെ ഞാൻ എതിർക്കുന്നുവെന്ന പ്ലക്കാർഡ് പിടിച്ച് പ്രതിഷേധിക്കുകയായിരുന്ന പുരോഹിത സൂ പാർഫെറ്റിനെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ അറസ്റ്റ് ബ്രിട്ടീഷ് ജനങ്ങൾക്കിടയിലും സോഷ്യൽ മീഡിയയിലും വ്യാപകമായ പ്രതിഷേധത്തിന് കാരണമായി.
എന്നാൽ കഴിഞ്ഞ ദിവസം ബ്രിട്ടീഷ് മാധ്യമമായ ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിൽ, വിരമിച്ച വനിതാ പുരോഹിതയുടെ അറസ്റ്റിനെയും പൊലീസ് പെരുമാറ്റത്തെയും ലണ്ടൻ പോലീസ് മേധാവി മാർക്ക് റൗളി ന്യായീകരിച്ചു. നിങ്ങൾക്ക് 18 വയസോ 80 വയസോ ആകട്ടെ, നിയമത്തിന് പ്രായപരിധിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘നിരോധിത സംഘടനകളെ പിന്തുണക്കുകയാണെങ്കിൽ, ഞങ്ങൾ നിയമം നടപ്പിലാക്കും. ഞങ്ങളുടെ ഉദ്യോഗസ്ഥർ വളരെ ശ്രദ്ധയോടെയും ആ വ്യക്തിയുടെ അന്തസ്സിന് കോട്ടം വരുത്താത്ത തരത്തിലുമാണ് അറസ്റ്റ് ചെയ്തതെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. പക്ഷേ അവർ ഗുരുതരമായ ഒരു നിയമം ലംഘിക്കുകയാണ് ചെയ്തത്. നിങ്ങൾക്ക് 18 വയസോ 80 വയസോ ആകട്ടെ, നിയമത്തിന് പ്രായപരിധിയില്ല,’ മാർക്ക് റൗളി പറഞ്ഞു.
സംഭവത്തിൽ ഗ്രീൻ പാർട്ടി നേതാവായ സാക്ക് പോളാൻസ്കി മാർക്ക് റൗളിയെ രൂക്ഷമായി വിമർശിച്ചു. റൗളിയെ പൊലീസ് മേധാവിയായി നിയമിച്ചതിന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമറെയും പൊളാൻസ്കി ശക്തമായി വിമർശിച്ചു.
‘നമ്മുടെ ഗവൺമെന്റ് സജീവ പങ്കാളികളായ ഒരു വംശഹത്യയെ എതിർക്കുമ്പോൾ, പ്ലക്കാർഡുകളുമായി പിന്തുണ അറിയിച്ച ആളുകളെ അറസ്റ്റ് ചെയ്യുന്നവരുടെ മനസിലെ ദുഷ്ടത ഗൗരവമുള്ള പ്രശ്നമാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്റ്റാർമറാണവനെ ഈ സ്ഥാനത്ത് എത്തിച്ചത്,’ അദ്ദേഹം വിമർശിച്ചു.
ഗസക്കെതിരായ ഇസ്രഈലിന്റെ യുദ്ധത്തിന് യു.കെ നൽകുന്ന പിന്തുണയിൽ പ്രതിഷേധിച്ച് കഴിഞ്ഞ മാസം ഫലസ്തീൻ ആക്ഷൻ പ്രവർത്തകർ ഒരു സൈനിക താവളത്തിലേക്ക് അതിക്രമിച്ച് കയറി രണ്ട് വിമാനങ്ങളിൽ ചുവന്ന പെയിന്റ് തളിച്ചിരുന്നു. പിന്നാലെ പാർലമെന്റ് സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാനും നിരോധിക്കാനും വോട്ടെടുപ്പ് നടത്തി.
തുടർന്ന് ജൂലൈ അഞ്ചിന് അർദ്ധരാത്രി മുതൽ ബ്രിട്ടീഷ് സർക്കാർ ഫലസ്തീൻ ആക്ഷനെ ഭീകര സംഘടനയുടെ പട്ടികയിൽ ഔദ്യോഗികമായി ഉൾപ്പെടുത്തി. നിരോധനം നിലവിൽ വന്നതോടെ ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പിൽ അംഗത്വമെടുക്കുന്നതും ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നതും 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനൽ കുറ്റമായി മാറി.
Content Highlight: London police chief slammed for defending arrest of 83-year-old priest at anti-Israel rally