ലണ്ടന്‍: ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ചതിന് 84 കാരിയായ വൈദികയെ അറസ്റ്റ് ചെയ്ത് ലണ്ടന്‍ പൊലീസ്. ഹെര്‍ബറിയിലെ വിരമിച്ച ആംഗ്ലിക്കന്‍ പുരോഹിതയും മുന്‍ കന്യാസ്ത്രീയുമായ സൂ പാര്‍ഫിറ്റിനെയാണ് അറസ്റ്റ് ചെയ്തത്.
ഭീകരവിരുദ്ധ നിയമ നിര്‍മാണത്തിലൂടെ ഫലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ നിരോധിച്ചതിന്റെ ഒരു വര്‍ഷം തികയുന്ന ദിവസം നടത്തിയ പ്രതിഷേധ റാലിക്കിടെയായിരുന്നു അറസ്റ്റ്.
സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കൊണ്ട് സൂ പാര്‍ഫിറ്റ് ഉള്‍പ്പെടെ പതിനാലോളം പേര്‍ രംഗത്തെത്തിയിരുന്നു.
യു.കെയുടെ ഭീകരവിരുദ്ധ നിയമത്തിലെ സെക്ഷന്‍ 12 പ്രകാരമാണ് അറസ്റ്റ്. നിരോധിക്കപ്പെട്ട ഒരു സംഘടനയെ പരസ്യമായി പിന്തുണയ്ക്കുകയോ അവര്‍ക്കായി ആളുകളെ ക്ഷണിക്കുകയോ ചെയ്യുന്നത് യു.കെയില്‍ വലിയ കുറ്റമായാണ് കണക്കാക്കുന്നത്.
വൈദിക വസ്ത്രം ധരിച്ച് എത്തിയ പാര്‍ഫിറ്റ് ‘ഞാന്‍ വംശഹത്യയെ എതിര്‍ക്കുന്നു’ എന്ന പ്ലക്കാര്‍ഡ് ഏന്തിയാണ് പ്രതിഷേധിച്ചത്.
ഗസയിലെ നെതന്യാഹു ഭരണകൂടത്തിന്റെ ആക്രമണങ്ങള്‍ അതിന്റെ പാരമ്യത്തില്‍ നില്‍ക്കുന്ന സമയത്ത് ഇസ്രഈല്‍ സൈന്യത്തിന് ആയുധങ്ങള്‍ വിതരണം ചെയ്യുന്ന യു.കെ ആസ്ഥാനമായുള്ള ഒരു ഇസ്രഈലി ആയുധ നിര്‍മാണ ഫാക്ടറിയില്‍ ഫലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ കടന്നുകയറി പ്രതിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഘടനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. അറസ്റ്റിന് മുന്‍പ്, ‘ജീവവന്‍ രക്ഷിക്കുന്നത് ഭീകരവാദമല്ല’ എന്ന് എഴുതിയ ബാനറുകളേന്തിയാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്.
‘ ഈ പ്രായത്തിലും ശാരീരിക അസ്വാസ്ഥ്യങ്ങള്‍ക്കിടയിലും എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? വളരെ കുറച്ചു കാര്യങ്ങള്‍ മാത്രം. ഫലസ്തീന്‍ ജനതയെ പിന്തുണയ്ക്കാന്‍ എന്നാലാവുന്നത് ഞാന്‍ ചെയ്യുന്നു. അതിനായി എനിക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം ‘ഫലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ പിന്തുണയ്ക്കുക എന്നതാണ്. കാരണം, അവിടെ വംശഹത്യയ്ക്ക് കാരണമാകുന്ന ആയുധങ്ങള്‍ തകര്‍ക്കാന്‍ മാത്രം ധൈര്യം കാണിച്ചവരാണ് അവര്‍. അതുകൊണ്ട് നിങ്ങളോടും ഞാന്‍ ഫലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു,’ റാലിക്കിടെ നടത്തിയ പ്രസംഗത്തില്‍ വൈദിക പറഞ്ഞു.
ഈ പ്രസംഗത്തിന് പിന്നാലെയായിരുന്നു പൊലീസ് പാര്‍ഫറ്റിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇവരുടെ ബാഗ് പരിശോധിച്ച പൊലീസ് ഒരു ബൈബിളും പത്രവും ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ കണ്ടെടുത്തു.
യു.കെയുടെ പുതിയ നിയമങ്ങള്‍ പ്രകാരം, നിരോധിത സംഘടനകളെ പിന്തുണയ്ക്കുന്നവര്‍ക്ക് 14 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുന്നത്. വംശഹത്യയ്ക്കെതിരെയുള്ള സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള പൊലീസിന്റെ ഇത്തരം ശ്രമങ്ങള്‍ക്ക് തിരിച്ചടിയുണ്ടാകുമെന്ന് പ്രതിഷേധത്തിന്റെ സംഘാടകര്‍ വ്യക്തമാക്കി.
Content Highlight:London police arrest 84-year-old nun for declaring support for a pro-Palestine organization.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.