ഉമ്മ വെക്കാന്‍ ആവശ്യപ്പെട്ടു; നിരസിച്ച സ്വവര്‍ഗ സ്ത്രീ പങ്കാളികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
World News
ഉമ്മ വെക്കാന്‍ ആവശ്യപ്പെട്ടു; നിരസിച്ച സ്വവര്‍ഗ സ്ത്രീ പങ്കാളികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 8th June 2019, 11:13 am

ലണ്ടന്‍: ബസ് യാത്രക്കാര്‍ക്കിടെ സ്വവര്‍ഗ സ്ത്രീ പങ്കാളികളെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. ലണ്ടനിലെ വെസ്റ്റ് ഹാംപ് സ്റ്റഡിലാണ് സംഭവം. രാത്രി ബസില്‍ യാത്ര ചെയ്യവേ ഒരു സംഘം ഇവരോട് പരസ്പരം ഉമ്മ വെക്കാന്‍ ആവശ്യപ്പെടുകയായിരുന്നെന്നും എന്നാല്‍ ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ആക്രമിച്ചതെന്നും ആക്രമണത്തിന് ഇരയായവരില്‍ ഒരാള്‍ പറഞ്ഞു.

അക്രമണത്തിന് ശേഷം സംഘം ബസില്‍ നിന്നും ഇറങ്ങി ഓടി. സ്ത്രീകള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒപ്പം മൊബൈല്‍ഫോണും ബാഗും കളവുപോയിട്ടുണ്ട്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്വവര്‍ഗ പങ്കാളികളാണെന്ന് മനസ്സിലായതോടെ സംഘം ഇവരെ ശല്യം ചെയ്യുകയായിരുന്നുവെന്ന് സ്തീകളിലൊരാളായ മെലാനിയ ഗെയ്‌മോനറ്റ് ബി.ബി.സി റേഡിയോവിനോട് പറഞ്ഞു.

ഇരുവരും ബസിന്റെ മുന്‍ നിരയില്‍ ഇരിക്കുകയായിരുന്നു. നാല് പേരടങ്ങുന്ന പുരുഷന്മാരുടെ സംഘം ഇവരെ ഉപദ്രവിക്കുകയായിരുന്നെന്ന് പൊലീസും സ്ഥിരീകരിച്ചു.

സംഭവത്തില്‍ 15 നും 18 നും ഇടയില്‍ പ്രായമുള്ള രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.