എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാതിക്രമം തടയല്‍: ബില്‍ ലോക്‌സഭ പാസാക്കി
എഡിറ്റര്‍
Wednesday 20th March 2013 12:15am

ന്യൂദല്‍ഹി: ലൈംഗികാതിക്രമ വിരുദ്ധ ബില്‍ ലോക്‌സഭ പാസാക്കി. ആറ് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ബില്‍ പാസ്സാക്കിയത്.

Ads By Google

പൂവാലശല്യം ജാമ്യമില്ലാ കുറ്റമായി വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ബില്‍. പൂവാലന്മാര്‍ക്ക് ഒരു വര്‍ഷം മുതല്‍ അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കും. സ്ത്രീകളെ തുറിച്ചുനോക്കുക, പിന്നാലെ നടക്കുക, സ്ത്രീകളുടെ ഫോണ്‍ വിളി, ഇമെയില്‍ തുടങ്ങിയവ നിരീക്ഷിക്കുക തുടങ്ങിയവയാണ് പൂവാല ശല്യമായി കണക്കാക്കുക.

ഇന്ത്യന്‍ ശിക്ഷാനിയമം, ക്രിമിനല്‍ നടപടിച്ചട്ടം, തെളിവുനിയമം, കുട്ടികള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം തുടങ്ങിയവയില്‍ ഭേദഗതി വരുത്തിയുള്ള ബില്ലാണ് അവതരിപ്പിച്ചത്. ബലാത്സംഗത്തിനിടെ ഇര മരിക്കുകയോ ജീവച്ഛവമാവുകയോ ചെയ്യുന്ന കേസുകളില്‍ വധശിക്ഷയോ 20 കൊല്ലംവരെ തടവുശിക്ഷയോ ജീവിതാവസാനം വരെ തടവോ ആണ് ശുപാര്‍ശചെയ്യുന്നത്.

എല്ലാ പോലീസ്‌സ്‌റ്റേഷനുകളിലും വനിതാ പോലീസ്ഉദ്യോഗസ്ഥരെ നിയമിക്കും. ഡല്‍ഹിയിലെ പോലീസ്‌സ്‌റ്റേഷനുകളിലും കുറഞ്ഞത് നാല് വനിതാ പോലീസുകാരെ നിയമിക്കാന്‍ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു.

ജസ്റ്റിസ് വര്‍മ സമിതിയുടെ ശുപാര്‍ശകള്‍കൂടി കണക്കിലെടുത്ത് ഫിബ്രവരി മൂന്നിന് ക്രിമിനല്‍ നിയമത്തില്‍ ഭേദഗതിവരുത്തി ഇറക്കിയ ഓര്‍ഡിനന്‍സിന് പകരമാണ് ബില്‍ സുശീല്‍കുമാര്‍ ഷിന്‍ഡെ അവതരിപ്പിച്ചത്.

സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനുള്ള പ്രായം 16 വയസ്സാക്കി കുറച്ചുള്ള ബില്ലാണ് മന്ത്രിസഭ കഴിഞ്ഞയാഴ്ച അവതരിപ്പിച്ചത്. എന്നാല്‍, ഈ നിര്‍ദേശത്തെ ബി.ജെ.പി.യും സര്‍ക്കാറിനെ പിന്തുണയ്ക്കുന്ന സമാജ്‌വാദി പാര്‍ട്ടിയും ആര്‍.ജെ.ഡി.യും എതിര്‍ത്തതോടെ 18 വയസ്സാക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഒളിഞ്ഞുനോട്ടത്തിന് ആദ്യമായി പിടിയിലാകുന്നവര്‍ക്ക് ജാമ്യത്തിന് വ്യവസ്ഥചെയ്യുന്ന ഭേദഗതിയാണ് സര്‍ക്കാര്‍ കൊണ്ടുവന്നത്.

സ്ത്രീകളുടെ ദേഹത്ത് ആസിഡ് ഒഴിച്ച് വിരൂപമാക്കുന്നത് കടുത്ത കുറ്റമാക്കി. കൂടാതെ ആസിഡ് ആക്രമണ കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ലഭിക്കും. ആസിഡ് ആക്രമണ ശ്രമത്തിന് അഞ്ചു മുതല്‍ ഏഴുവര്‍ഷം വരെ തടവാണ് ശിക്ഷ. അടിയന്തര ചികിത്സ നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന സര്‍ക്കാര്‍/സ്വകാര്യ ആശുപത്രി ജീവനക്കാര്‍ക്ക് ഒരു വര്‍ഷം തടവ് ലഭിക്കും.

മാനഭംഗക്കേസില്‍ ഒരിക്കല്‍ ശിക്ഷിക്കപ്പെട്ടയാള്‍ വീണ്ടും അതേ കുറ്റം ആവര്‍ത്തിച്ചാല്‍ വധശിക്ഷയോ മരണം വരെ കഠിന തടവോ നല്‍കും. മാനഭംഗക്കേസില്‍ ചുരുങ്ങിയ ശിക്ഷ ഏഴുവര്‍ഷം കഠിന തടവാണ്. ഇര കൊല്ലപ്പെടുകയോ, ജീവച്ഛവമാവുകയോ ചെയ്താല്‍ പ്രതിക്ക് ചുരുങ്ങിയ ശിക്ഷ 20 കൊല്ലമായിരിക്കും.

ദല്‍ഹി കൂട്ടമാനഭംഗത്തെ തുടര്‍ന്ന് കൊണ്ടുവന്ന സ്ത്രീ സുരക്ഷാ ഓര്‍ഡിനന്‍സിന്റെ കാലാവധി മാര്‍ച്ച് 22ന് അവസാനിക്കുകയാണ്. അതിന് മുമ്പ് ബില്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനാണ് തിടുക്കത്തില്‍ പാര്‍ലമെന്റില്‍ വെച്ചത്. ബുധനാഴ്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും.

സ്ത്രീകളെ കടത്തിക്കൊണ്ടുപോയി ചൂഷണം ചെയ്യുന്നവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും അഞ്ചു മുതല്‍ എഴുവര്‍ഷം വരെ തടവ് ലഭിക്കും. കുട്ടികളെ കടത്തിക്കൊണ്ടുപോയാല്‍ പ്രതിക്ക് ജീവപര്യന്തം തടവാണ് ശിക്ഷ. ഇത്തരം കേസുകളില്‍ പൊലീസുകാര്‍ ഉള്‍പ്പെട്ടാല്‍ അവര്‍ക്ക് മരണം വരെ കഠിന തടവ് നല്‍കാനും നിര്‍ദേശമുണ്ട്.

പോലീസ്‌സൈനിക ഉദ്യോഗസ്ഥര്‍, ജയില്‍ആസ്പത്രി അധികൃതര്‍ തുടങ്ങിയ അധികാരസ്ഥാനത്തിരിക്കുന്നവര്‍ നടത്തുന്ന ബലാത്സംഗവും കുറ്റകരമാക്കിയിട്ടുണ്ട്.

Advertisement