കൂലി പ്രതീക്ഷക്കൊത്ത് ഉയരാതെ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ അതിഭീകരമായ ട്രോള്‍ ക്യാമ്പയിനാണ് ലോകേഷിന് നേരിടേണ്ടി വന്നത്. സോഷ്യല്‍ മീഡിയയില്‍ നിന്ന് ബ്രേക്കെടുത്ത ലോകേഷ് ഒരുപാട് നാള്‍ പൊതുവേദികളില്‍ പ്രത്യക്ഷപ്പെടാതിരിക്കാനും ശ്രദ്ധിച്ചു. കൂലിക്ക് ശേഷം പല പ്രൊജക്ടുകളില്‍ നിന്ന് ലോകേഷിനെ ഒഴിവാക്കിയെന്നും ചിലത് ഡ്രോപ്പായെന്നുമുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൈതി 2 ഷൂട്ട് ആരംഭിക്കാന്‍ വൈകിയതും പല ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിനിടയിലാണ് അല്ലു അര്‍ജുന്റെ അടുത്ത ചിത്രം ലോകേഷ് സംവിധാനം ചെയ്യുമെന്ന വാര്‍ത്ത പുറത്തുവന്നത്. തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സാണ് ഈ പ്രൊജക്ടിന്റെ നിര്‍മാതാക്കള്‍. കൈതി 2വിന് പകരം അല്ലു അര്‍ജുനൊപ്പം കൈകോര്‍ത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് ലോകേഷ് കനകരാജ്.
‘കൂലിയുടെ റിലീസിന് പിന്നാലെ രജിനി സാറും കമല്‍ സാറും ഒന്നിക്കുന്ന സിനിമ എന്നോട് ചെയ്യാമോ എന്ന് ചോദിച്ചു. പക്ഷേ, കൂലിക്ക് ശേഷം നേരെ കൈതി 2 തുടങ്ങാനായിരുന്നു ഞാന്‍ പ്ലാന്‍ ചെയ്തത്. ഇക്കാര്യം കൈതിയുടെ പ്രൊഡക്ഷന്‍ ഹൗസുമായി ചര്‍ച്ച ചെയ്തപ്പോള്‍ അവര്‍ സമ്മതിച്ചു. അങ്ങനെ രജിനി സാറിനും കമല്‍ സാറിനും വേണ്ടി ഒരു കഥ റെഡിയാക്കി.
എന്നാല്‍ അവര്‍ അതില്‍ ഓക്കെയായില്ല. രണ്ട് പേരും ഒരുപാട് ആക്ഷന്‍ സിനിമകള്‍ ചെയ്തവരാണ്. ഇനി അവര്‍ക്ക് വേണ്ടത് ലൈറ്റായിട്ടുള്ള കഥകളായിരുന്നു. എനിക്ക് അങ്ങനെയുള്ള കഥകള്‍ ഉണ്ടാക്കാനറിയില്ല. അതുകൊണ്ടാണ് രജനി സാറും കമല്‍ സാറും ഒന്നിക്കുന്ന പ്രൊജക്ടില്‍ നിന്ന് ഞാന്‍ പിന്മാറിയത്. ഇനി കൈതി 2 ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ അവിടെ മറ്റൊരു പ്രശ്‌നമുണ്ടായി,’ ലോകേഷ് പറയുന്നു.
രജിനി- കമല്‍ പ്രൊജക്ടിലേക്ക് പോയതുകൊണ്ട് കാര്‍ത്തി തനിക്ക് തന്ന സ്ലോട്ട് മറ്റൊരു സംവിധായകന് കൊടുത്തെന്ന് ലോകേഷ് പറയുന്നു. ആ സിനിമയുടെ ഷൂട്ട് ആരംഭിക്കുകയും ഇതോടെ താന്‍ വെറുതെയിരിക്കുന്ന അവസ്ഥയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോഴാണ് ആറ് വര്‍ഷം മുമ്പ് മൈത്രി മൂവി മേക്കേഴ്‌സ് തനിക്ക് തന്ന അഡ്വാന്‍സിനെക്കുറിച്ച് ഓര്‍മ വന്നതെന്നും അങ്ങനെയാണ് AA23 ഓണായതെന്നും ലോകേഷ് പറഞ്ഞു. ചെന്നൈയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതിന്റെ ഇടയില്‍ ഞാന്‍ ശമ്പളം കൂടുതല്‍ ചോദിച്ചതുകൊണ്ട് കൈതി 2 ഡ്രോപ്പായെന്നും എല്‍.സി.യു ഉപേക്ഷിച്ചെന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പലയിടത്തും കണ്ടു. എല്‍.സി.യു എന്റെ ഉത്തരവാദിത്തമാണ്. അത് ഒരിക്കലും ഉപേക്ഷിക്കില്ല. AA 23ക്ക് ശേഷം നേരെ കൈതി 2വിലേക്ക് കടക്കും,’ ലോകേഷ് കനകരാജ് പറഞ്ഞു.
Content Highlight: Lokesh Kanagaraj explains he didn’t give up Kaithi 2 and LCU