ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍
Kerala News
ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ്: സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 29th January 2022, 6:38 pm

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ് വിഷയത്തില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രതിപക്ഷം ഉന്നയിച്ച പരാതികളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടിയിരിക്കുന്നത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം ഗവര്‍ണറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് പ്രതിപക്ഷം ഗവര്‍ണറെ ധരിപ്പിച്ചത്.

ഇക്കാര്യത്തിലും ഗവര്‍ണര്‍ വിശദീകരണം തേടും. കൂടാതെ ലോകായുക്ത നിയമത്തിലെ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന സര്‍ക്കാര്‍ നിലപാടിന്റെ വിശദാംശങ്ങളും ഗവര്‍ണര്‍ തേടും.

ലോകായുക്ത നിയമ ഭേദഗതയില്‍ നിന്ന് പിന്മാറാന്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനോട് പാര്‍ട്ടി കേന്ദ്ര നേതൃത്വം ആവശ്യപ്പെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു.

ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്യുന്നത് ലോക്പാല്‍, ലോകായുക്ത നിയമങ്ങളെ ശക്തിപ്പെടുത്തുന്നതില്‍ യെച്ചൂരിയും സി.പി.ഐ.എമ്മും സ്വീകരിച്ച പുരോഗമനപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്ന് കത്തില്‍ പറയുന്നു.

സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടുന്നതും അഴിമതിക്കെതിരെ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുവെന്ന് കരുതേണ്ടി വരുമെന്നും വി.ഡി. സതീശന്‍ കത്തിലൂടെ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രിക്കുമെതിരെയുള്ള കേസുകളില്‍ സര്‍ക്കാരിനെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന വിധിയില്‍ നിന്നും രക്ഷപ്പെടാനാണ് ലോകായുക്തയുടെ പല്ലും നഖവും കൊഴിച്ച് നിഷ്‌ക്രിയമാക്കുന്നത്. അതിനാല്‍ ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊല്ലാനുള്ള ഭേദഗതിയില്‍ നിന്നും പിന്‍മാറാന്‍ സി.പി.ഐ.എം നേതൃത്വത്തിലുള്ള സര്‍ക്കാരിനും പാര്‍ട്ടി കേരളഘടകത്തിനും നിര്‍ദ്ദേശം നല്‍കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകായുക്ത നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനുള്ള സര്‍ക്കാര്‍ നീക്കം മുഖ്യമന്ത്രിയെ കേസില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണെന്നും തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും ഇടതുപക്ഷത്തിനുണ്ടെന്നും വി.ഡി. സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. എന്തും ചെയ്യാമെന്ന ധാരണ ഇടതുപക്ഷത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

2019ല്‍ എഴുതിയ ലേഖനത്തില്‍ പല്ലും നഖവുമുള്ള കാവല്‍ നായയാണ് ലോകായുക്ത എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാല്‍ 2022ല്‍ തനിക്കെതിരെ കേസ് വന്നപ്പോള്‍ ഇതിന് മാറ്റമുണ്ടായി. ലോകായുക്തയുടെ പല്ല് പറിച്ചെടുക്കാമെന്ന് മുഖ്യമന്ത്രി കരുതുന്നു. അധികാരം കിട്ടിയപ്പോള്‍ എന്തും ചെയ്യാമെന്ന ധാര്‍ഷ്ട്യമാണ് ഭേദഗതി കൊണ്ടുവരാനുള്ള നീക്കത്തിന് കാരണമെന്നും സതീശന്‍ പറഞ്ഞിരുന്നു.

അതേസമയം, ലോകായുക്ത നിയമം ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കം കേന്ദ്രം ഇടപെടാതിരിക്കാനാണെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞിരുന്നു. നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ, മറിച്ച് ഭരണഘടനാ മൂല്യങ്ങളേയും വ്യവസ്ഥകളേയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ വിശദീകരിക്കുന്നു.

എന്നാല്‍, നിയമസഭ കൂടാന്‍ ഒരു മാസം ബാക്കി നില്‍ക്കെ എന്തുകൊണ്ടാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ ധൃതിയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നേരത്തെ ചോദിച്ചിരുന്നു. ഈ ചോദ്യത്തിന് ആരും മറുപടി നല്‍കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രത്തെ ഉപയോഗിച്ച് സംസ്ഥന സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്തുന്ന സാഹചര്യമുണ്ടെന്ന വാദം അംഗീകരിച്ച കാനം പക്ഷെ അതിനെ നേരിടേണ്ടത് നിയമം ഭേദഗതി ചെയ്തുകൊണ്ടല്ലെന്നും ജനങ്ങളെ അണിനിരത്തിയാണെന്നും പറഞ്ഞിരുന്നു.


Content Highlights: Lokayukta Law Amendment Ordinance: Governor seeks explanation from govt