45 ലക്ഷം കോടിയുടെ ബജറ്റ് ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കി ലോക്‌സഭ
national news
45 ലക്ഷം കോടിയുടെ ബജറ്റ് ഒരു ചര്‍ച്ചയുമില്ലാതെ പാസാക്കി ലോക്‌സഭ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 23rd March 2023, 9:05 pm

ന്യൂദല്‍ഹി: ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് യാതൊരു ചര്‍ച്ചയുമില്ലാതെ പാസാക്കി ലോക്‌സഭ. 45 ലക്ഷം കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ബജറ്റിനാണ് ചര്‍ച്ചകളൊന്നുമില്ലാതെ ലോക്‌സഭ അംഗീകാരം നല്‍കിയത്.

അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്റിറി സമിതിയുടെ അന്വേഷണം ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം പ്രതിഷേധങ്ങള്‍ നടത്തുന്നതിനിടെയാണ് ബജറ്റ് പാസാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സഭയില്‍ സന്നിഹിതനായിരുന്നു.

രാജ്യസഭയിലും ഭരണ-പ്രതിപക്ഷ എംപിമാര്‍ തമ്മില്‍ വാക് പോര് നടത്തിയിരുന്നു.
രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് പ്രസംഗത്തിലെ പരാമര്‍ശത്തില്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷവും അദാനി വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും പ്രതിഷേധമുയര്‍ത്തിയതോടെ ബജറ്റ് സെഷന്റെ രണ്ടാം പാദം ബഹളത്തില്‍ മുങ്ങിയിരുന്നു.

 

ആറ് മണിക്ക് വീണ്ടും സമ്മേളിച്ച ലോക്‌സഭ ചര്‍ച്ചകളൊന്നും കൂടാതെ ബജറ്റ് പാസാക്കുകയായിരുന്നു. വെറും പന്ത്രണ്ട് മിനിറ്റിലാണ് ബജറ്റുമായി ബന്ധപ്പെട്ട സഭാ നടപടികള്‍ പൂര്‍ത്തിയാക്കിയത്. പാര്‍ലമെന്റിലെ നടപടികള്‍ വെട്ടിച്ചുരുക്കിയതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി നടുത്തളത്തിലിറങ്ങി.

ഏപ്രില്‍ ആറ് വരെയാണ് സഭാ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ബജറ്റുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി സഭാ സമ്മേളനം വെട്ടിച്ചുരുക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: Lok Sabha passes Rs 45 lakh crore Budget without debate