നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് വോട്ട് കൊള്ളയിലൂടെ; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
India
നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് വോട്ട് കൊള്ളയിലൂടെ; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 7th November 2025, 2:43 pm

ന്യൂഡല്‍ഹി: നരേന്ദ്രമോദി പ്രധാനമന്ത്രി ആയത് വോട്ട് കൊള്ളയിലൂടെയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വോട്ട് കൊള്ളയ്ക്ക് എതിരെയുള്ള പോരാട്ടം തുടരുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ ജന്‍ സി യുവാക്കള്‍ക്ക് മുന്നില്‍ തങ്ങള്‍ ഇത് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബീഹാറിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുമ്പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

‘നമ്മുടെ കൈവശം ധാരാളം വിവരങ്ങളുണ്ട്; ഈ പ്രക്രിയ ഞങ്ങള്‍ തുടരും. നരേന്ദ്ര മോദി ‘വോട്ട് ചോരി’ യിലൂടെയാണ് പ്രധാനമന്ത്രിയായതെന്നും ബി.ജെ.പി ‘വോട്ട് ചോരി’യില്‍ മുങ്ങിയെന്നും ഇന്ത്യയിലെ ജെന്‍ സി യുവാക്കള്‍ക്ക് മുന്നില്‍ ഞങ്ങള്‍ വ്യക്തമായി കാണിക്കും,’ അദ്ദേഹം പറഞ്ഞു.

ഹരിയാനയില്‍ വലിയതോതില്‍ വോട്ട് കൊള്ള നടന്നുവെന്ന് രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും വ്യാജ വോട്ട്, വ്യാജ ഫോട്ടോ എന്നിവയെ ബി.ജെ.പി ന്യായീകരിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ബ്രസീലിയന്‍ പൗരന്റെ ഫോട്ടോ ഉപയോഗിച്ച് എങ്ങനെയാണ് വോട്ട് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു.

മോദിയും അമിത് ഷായും തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഭരണഘടനയെ ആക്രമിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

‘നരേന്ദ്ര മോദിയും അമിത് ഷായും, തെരഞ്ഞെടുപ്പ് കമ്മീഷനെ കൂട്ടുപിടിച്ച് ഭരണഘടനയെ ആക്രമിക്കുകയാണ്. ഭരണഘടനയില്‍ ‘ഒരു മനുഷ്യന്‍, ഒരു വോട്ട്’ എന്ന് പറയുന്നു. ഹരിയാനയില്‍ ‘ഒരു മനുഷ്യന്‍, ഒരു വോട്ട്’ ഇല്ലായിരുന്നുവെന്ന് കാണിക്കുന്നു. അത് ‘ഒരു മനുഷ്യന്‍, ഒന്നിലധികം വോട്ടുകള്‍’ ആയിരുന്നു… ബീഹാറിലും അവര്‍ അതുതന്നെ ചെയ്യാന്‍ പോകുന്നു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലും ഇത് സംഭവിച്ചു,’ രാഹുല്‍ പറഞ്ഞു.

അതേസമയം വോട്ടുകൊള്ളയെകുറിച്ചുള്ള രാഹുല്‍ ഗാന്ധിയുടെ ആരോപണത്തില്‍ പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല. വോട്ട് കൊള്ളക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ് തയ്യാറെടുക്കുന്നത്.

Content Highlight: Lok Sabha Opposition Leader Rahul Gandhi says Narendra Modi became Prime Minister through vote rigging