യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍; ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ പ്രമേയം
India
യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍; ലോക്‌സഭയില്‍ ഭരണ-പ്രതിപക്ഷ പ്രമേയം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 12th August 2025, 12:40 pm

ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍.

സുപ്രീം കോടതിയുടെ അനുമതിക്ക് പിന്നാലെയാണ് ഇംപീച്ച് നടപടിക്ക് ഒരുങ്ങുന്നത്. ലോക്‌സഭയിലാണ് നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. ഇത് സംബന്ധിച്ച് എം.പിമാര്‍ നല്‍കിയ നോട്ടീസ് സ്പീക്കര്‍ സഭയില്‍ വായിച്ചു.

യശ്വന്ത് വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള മൂന്നംഗ സമിതിയെ പ്രഖ്യാപിച്ചിട്ടുണ്ട്.

സുപ്രീം കോടതിയിലെ ജസ്റ്റിസ് അരവിന്ദ് കുമാര്‍, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദര്‍ മോഹന്‍, മുതിര്‍ന്ന അഭിഭാഷകന്‍ ബി.വി. ആചാര്യ എന്നിവരാണ് മൂന്നംഗ പാനലില്‍ ഉള്‍പ്പെടുന്നത്.

പ്രതിപക്ഷവും ഭരണപക്ഷവും ഒന്നിച്ചാണ് നോട്ടീസ് നല്‍കിയത്. മോദി സര്‍ക്കാരിലെ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയം കൂടിയാണ് ഇത്. കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതുവരെ തുടര്‍ നടപടികള്‍ മാറ്റിവയ്ക്കുന്നതായി സ്പീക്കര്‍ ബിര്‍ള അറിയിച്ചു.

മാര്‍ച്ച് 14 ന് നടന്ന തീപിടുത്തതിന് പിന്നാലെയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് കണക്കില്‍പ്പെടാത്ത വലിയൊരു തുക കണ്ടെത്തിയത്.

വിഷയത്തില്‍ താന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് അസാധുവാക്കണമെന്ന യശ്വന്ത് വര്‍മയുടെ ഹരജി കഴിഞ്ഞ ആഴ്ച സുപ്രീം കോടതി തള്ളിയിരുന്നു.

മാര്‍ച്ച് 21 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രേഖാമൂലം മറുപടിയും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു.

തുടര്‍ന്നായിരുന്നു ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചത്. കേസുമായി ബന്ധപ്പെട്ട ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടെയുള്ള ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് സുപ്രീം കോടതി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ചെയ്തിരുന്നു.

Content Highlight: Lok Sabha forms 3-member panel on proposal to impeach Justice Varma