ബി.ജെ.പിയില്‍ ചങ്കൂറ്റമുള്ളത് നിങ്ങള്‍ക്ക് മാത്രം;  ഗഡ്കരിയെ പ്രശംസിച്ച് രാഹുല്‍
national news
ബി.ജെ.പിയില്‍ ചങ്കൂറ്റമുള്ളത് നിങ്ങള്‍ക്ക് മാത്രം; ഗഡ്കരിയെ പ്രശംസിച്ച് രാഹുല്‍
ന്യൂസ് ഡെസ്‌ക്
Monday, 4th February 2019, 6:28 pm

ന്യൂദല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചങ്കൂറ്റത്തെ പ്രശംസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കുടുംബത്തെ മാന്യമായി നോക്കാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനാകില്ലെന്ന നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഗഡ്കരിയെ പ്രശംസിച്ചത്.

റഫാല്‍ ഇടപാട്, കര്‍ഷക പ്രതിഷേധങ്ങള്‍, വിവിധ ഭരണഘടന സ്ഥാപനങ്ങള്‍ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ എന്നിവയെക്കുറിച്ചും ഗഡ്കരിജി പ്രതികരിക്കണമെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കുടുംബം പോറ്റാന്‍ കഴിയാത്തവര്‍ക്ക് രാജ്യം ഭരിക്കാനുമാകില്ലെന്ന നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശത്തെക്കുറിച്ചുള്ള വാര്‍ത്തയോടൊപ്പമായിരുന്നു രാഹുലിന്റെ ട്വീറ്റ്.

Read Also : കുടുംബത്തെ മാന്യമായി പോറ്റാനാകാത്തവര്‍ക്ക് രാജ്യം ഭരിക്കാനാകില്ല: നിതിന്‍ ഗഡ്കരി

ശനിയാഴ്ച പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേയായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.

നേരത്തേയും ഗഡ്കരി ബി.ജെ.പിയെയും മോദിയേയും പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നടപ്പിലാക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള വാഗ്ദാനങ്ങള്‍ മാത്രമേ ജനങ്ങള്‍ക്ക് നല്‍കാവൂ എന്നും നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളെ കൈകാര്യം ചെയ്യുമെന്നും ഗഡ്കരി പറഞ്ഞിരുന്നു.

പിന്നാലെ നിതിന്‍ ഗഡ്കരിയുടെ പരാമര്‍ശം കോണ്‍ഗ്രസിനെ ലക്ഷ്യം വെച്ചു നടത്തിയതാണെന്ന് വിശദീകരിച്ച് ബി.ജെ.പി തന്നെ  രംഗത്തു  വന്നിരുന്നു.