തദ്ദേശ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന് ഹൈക്കോടതി; വേണ്ടി വന്നാല്‍ അപ്പീല്‍ പോകുമെന്ന് കമ്മീഷന്‍
kERALA NEWS
തദ്ദേശ തെരഞ്ഞെടുപ്പ്; 2019ലെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കണമെന്ന് ഹൈക്കോടതി; വേണ്ടി വന്നാല്‍ അപ്പീല്‍ പോകുമെന്ന് കമ്മീഷന്‍
ന്യൂസ് ഡെസ്‌ക്
Friday, 14th February 2020, 5:13 pm

വരാനിരിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പ് 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടികയുടെ അടിസ്ഥാനത്തില്‍ വേണമെന്ന് ഹൈക്കോടതി. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വോട്ടര്‍പട്ടിക പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക കരടായി ഉപയോഗിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം കോടതി റദ്ദാക്കി. കമ്മീഷന്‍ തീരുമാനം ചോദ്യം ചെയ്ത് നല്‍കിയ ഹരജി തള്ളിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

നാദാപുരം മണ്ഡലം മുസലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കോട്ടേരി, ഫറോക്ക് നഗരസഭ കൗണ്‍സിലര്‍ പി.ആഷിഫ്, കോണ്‍ഗ്രസ് നേതാവ് എന്‍.വേണുഗോപാല്‍ എന്നിവരാണ് ഹരജിക്കാര്‍.

2015 ലെ തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം 2016ല്‍ നിയമസഭയിലേക്കും 2019ല്‍ ലോക്‌സഭയിലേക്കും തെരഞ്ഞെടുപ്പ് നടന്നത് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടി. തദ്ദേശ തെരഞ്ഞെടുപ്പിന് ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക കരടായി പ്രഖ്യാപിക്കണമെന്നായിരുന്നു ഹരജികളിലെ ആവശ്യം.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ലോക്‌സഭ, നിയമസഭ തെരഞ്ഞടുപ്പുകളുടെ വോട്ടര്‍പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികമല്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്.

വോട്ടര്‍പട്ടിക വിഷയത്തില്‍ ഹൈക്കോടതി വിധിപകര്‍പ്പ് കിട്ടിയ ശേഷം അപ്പീല്‍ പോകണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ പറഞ്ഞു. അപ്പീലിന് പോകുമെന്നും തെരഞ്ഞെടുപ്പ് യഥാസമയം നടത്തുമെന്നും ഭാസ്‌കരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെന്നും വോട്ടര്‍പട്ടിക വിഷയത്തില്‍ ഇനി സര്‍ക്കാറുമായി കൂടിയാലോചന നടത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ഡ് പുനര്‍വിഭജന ബില്ലിന് അംഗീകാരം കിട്ടിയാല്‍ അതിന് ആവശ്യമായ നടപടി കമ്മീഷന്‍ എടുക്കുമെന്നും അതിന് അഞ്ച് മാസം വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ഡ് അടിസ്ഥാനത്തിലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നും ബൂത്ത് അടിസ്ഥാനത്തില്‍ തയാറാക്കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പട്ടിക കരടായി സ്വീകരിച്ചാല്‍ അപാകതയുണ്ടാവുമെന്നും കമ്മീഷന്‍ വാദിച്ചു. ഈ വാദത്തില്‍ കാര്യമുണ്ടെന്ന് കണ്ടാണ് സിംഗിള്‍ ബെഞ്ച് കമ്മീഷന്‍ തീരുമാനം ശരിവെച്ചത്.

സമയബന്ധിതമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് കമ്മീഷന് എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്ന്
തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. കമ്മീഷനാണ് ഇനി തീരുമാനം എടുക്കേണ്ടതെന്നും ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകില്ലെന്നും മന്ത്രി പറഞ്ഞു. ‘2019 ലെ പട്ടിക ബൂത്ത് അടിസ്ഥാനത്തിലാണ്. ഇത് വാര്‍ഡ് അടിസ്ഥാനമാക്കി മാറ്റുന്നതിലെ പ്രായോഗികതയാണ് ഉയര്‍ന്നുവന്നത്. വാര്‍ഡ് വിഭജനം വോട്ടര്‍പട്ടികയെ ബാധിക്കില്ല’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

2015ലെ തദ്ദേശ തെരഞ്ഞെടുപ്പ് പട്ടികയില്‍ 2.51 കോടി വോട്ടര്‍മാര്‍ എന്നത് 2019ല്‍ ഇത് 2.62 കോടിയായതും ഹരജിക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യങ്ങളും വിലയിരുത്തിയാണ് ഡിവിഷന്‍ ബെഞ്ച് ഉത്തരവിറക്കിയത്.

വോട്ടര്‍പട്ടിക പുതുക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ദേശിച്ച എല്ലാ നടപടികളും ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണമെന്നാണ് കമ്മീഷന്‍ അറിയിപ്പ്. 2019ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കി വാര്‍ഡ്, നിയോജകമണ്ഡലം തലത്തില്‍ പുതിയ ഡേറ്റാ ബേസ് തയ്യാറാക്കണമെന്നും ഇത് എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്കായി കോടതിയില്‍ ഹാജരായ അഡ്വ. അസഫലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 2019 ലെ വോട്ടര്‍ പട്ടിക അടിസ്ഥാനമാക്കിയാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടത്തേണ്ടതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശമെന്നും അഡ്വ. അസഫലി പറഞ്ഞു.

‘2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടര്‍പട്ടിക നിലനില്‍ക്കെ അത് പരിഗണിക്കാതെ 2015 ലെ തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പരിഗണിച്ചത് അംഗീകരിക്കാന്‍ കഴിയാത്തതാണ്. വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം നിഷേധിച്ച സാഹചര്യത്തിലാണ് ഞങ്ങള്‍ ഹരജിയുമായി മുന്നോട്ട് നീങ്ങിയത്.

ഞങ്ങളുടെ ആവശ്യം ഹൈക്കോടതി സ്വീകരിച്ച സാഹചര്യമാണ് നിലവിലുള്ളത്’, ഹരജിക്കാരനായ നാദാപുരം മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് സൂപ്പി നരിക്കോട്ടേരി ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിച്ചാലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടുന്നതിനും കമ്മീഷന്‍ ആലോചിക്കുന്നുണ്ട്. ഒക്ടോബറില്‍ നടത്താനിരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കാനുള്ള കമ്മീഷന്‍ തീരുമാനത്തെ തള്ളിയാണ് ഹൈക്കോടതി വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്.

2015ലെ പട്ടികയില്‍ പുതിയ പേരുകള്‍ ചേര്‍ക്കുന്ന നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്തി നില്‍ക്കെ വന്ന കോടതി വിധി തിരിച്ചടിയായിട്ടാണ് കമ്മീഷന്‍ കാണുന്നത്. 25000 ത്തോളം ബൂത്തുകള്‍ കേരളത്തിലുണ്ട്. ഈ ബൂത്തുകളിലെ വീടുകളിലെത്തി വീട്ട് നമ്പര്‍ പരിശോധിക്കണം, കരട് പട്ടിക തയ്യാറാക്കണം തുടങ്ങി ഇതുവരെ നടത്തിയ എല്ലാ കാര്യങ്ങളും വീണ്ടും ചെയ്യേണ്ടി വരുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാക്കിയ വോട്ടര്‍ പട്ടികയില്‍ 2020 ഫെബ്രുവരി ഏഴ് വരെ ചേര്‍ത്ത പേരുകള്‍ ഉള്‍പ്പെടുത്തി വോട്ടര്‍ പട്ടിക തയ്യാറാക്കാനാണ് കോടതി നിര്‍ദേശം. ഇക്കാര്യത്തില്‍ കമ്മീഷന് ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2015ന് ശേഷം വോട്ടവകാശം ലഭിക്കുകയും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയിട്ടും വരുന്ന ഇലക്ഷനില്‍ വോട്ട് ചെയ്യാന്‍ അപേക്ഷ നല്‍കേണ്ട ലക്ഷക്കണക്കിന് പേരുടെ പ്രായാസങ്ങള്‍ കൂടി ഹരജിക്കാര്‍ ഉന്നയിച്ചു.