തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്
Kerala
തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴ് ജില്ലകളില്‍ ഇന്ന് വോട്ടെടുപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 6:47 am

കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിന്റെ ആദ്യഘട്ടം ഇന്ന്. രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ആറ് വരെ വോട്ടെടുപ്പ് നടക്കും. ഏഴ് ജില്ലകളാണ് ഇന്ന് (ചൊവ്വ) വിധിയെഴുതുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടും.

595 തദ്ദേശ സ്ഥാപനങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഇതില്‍ 471 ഗ്രാമപഞ്ചായത്തുകളും 75 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 39 മുന്‍സിപ്പാലിറ്റികളും മൂന്ന് കോര്‍പ്പറേഷനുകളും ഉള്‍പ്പെടുന്നു.

ഈ തദ്ദേശ സ്ഥാപനങ്ങളിലേക്കായി ആകെ 11,168 വാര്‍ഡുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 164, മുനിസിപ്പാലിറ്റി വാര്‍ഡ് – 1371, കോര്‍പ്പറേഷന്‍ വാര്‍ഡ് – 233).

11168 വാര്‍ഡുകളിലായി ആകെ 1,32,83,789 വോട്ടര്‍മാരാണ് ഉള്ളത്. സ്ത്രീ വോട്ടര്‍മാരാണ് കൂടുതല്‍. 62,51,219 പുരുഷ വോട്ടര്‍മാരും 70,32,444 സ്ത്രീ വോട്ടര്‍മാരും 126 ട്രാന്‍സ്‌ജെന്‍ഡര്‍മാരും 456 പ്രവാസി വോട്ടര്‍മാരുമാണ് പട്ടികയിലുള്ളത്.

സംസ്ഥാനത്തെ വോട്ടര്‍മാരുടെയും സ്ഥാനാര്‍ത്ഥികളുടെയും എണ്ണത്തില്‍ സ്ത്രീകളാണ് മുന്നില്‍. ജനവിധി തേടുന്ന 36,630 സ്ഥാനാര്‍ത്ഥികളില്‍ 17,056 പേര്‍ പുരുഷന്മാരും 19,573 സ്ത്രീകളുമാണുള്ളത്.

ആദ്യഘട്ടത്തില്‍ 27,141 പേര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്ക് 3366ഉം ജില്ലാപഞ്ചായത്തിലേക്ക് 594 പേരും മുനിസിപ്പാലിറ്റികളിലേക്ക് 4480ഉം കോര്‍പ്പറേഷനുകളിലേക്ക് 1049ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരരംഗത്തുള്ളത്.

നിലവില്‍ എല്ലാ ജില്ലകളിലും മോക്പോളിങ് നടപടികള്‍ പുരോഗമിക്കുകയാണ്. രാവിലെ ആറ് മണി മുതൽ തന്നെ മോക്പോളിങ് ആരംഭിച്ചിരുന്നു. ഇതുവരെ മറ്റു സാങ്കേതിക തടസങ്ങളോ പ്രശ്‌നങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഈ തെരഞ്ഞെടുപ്പില്‍ വിവി പാറ്റും നോട്ടയമുണ്ടാകില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു. മള്‍ട്ടി പോസ്റ്റ് വോട്ടിങ് ഇ.വി.എമ്മുകള്‍ ഉപയോഗിക്കുന്നതിനാല്‍ വിവി പാറ്റ് ഏര്‍പ്പെടുത്തുന്നതില്‍ ബുദ്ധിമുട്ടുകളുണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

രണ്ട് ഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ പതിനൊന്നിന് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ടം. ഡിസംബര്‍ 13ന് വോട്ടെണ്ണല്‍ നടക്കും.

Content Highlight: Local body elections; Voting in seven districts today