തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞൈടുപ്പ് വോട്ടെടുപ്പിന്റെ ആദ്യഘട്ടം നാളെ (ചൊവ്വാഴ്ച)നടക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് നാളെ വോട്ടെടുപ്പ്. രണ്ട് ഘട്ടമായാണ് കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്.
രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ പതിനൊന്നിന് നടക്കും. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് രണ്ടാം ഘട്ടം. വോട്ടെണ്ണല്‍ ഡിസംബര്‍ 13നാണ് നടക്കുക.
തദ്ദേശ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിങ് സ്റ്റേഷനുകളായും വിതരണ സ്വീകരണ കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം അവധി പ്രഖ്യാപിച്ചു. പൊതു അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെണ്ണല്‍ ദിനമായ ഡിസംബര്‍ 13 നും അവധി ആയിരിക്കും.
നാളെ വോട്ടെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എറണാകുളം എന്നീ ജില്ലകളിലെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയതായി സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 7 ന് വോട്ടെടുപ്പ് ആരംഭിക്കും. വൈകുന്നേരം 6 മണിവരെയാണ് വോട്ടെടുപ്പ്.
അദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് 595 തദ്ദേശ സ്ഥാപനങ്ങളിലേക്കാണ്, ഇതില്‍ 471 ഗ്രാമപഞ്ചായത്തുകളും 75 ബ്ലോക്ക് പഞ്ചായത്തുകളും ഏഴ് ജില്ലാ പഞ്ചായത്തുകളും 39 മുന്‍സിപ്പാലിറ്റികളും മൂന്ന് കോര്‍പ്പറേഷനുകളും ഉള്‍പ്പെടുന്നു. ഈ തദ്ദേശ സ്ഥാപനങ്ങളിലേക്കായി ആകെ 11168 വാര്‍ഡുകളിലേയ്ക്കാണ് വോട്ടെടുപ്പ് നടക്കുക (ഗ്രാമ പഞ്ചായത്ത് വാര്‍ഡ് – 8310, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡ് – 1090, ജില്ലാ പഞ്ചായത്ത് വാര്‍ഡ് – 164, മുനിസിപ്പാലിറ്റി വാര്‍ഡ് – 1371 , കോര്‍പ്പറേഷന്‍ വാര്‍ഡ് – 233).